ADVERTISEMENT

‘ഡിങ്കാ.. പറക്കൂ മുത്തേ..’ ഗാലറി ആർത്തുവിളിച്ചു. വിളികേട്ടതോടെ ‘ഡിങ്കൻ’ ശക്തിമരുന്നു കുടിച്ച അവസ്ഥയിലായി. പറന്നുകയറി ഹീറ്റ്സിൽ ഒന്നാമതെത്തി. കോതമംഗലം മാർ ബേസിലിലെ ഒരു താരത്തിന്റെ ചെല്ലപ്പേരാണ് ഡിങ്കൻ.

കക്ഷി മത്സരിക്കാൻ എത്തിയപ്പോഴെല്ലാം ഗാലറിയിൽ നിന്ന് ‘ഡിങ്കാ’ വിളികൾ ഉയർന്നു. ഒരാൾ മാത്രമല്ല, സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യദിനം എല്ലാ താരങ്ങളും ഡിങ്കൻമാരായി! ട്രാക്കിലും ഫീൽഡിലും രാജകീയം പ്രകടനങ്ങൾ. 3 മീറ്റ് റെക്കോർഡുകൾ. കൊടുംചൂടിനെ വെല്ലുന്ന മത്സരച്ചൂടും.

7:15: നെഞ്ചിടിച്ച വീഴ്ച

സുരക്ഷയുടെ ലക്ഷ്മണരേഖ വരച്ചിരുന്നെങ്കിലും സംഘാടകരുടെയും കാണികളുടെയും നെഞ്ചിടിച്ച നിമിഷത്തോടെയാണ് ട്രാക്കുണർന്നത്.

സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ ആദ്യ ലാപ് അവസാനിക്കും മുൻപേ താരങ്ങളിലൊരാൾ കുഴഞ്ഞുവീണു, അൽപനേരം അനക്കമില്ലാതെ കിടന്നു. ട്രാക്കിനെ വേർതിരിച്ച കമ്പ‍ിവേലിക്കു പുറത്ത് നിലവിളികളുയർന്നു. 

sibin

  മെഡിക്കൽ സംഘമെത്തി കുട്ടിയെ പുറത്തേക്കു കൊണ്ടുപോയപ്പോഴാണ് ആശ്വാസ നിശ്വാസങ്ങളുയർന്നത്. 

  പിന്നാലെ മറ്റൊരു കാഴ്ച കണ്ട് ഗാലറിയിൽ നിലയ്ക്കാത്ത കയ്യടി ഉയർന്നു, പരുക്കേറ്റ കാലുമായി കുട്ടി 3000 മീറ്റർ മുടന്തിയോടി പൂർത്തിയാക്കുന്നു.

8:40: ചെല്ലക്കുട്ടികൾ

‘പറങ്കീ.. പാഞ്ഞു കയറിക്കോ..’ ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ മത്സരിക്കുന്ന താരത്തിനു വേണ്ടി ഗാലറിയിൽ തൊണ്ട പൊട്ടിയലറുകയാണ് കോതമംഗലം മാർ ബേസിലിലെ സഹതാരങ്ങൾ.

സ്നേഹം കൂടുമ്പോൾ അവനെ വിളിക്കുന്ന ചെല്ലപ്പേരാണതെന്നു വിശദീകരിച്ചത് മാർ ബേസിലിലെ കായികാധ്യാപിക ശിബി മാത്യു. ഓരോ കുട്ടിയും ട്രാക്കിലിറങ്ങുമ്പോൾ കമ്പിവേലിക്കു പിന്നിൽ നിന്നു സ്നേഹത്താൽ ആർത്തുവിളിക്കുകയാണ് കൂട്ടുകാർ. ‘‍ഡിങ്കൻ, ചങ്കൻ’ തുടങ്ങിയ വിളികളും ഗാലറിക്കു കൗതുകമായി.

12:15: എവിടെ, ആളെവിടെ?

സീനിയർ പെൺവിഭാഗം റിലേക്കായി ടീമുകൾ ട്രാക്കിൽ അണിനിരന്നു കഴിഞ്ഞപ്പോൾ തൃശൂർ ജില്ലാ ടീമിൽ ഒരാളെ ‘കാണാനില്ല.’ ലോങ് ജംപിൽ റെക്കോർഡിട്ട ആൻസി സോജനാണ് കാണാതായ ആൾ.

jump
സീനിയർ ആൺകുട്ടികളുടെ ലോങ്ജംപിൽ റെക്കോർഡോടെ സ്വർണം നേടുന്ന ടി. ജെ. ജോസഫ് (സ്പോർട്സ് അക്കാദമി, പനമ്പള്ളി നഗർ, എറണാകുളം)

എവിടെ പോയെന്നറിയില്ലെന്ന് മത്സരാർഥികൾ പറഞ്ഞപ്പോൾ ടീമംഗങ്ങളും സംഘാടകരും പരിഭ്രമിച്ചു. മൈക്കിൽ അനൗൺസ്മെന്റും മുഴങ്ങി. അൽപനേരം കഴിഞ്ഞപ്പോൾ ട്രാക്കിലൂടെ ആൻസിയതാ ഓടിക്കിതച്ചു വരുന്നു.

ചാനലുകൾ കൂട്ടത്തോടെ നടത്തിയ ഇന്റർവ്യു അവസാനിക്കാൻ വൈകിയതാണ് കാരണം. വഴക്ക‍ുകേൾക്കുമെന്നു പേടിച്ചാണ് എത്തിയതെങ്കിലും സംഘാടകരുടെ പ്രതികരണം ഇങ്ങനെ: ‘റെക്കോർഡുകാരിയല്ലേ, സാരമില്ല.’

1:20 : പുറത്ത് സമരച്ചൂട്

ട്രാക്കിൽ വെയിലിന്റെ തീ ആളുമ്പോൾ വേദിക്കു പുറത്ത് കായികാധ്യാപകരുടെ പ്രതിഷേധവും ആളിക്കത്തുകയായിരുന്നു. കായികാധ്യാപകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണയും പ്രകടനവും. എന്നാൽ, മത്സരങ്ങൾ തടസ്സപ്പെടുത്തിയില്ല. ‘പുസ്തകമുണ്ടേ കുട്ടികളുണ്ടേ, കായികപഠനമെവിടെ സർക്കാരേ..’ എന്ന മുദ്രാവാക്യം പന്തലിൽ മുഴങ്ങി.

2.30: ഉഷയുടെ പിള്ളേരാ..

‘ആ മുന്നിലോടി വരുന്ന കുട്ടികളെ കണ്ടോ, രണ്ടും ഉഷയുടെ പിള്ളേരാ..’ സബ് ജൂനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഫൈനൽ നടക്കുമ്പോൾ കാണികൾക്കിടയിൽ നിന്ന് അഭിമാനസ്വരം. പി.ടി. ഉഷയുടെ ശിഷ്യരായ ശാരിക സുനിൽകുമാറും മയൂഖ വിനോദുമാണ് പരസ്പരം മത്സരിച്ച് സ്വർണവും വെള്ളിയും നേടിയത്. ശാരിക മീറ്റ് റെക്കോർഡുമിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com