അച്ഛനും അമ്മയുമില്ല, വീട് പൊട്ടിപ്പൊളിഞ്ഞു, ആതിര മീറ്റിനെത്തിയത് സമ്മാനമായി കിട്ടിയ സ്പൈക്സിട്ട്...
Mail This Article
കണ്ണൂർ ∙ ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഫൈനലിലെ അവസാന ലാപ്. എതിരാളികളെ മറികടന്നു മുന്നേറുന്നതിനിടെ സഹതാരത്തിന്റെ ചവിട്ടേറ്റ് ട്രാക്കിൽ മുഖമടിച്ചു വീണ കെ.എം.ആതിര എന്ന മത്സരാർഥിയെ സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുപോകുന്നു. സമ്മാനമൊന്നും നേടാതെയുള്ള വീഴ്ച.
പക്ഷേ, ജീവിതത്തിന്റെ ട്രാക്കിൽ അസാധാരണ പോരാട്ടം തുടരുന്ന ആതിരയ്ക്കു തോൽക്കാനാകില്ല. 19നു നടക്കുന്ന ക്രോസ് കൺട്രി മത്സരത്തിൽ മെഡൽ മാത്രമാണു ലക്ഷ്യം.
അച്ഛനും അമ്മയും നഷ്ടപ്പെട്ട ആതിരയ്ക്കും ഇരട്ട സഹോദരി അശ്വതിക്കും തുണ പിതൃസഹോദരി ശാന്തയും സ്കൂളുകാരും സുമനസ്സുകളുമാണ്. 2011 മാർച്ചിൽ പിതാവ് മോഹനൻ അപകടത്തിൽ മരിച്ചു. 3 മാസം തികഞ്ഞപ്പോൾ, മുറ്റമടിക്കുന്നതിനിടെ അമ്മ രോഹിണി കിണറ്റിൽ വീണു മരിച്ചു.
ആതിരയുടെ പ്രകടനം കണ്ട് എളയാവൂർ സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ ശ്രീശൻ കൂടാളി ട്രാക്കിലേക്കു നയിച്ചു. കൂലിപ്പണിയെടുത്താണു ശാന്ത കുടുംബം നോക്കുന്നത്. 10–ാം ക്ലാസുകാരിയായ ആതിരയ്ക്ക് സ്കൂൾ എല്ലാ പിന്തുണയും നൽകുന്നു.
സ്വന്തമായുണ്ടായിരുന്ന കൊച്ചുവീട് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയാണ്. സോഫ്റ്റ്‍ബോളിലെ ദേശീയതാരമായ ആതിരയുടെ മെഡലുകളും സർട്ടിഫിക്കറ്റുകളും സൂക്ഷിച്ചിരിക്കുന്നത് അമ്മായിയുടെ വീട്ടിലാണ്.
പ്രധാന സർട്ടിഫിക്കറ്റുകൾ കായികാധ്യാപകന്റെ വീട്ടിലും. ശ്രീശന്റെ സുഹൃത്തുക്കൾ വാങ്ങി നൽകിയ സ്പൈക്സ് ധരിച്ചാണ് ആതിര മീറ്റിനെത്തിയത്.ഈ കായികമേളയിൽ മെഡൽ നേടിയാൽ കൂലിപ്പണിയെടുത്തു കൂട്ടിവച്ച തുക കൊണ്ടൊരു സമ്മാനം വാങ്ങിത്തരാമെന്നു ശാന്ത ഉറപ്പു കൊടുത്തിട്ടുണ്ട്.
ജീവിതത്തിൽ ഇതുവരെ സ്നേഹസമ്മാനങ്ങളൊന്നും കിട്ടാത്ത ആതിരയ്ക്ക്, താൻ അമ്മയെന്നു വിളിക്കുന്ന ശാന്തയ്ക്കു വേണ്ടി അതു പാലിക്കണം.