ടാറിട്ട റോഡിൽ പരിശീലനം; വിമാനക്കൂലി വസൂൽ, ഹനാൻ സൂപ്പർഫാസ്റ്റ്
Mail This Article
കണ്ണൂർ ∙ ടാറിട്ട റോഡാണ് വി. മുഹമ്മദ് ഹനാന്റെ ‘പരിശീലന ഗ്രൗണ്ട്’. മൂത്ത ജ്യേഷ്ഠനാണ് കോച്ച്. ആദ്യം ഫുട്ബോൾ താരമായി. ഇന്നലെ ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ സ്വർണത്തിലേക്കു മിന്നലായി കത്തിക്കയറിയ ഹനാന്റേത് വേറിട്ട കായിക ജീവിതമാണ്.
നാലുവർഷം മുൻപ് മലപ്പുറം എംഎസ്പി സ്കൂളിനു വേണ്ടി ഡൽഹിയിൽ നടന്ന സുബ്രതോ കപ്പിൽ ഗോളടിച്ച താരം സംസ്ഥാന സ്കൂൾ കായികമേളയിലും സ്വർണം നേടിയിരിക്കുന്നു. മകന്റെ മത്സരം കാണാൻ ഗൾഫിൽ നിന്നു 10 ദിവസത്തെ അവധി കഷ്ടപ്പെട്ടു തരപ്പെടുത്തി എത്തിയ ഉപ്പ കരീമിനും ആഹ്ലാദ നിമിഷം.
താനൂർ ഡിജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയായ ഹനാൻ സ്വർണ നേട്ടത്തിനു നന്ദി പറയുന്നത് മൂത്ത ജ്യേഷ്ഠൻ മുഹമ്മദ് ഹർഷാദിനോടാണ്. സുബ്രതോ കപ്പിൽ ഗോളടിച്ച അണ്ടർ 14 ടീമംഗം എന്ന നിലയിൽ ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ച മുഹമ്മദ് ഹനാനെ അത്‌ലറ്റിക്സിലേക്കു തിരിച്ചുവിട്ടത് ഹർഷാദാണ്. കാലിക്കറ്റ് സർവകലാശാലയിൽ കായികാധ്യാപക വിദ്യാർഥിയായ ഹർഷാദ്, സഹോദരങ്ങളായ ആഷിഖിനെയും ഹനാനെയും പരിശീലിപ്പിച്ചു തുടങ്ങി. വീടിനു സമീപത്തെങ്ങും മൈതാനമില്ലാത്തതു കൊണ്ട് റോഡിലായിരുന്നു പരിശീലനം. അങ്ങനെ ഫുട്ബോളിലെ വിങ് ബാക്ക് അത്‍ലറ്റിക്സിലെ സ്പ്രിന്ററായി.
മകനെ പ്രോൽസാഹിപ്പിക്കാൻ ഇത്തവണ നേരിട്ടെത്തുമെന്ന് കരീം തീരുമാനിച്ചു. ഒരു ദിവസം മുൻപാണ് നാട്ടിലെത്തിയത്. പിതാവിന്റെ ആഗ്രഹം പോലെ 11.36 സെക്കൻഡിൽ സ്വർണത്തിലേക്ക് ഹനാനും പറന്നു.