മകളും ശിഷ്യയും ചേർന്ന് ഈ ‘ടീച്ചറമ്മ’യ്ക്ക് സമ്മാനിച്ചത് 2 സ്വർണം
Mail This Article
കണ്ണൂർ ∙ ബ്ലെസിക്ക് അമ്മ മാത്രമല്ല, ‘വീട്ടിലെ ടീച്ചർ’ കൂടിയാണ് ആൻസി. ലിജിക്കു ടീച്ചർ മാത്രമല്ല, ‘സ്കൂളിലെ അമ്മ’ കൂടിയാണ് ആൻസി. സംസ്ഥാന സ്കൂൾ കായികമേളയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ 2 സ്വർണമാണ് ഈ ‘ടീച്ചറമ്മ’യുടെ കുട്ടികൾ ഇന്നലെ നേടിയത്. പാലക്കാട് പാലക്കയം കാർമൽ യുപി സ്കൂൾ അധ്യാപികയായ പി.കെ.ആൻസിയുടെ മകൾ ബ്ലെസി കുഞ്ഞുമോൻ സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ സ്വർണം നേടിയപ്പോൾ ശിഷ്യ ലിജി സാറാ മാത്യു സബ്ജൂനിയർ ഡിസ്കസ് ത്രോയിലെ ചാംപ്യനായി.
പാലക്കയം സ്വദേശിനിയായ ലിജിയെ ട്രാക്കിലേക്കു കൊണ്ടുവന്നതു 2 വർഷം അവളുടെ ക്ലാസ് ടീച്ചറായിരുന്ന ആൻസിയാണ്. ലിജിയിലെ കായിക പ്രതിഭയെ തിരിച്ചറിഞ്ഞ അധ്യാപിക ഈ വർഷമാദ്യം അവളെ മണീട് ജിഎച്ച്എസ്എസിലേക്ക് എത്തിച്ചു. വെറും 5 മാസത്തെ പരിശീലനത്തിന്റെ ബലത്തിൽ സംസ്ഥാന സ്വർണം നേടിയാണു ലിജി തന്റെ അധ്യാപികയ്ക്ക് ഇന്നലെ ഗുരുദക്ഷിണ നൽകിയത്.
മണീട് സ്കൂളിലെ പോൾവോൾട്ട് താരമായ മകൾ ബ്ലെസി കുഞ്ഞുമോൻ തന്റെ അവസാന സ്കൂൾ മീറ്റിൽ സ്വർണം നേടിയും അമ്മയ്ക്കു സമ്മാനം നൽകി. കഴിഞ്ഞ രണ്ടു സംസ്ഥാന മീറ്റുകളിലും രണ്ടാം സ്ഥാനത്തായതിന്റെ നിരാശ മാറ്റുന്നതായിരുന്നു ബ്ലെസിയുടെ വിജയം. ബ്ലെസി 3.10 മീറ്റർ ചാടിയപ്പോൾ തൊട്ടുപിന്നിലെത്തിയ താരത്തിനു പിന്നിടാനായതു 2.70 മീറ്റർ മാത്രം.