ADVERTISEMENT

കേരളത്തിലെ അത്‍ലറ്റിക് അക്കാദമികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ എന്തു ചെയ്യാം? ‘സ്വർണത്തിന് പൊന്നുംവില’ പരമ്പര കേരളത്തിലെ അത്‍ലറ്റിക് അക്കാദമികളും കായിക കളരികളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ആദ്യമായി പുറംലോകത്തെ അറിയിച്ചു. അക്കാദമികളുടെ നിലനിൽപിനായി നിർദേശങ്ങൾ പങ്കുവയ്ക്കുകയാണു വിദഗ്ധരും കായിക സംഘാടകരും.

സഹായം നൽകാൻ സായ് തയാർ

നാട്ടിൻപുറങ്ങളിലെ അക്കാദമികൾക്ക് എല്ലാ പിന്തുണയും നൽകാൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) പ്രതിജ്ഞാബദ്ധമാണ്. അക്കാദമികൾ പദ്ധതികളുമായി സമീപിച്ചാൽ സഹായത്തെക്കുറിച്ച് സംസാരിക്കാം.

ഇപ്പോൾ അത്തരത്തിലുള്ള ആശയവിനിമയം നടക്കുന്നില്ല. സായ് കേന്ദ്രങ്ങളിൽ മികച്ച സൗകര്യങ്ങളുണ്ട്. അക്കാദമികളിലെ കുട്ടികൾക്കായി അത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താം. നിലവിൽ ചില സ്കൂളുകൾക്കും അക്കാദമികൾക്കും സായിയുടെ സഹായം ലഭിക്കുന്നുണ്ട്.

ഖേലോ ഇന്ത്യ പോലെയുള്ള പദ്ധതികൾ വേറെയുമുണ്ട്. ചർച്ചകളിലൂടെ ഏതു പ്രതിസന്ധിക്കും പരിഹാരം കാണാം.

∙ ഡോ. ജി.കിഷോർ സായ് മേഖലാ ഡയറക്ടർ

ഭരണതലപ്പത്ത് കായിക തൽപരർ വരണം

സ്പോർട്സിനോടു താൽപര്യമുള്ളവർ ഭരണരംഗത്തുണ്ടെങ്കിലേ ട്രാക്കിലും ഫീൽഡിലും ക്രിയാത്മക മാറ്റങ്ങൾ സാധ്യമാകൂ. പുറമേ മമത കാണിച്ചിട്ട് ഒരു കാര്യവുമില്ല. കായികമേഖലയുമായി ബന്ധപ്പെട്ട വകുപ്പുകളിലും താക്കോൽ സ്ഥാനങ്ങളിലും കായികതൽപരരെ സ്ഥിരമായി നിയോഗിക്കണം. ഇടയ്ക്കിടെ മാറ്റം വരുത്താൻ പാടില്ല.

നിയമത്തിന്റെ നൂലാമാലകൾ നോക്കാതെ സഹായം അനുവദിക്കാനുള്ള വഴി കണ്ടുപിടിക്കണം. സഹായവുമായി പടി കയറിയെത്തുന്നവരെ സ്പോർട്സ്മാൻ സ്പിരിറ്റോടെ കൈകാര്യം ചെയ്യണം; ആട്ടിപ്പായിക്കാൻ പാടില്ല. ആവശ്യക്കാർക്കു പണം അനുവദിക്കണം.

പിശുക്കു കാണിച്ചാൽ ഒളിംപിക്സിൽ മെഡലൊന്നും കിട്ടാൻ പോകുന്നില്ല. ഏത് ഇനത്തിലായാലും സ്പെഷലൈസ്ഡ് അക്കാദമികളാണു വേണ്ടത്. അവയുടെ പ്രോൽസാഹനം സർക്കാർ പരിപാടിയുടെ ഭാഗമാക്കണം.

∙ ജിജി തോംസൺ, സായ് മുൻ ഡയറക്ടർ ജനറൽ

സ്കോളർഷിപ് ആലോചനയിൽ

സ്വകാര്യ അക്കാദമികളിലെ താരങ്ങൾക്കു സ്കോളർഷിപ് അനുവദിക്കുന്നതുപോലെയുള്ള ചില കാര്യങ്ങളെപ്പറ്റി കൗൺസിൽ, സർക്കാർ തലങ്ങളിൽ ചർച്ചകളൊക്കെ നടന്നിരുന്നു. ചർച്ചകൾ തുടരും. പദ്ധതിവിഹിതത്തിൽനിന്നു കായികമേഖലയിൽ പണം ചെലവാക്കാൻ പഞ്ചായത്തുകൾക്ക് അനുവാദമുള്ളതാണ്. 

അക്കാദമികളെ സഹായിക്കാൻ ഗ്രാമപഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും രംഗത്തിറങ്ങണം. രാഷ്ട്രീയ, യുവജന സംഘടനകൾക്കും ആ ദൗത്യം ഏറ്റെടുക്കാവുന്നതേയുള്ളൂ.

∙ ഒ.കെ.വിനീഷ്, വൈസ് പ്രസിഡന്റ്, കേരള സ്പോർട്സ് കൗൺസിൽ

തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് അനുവദിക്കണം

ദേശീയ അത്‍ലറ്റിക് ഫെഡറേഷന്റെ കോഴ്സുകളിൽ പങ്കെടുക്കാൻ അക്കാദമികളിലെ പരിശീലകർ മുന്നോട്ടുവരണം. പ്രാദേശികമായി ഫണ്ട് സമാഹരിച്ചാലേ ഇവയ്ക്കു നിലനിൽപുള്ളൂ. 

തദ്ദേശസ്ഥാപനങ്ങൾക്ക് ഇവയെ സഹായിക്കാൻ കഴിയും. വാർഷിക പദ്ധതിയിൽ കായികമേഖലയ്ക്കായി തുക നീക്കിവയ്ക്കുമ്പോൾ അക്കാദമികളെ സഹായിക്കാനുള്ള മനസ്സ് തദ്ദേശസ്ഥാപന അധികൃതർ കാണിക്കണം.

∙ പി.ഐ.ബാബു, സെക്രട്ടറി, കേരള അത്‍ലറ്റിക്  അസോസിയേഷൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com