ADVERTISEMENT

അണ്ടർ 13 സാഫ് ഫുട്ബോളിൽ ഇന്ത്യൻ ടീമിൽ കളിച്ച അപർണ റോയിയുെട ചിത്രമാണിത്. അതേ അപർണ ഇന്ന് ഇന്ത്യയിലെ കൗമാര ഹർഡിൽസ് താരങ്ങളുടെ മുൻനിരയിൽ ഉണ്ടെങ്കിൽ കാരണം ഒന്നേയുള്ളൂ: കോഴിക്കോട് പുല്ലൂരാംപാറയിലെ മലബാർ സ്പോർട്സ് അക്കാദമി.

മലബാർ അക്കാദമി ഇല്ലായിരുന്നുവെങ്കിൽ അപർണ ട്രാക്കിലെത്തില്ലായിരുന്നു; ഹർഡ്‍ലർ ആകില്ലായിരുന്നു. ഒരു താരത്തിന്റെ യഥാർഥ കഴിവ് കണ്ടറിഞ്ഞ് വഴിതിരിച്ചുവിടുന്നതിൽ കേരളത്തിലെ അത്‍ലറ്റിക് അക്കാദമികളും സ്കൂളുകളും എന്തുമാത്രം പങ്കുവഹിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.

കോഴിക്കോട്ടെ തിരുവമ്പാടി പഞ്ചായത്തിലെ ചെറിയൊരു ഗ്രാമമായ പുല്ലൂരാംപാറയെ കേരളത്തിന്റെ കായിക ഭൂപടത്തിൽ അടയാളപ്പെടുത്തിയതു മലബാർ സ്പോർട്സ് അക്കാദമിയാണ്. 2004ൽ തുടങ്ങുമ്പോൾ കയ്യിലുണ്ടായിരുന്നത് 32 അംഗങ്ങളിൽനിന്ന് അംഗത്വ ഫീസായി പിരിച്ചെടുത്ത 32,000 രൂപ. 

പ്രദേശത്തെ 20ൽ താഴെ കുട്ടികളുമായി തുടക്കം. പതിയെപ്പതിയെ കുട്ടികളുടെ എണ്ണം കൂടി. ഇപ്പോൾ ജില്ലയിലെ കുട്ടികൾക്കു പുറമേ മലബാറിലെ മറ്റിടങ്ങളിൽനിന്നുള്ള കുട്ടികളും ഇവിടെയുണ്ട്. പാലായിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂൾ 2–ാം സ്ഥാനത്തെത്തിയതു മലബാർ അക്കാദമിയുടെ കരുത്തിലാണ്. 

aparnaroy
അപർണ റോയി

അപർണ റോയി, ലിസ്ബത്ത് കരോളിൻ ജോസഫ് തുടങ്ങിയ താരങ്ങളെ കായിക കേരളത്തിനു സംഭാവന ചെയ്തതും പുല്ലൂരാംപാറയാണ്. എംഎൽഎയുടെയും ത്രിതല പഞ്ചായത്തുകളുടെയും ഊരാളുങ്കൽ സൊസൈറ്റി പോലെയുള്ള പ്രസ്ഥാനങ്ങളുടെയും സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും അതുകൊണ്ടുമാത്രം കാര്യങ്ങൾ മുന്നോട്ടു നീക്കാൻ പറ്റുന്നില്ല. 

അവിടെയാണു മലബാർ അക്കാദമിയുടെ കൂട്ടായ്മയുടെ കരുത്ത്. നിർവാഹക സമിതിയിലും ജനറൽ ബോഡിയിലുമായി നൂറോളം പേരുണ്ട്. അവർക്കിടയിൽ ചിട്ടി നടത്തുന്നുണ്ട്. 

ചിട്ടിയുടെ ലാഭം അക്കാദമിയുടെ പ്രവർത്തനത്തിനു ചെലവാക്കും. ഇവിടെ പരിശീലനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തി സ്പോർട്സ് പിടിഎ രൂപീകരിച്ചിട്ടുമുണ്ട്. പ്രതിസന്ധികളുണ്ടാകുമ്പോൾ പിടിഎ രംഗത്തിറങ്ങും; ഫണ്ട് സമാഹരിക്കും.ജോസ് മാത്യു ചെയർമാനും ടി.ടി.കുര്യൻ കൺവീനറുമായി പ്രവർത്തിക്കുന്ന അക്കാദമിയും പ്രസിഡന്റ് പി.കെ.സോമൻ ചുക്കാൻ പിടിക്കുന്ന സ്പോർട്സ് പിടിഎയും മുഖ്യപരിശീലകൻ ടോമി ചെറിയാന്റെ നേതൃത്വത്തിൽ പരിശീലനം മുന്നോട്ടു കൊണ്ടുപോകുന്നു. കഴിഞ്ഞ 3 വർഷമായി അണ്ടർ 13, 11 വിഭാഗങ്ങളിലായി മിനി മീറ്റ് സംഘടിപ്പിക്കുന്നു.

ഇപ്പോൾ 10 ലക്ഷത്തോളം രൂപ കടമുണ്ട്. എങ്കിലും, നാടൊന്നാകെ കൂടെയുള്ളപ്പോൾ പ്രതീക്ഷയുടെ ട്രാക്കിൽ കുതിക്കുകയാണു പുല്ലൂരാംപാറ.

അഞ്ജു വന്ന വഴി

കോരുത്തോട് സികെഎം എച്ച്എസ്എസിൽ കായിക പരിശീലനത്തിനു തുടക്കമിടുമ്പോൾ മാസം 800 രൂപ വീതമാണ് ഓരോ കുട്ടിയുടെയും ഭക്ഷണത്തിനായി കെ.പി.തോമസ് ചെലവാക്കിയിരുന്നത്.

എന്നാൽ, ഇപ്പോൾ ലോക മലയാളി കൗൺസിൽ കെ.പി.തോമസ് അക്കാദമിയുടെ അമരക്കാരനായി പൂഞ്ഞാറിൽ ഇരിക്കുമ്പോൾ ഒരു താരത്തിന്റെ ഒരു ദിവസത്തെ ഭക്ഷണത്തിന് 200 രൂപ വീതമാണു തോമസ് മാഷ് ചെലവാക്കുന്നത്. കോരുത്തോട്ടിൽ അഞ്ജു ബോബി ജോർജ് ഉൾപ്പെടെ 4 പേരുമായി കായിക പരിശീലന പരിപാടി തുടങ്ങുമ്പോൾ വീടായിരുന്നു ഹോസ്റ്റൽ. സ്വന്തം ഭൂമിയിലെ കപ്പയും ചേനയും ചേമ്പുമൊക്കെ കുട്ടികൾക്കു നൽകി.

തോമസ് മാഷിന്റെ ‘കപ്പക്കുട്ടികൾ’ ലോകമറിയുന്ന താരങ്ങളായി. അ‍ഞ്ജുവിനു പുറമേ ജോസഫ് ജി.ഏബ്രഹാം, ജിൻസി ഫിലിപ്, മോളി ചാക്കോ, സി.എസ്.മുരളീധരൻ തുടങ്ങിയ എത്രയെത്ര താരങ്ങൾ കെ.പി.തോമസ് വരച്ചിട്ട ട്രാക്കിലൂടെ മെഡൽ പോഡിയത്തിലേക്ക് ഓടിക്കയറി. പിന്നീട് ഏന്തയാറിലും വണ്ണപ്പുറത്തും ഇപ്പോ‍ൾ പൂഞ്ഞാറിലും ഈ ‘ദ്രോണർ’ വിസ്മയം തീർത്തു. 

ചെലവുകൂടി: ദ്രോണാചാര്യ കെ.പി. തോമസ്

എല്ലാ മേഖലകളിലും സംഭവിച്ചതുപോലെ അത്‍ലറ്റിക്സിലും ചെലവുകൂടി. എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ഞാൻ 100 കുട്ടികളെയൊക്കെ പരിശീലിപ്പിക്കുമ്പോൾ പറമ്പിലെ കപ്പയും ചേനയുമൊക്കെ മതിയായിരുന്നു ഭക്ഷണം.

ഇന്ന് അത് പറ്റുമോ? കശുവണ്ടിയും ഈന്തപ്പഴവുമൊക്കെ കൊടുക്കണം. ചെലവ് വളരെക്കൂടുതലാണ്. സാമ്പത്തികമായി പിന്താങ്ങാൻ ആളില്ലെങ്കിൽ അക്കാദമി നടത്തിപ്പ് എളുപ്പമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com