പ്രണവിന്റെ സ്വപ്നങ്ങൾ ബാസ്കറ്റിലായി!

pranav
പ്രണവ് പ്രിൻസ്
SHARE

കൊച്ചി ∙ സ്വപ്നങ്ങൾക്കു ചിറക് നൽകുന്ന പാഠങ്ങൾ ബാസ്കറ്റിൽ ആക്കിയതിന്റെ സന്തോഷത്തിലാണു പ്രണവ് പ്രിൻസ്. ബാസ്കറ്റ്ബോളിലെ സ്വപ്നക്കൂടായ എൻബിഎയുടെ (നാഷനൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ) കളരിയിൽ ലോകോത്തര പ്രതിഭകളോട് ഏറ്റുമുട്ടിയതിന്റെ ‘ത്രിൽ’ കരിയറിൽ ഇന്ധനമാകുമെന്നു മലയാളത്തിന്റെ ‘പയ്യൻസ്’ പ്രതീക്ഷിക്കുന്നു.

എൻബിഎ ഗ്ലോബൽ അക്കാദമി ബാസ്കറ്റ്ബോൾ ഡവലപ്മെന്റ് ക്യാംപിലെ ഏക ഇന്ത്യൻ സാന്നിധ്യമായി ഓസ്ട്രേലിയയിൽനിന്ന് ഇന്നലെ തിരിച്ചെത്തിയ പ്രണവ് ‘മനോരമ’യോടു സംസാരിക്കുന്നു...

‘വിവിധ രാജ്യങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 24 പേരാണു 5 ദിവസം നീണ്ട ക്യാംപിൽ പങ്കെടുത്തത്. എല്ലാം ഒരേ പ്രായക്കാർ. അവരിൽ പലരും നാളെ ലോകമറിയുന്നവരാകും. അവരോടു നേർക്കുനേർ വന്നത് ഏറെ ഗുണം ചെയ്യും. 

ഷൂട്ടിലും ഡ്രിബ്ലിങ്ങിലുമെല്ലാം പുതിയ കാര്യങ്ങൾ പഠിച്ചു. പ്ലെയർ എന്ന നിലയ്ക്കുള്ള ദൗർബല്യങ്ങളും മനസിലാക്കാൻ കഴിഞ്ഞു. നോയിഡയിലെ എൻബിഎ റസിഡൻഷ്യൽ അക്കാദമിയിൽനിന്നാണു തിരുവനന്തപുരം സ്വദേശിയായ പതിനാറുകാരൻ പ്രണവ് ഗ്ലോബൽ ട്രെയിനിങ്ങിനു തിരഞ്ഞെടുക്കപ്പെട്ടത്.

ലക്ഷ്യം എൻബിഎ

പ്രണവിന്റെ ലക്ഷ്യത്തിൽ പ്രഥമ സ്ഥാനം എൻബിഎ പ്രവേശനത്തിനാണ്. ‘ ബാസ്കറ്റ്ബോൾ കളിക്കുന്ന എല്ലാവരുടെയും സ്വപ്നമായ എൻബിഎ എന്നെയും മോഹിപ്പിക്കുന്നുണ്ട്. എൻബിഎ ടീമുകളിലൊന്നിൽ ഇടംനേടണം.

ലക്ഷ്യവും ശ്രമവുമെല്ലാം അതിനു വേണ്ടിയാണ്’ – ജൂനിയർ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ള ആറടി ആറിഞ്ചുകാരന്റെ സ്വപ്നങ്ങൾക്ക് ഉയരമേറെ. 

ധാക്കയിൽ നടന്ന ദക്ഷിണേഷ്യൻ ടൂർണമെന്റിൽ ഇന്ത്യയെ ജേതാക്കളാക്കിയാണ് ഒന്നര വർഷമായി നോയിഡ ജെയ്പീ ഗ്രീൻസ് അക്കാദമിയിൽ കളിയും പഠനവും ഒരുമിച്ചു നോക്കുന്ന പയ്യൻ സ്വപ്നക്കുതിപ്പ് വ്യക്തമാക്കിയത്.

തിരുവനന്തപുരം വികാസ് ഭവൻ സ്വദേശിയായ പ്രണവ് 11–ാം വയസ്സിലാണു ബാസ്കറ്റ് കോർട്ടിലേക്കു കടന്നുവന്നത്. 

ഊബർ ഡ്രൈവർ പ്രിൻസിന്റെയും പൊലീസ് ഉദ്യോഗസ്ഥ എലിസബത്തിന്റെയും മകനാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA