മുംബൈ ∙ റിലയൻസ് ഫൗണ്ടേഷൻ ദേശീയ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളിൽ മലപ്പുറം എംഎസ്പി സ്കൂളിനു കിരീടം. ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ഷില്ലോങ് കോളജ് ഹയർസെക്കൻഡറി സ്കൂളിനെയാണു (3-2)) തോൽപിച്ചത്.
രാഹുൽ രഞ്ജിത്ത്, ഹാറൂൺ ദിൽഷാദ്, മുഹമ്മദ് അജ്‍സൽ എന്നിവർ എംഎസ്പിക്കായി ഗോൾ നേടി. കഴിഞ്ഞവർഷം സീനിയർ വിഭാഗം ഫൈനലിൽ ഷില്ലോങ് സ്കൂളിനോടു ടൈബ്രേക്കറിൽ കീഴടങ്ങിയ എംഎസ്പി ടീമിന്റെ മധുര പ്രതികാരമായിരുന്നു ഇന്നലത്തെ വിജയം.
ജൂനിയർ ആൺകുട്ടികളുടെ ഫൈനലിൽ പാലക്കാട് എടത്തനാട്ടുകര ഗവ. ഓറിയന്റൽ എച്ച്എസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ഷില്ലോങ്ങിലെ ഏലിയാസ് മെമ്മോറിയൽ എച്ച്എസ് ചാംപ്യൻമാരായി.
3 ലക്ഷം രൂപ സമ്മാനത്തുകയുള്ള റിലയൻസ് യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കിരീടം നേടുന്ന രണ്ടാമത്തെ കേരള ടീമാണു എംഎസ്പി. മൂവാറ്റുപുഴ നിർമല കോളജ് മുൻപു കോളജ് വിഭാഗത്തിൽ ചാംപ്യൻമാരായിരുന്നു. ടൂർണമെന്റിൽ 6 ഗോൾ നേടിയ എംഎസ്പിയുടെ സ്ട്രൈക്കർ ഹാറൂൺ ദിൽഷാദാണു സീനിയർ വിഭാഗം ടോപ് സ്കോറർ.
മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പി.മുഹമ്മദ് ഫായിസ് സ്വന്തമാക്കി. മുഹമ്മദ് അജ്സല്‍ ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.