കുട്ടിത്താരങ്ങളുടെ ഫ്രീകിക്കിന് ‘ലോക ലൈക്ക്’; ഇത് നാലാം ക്ലാസല്ല, വേൾഡ് ക്ലാസ്!

wonder-goal-nilambur
ഫ്രീക്കിക്ക് വിഡിയോയിൽ നിന്നുള്ള ദൃശ്യം. വിഡിയോയിലെ താരങ്ങളായ അസ്‌ലഹ്, ലുഖ്മാനുൽ ഹക്കീം, പ്രത്യുഷ്,ആദിൽ എന്നിവർ കായികാധ്യാപകൻ ശ്രീജു.എ.ചോഴിക്കൊപ്പം നിൽക്കുന്നതാണ് ഇൻസെറ്റിൽ.
SHARE

കോഴിക്കോട് ∙ നിലമ്പൂരിലെ ആ നാലാം ക്ലാസുകാരെടുത്ത ഫ്രീകിക്ക് ലോകം മുഴുവൻ പറന്നു നടക്കുകയാണിപ്പോൾ! മലപ്പുറം നിലമ്പൂർ പൂളപ്പാടം ജിഎൽപി സ്കൂളിലെ നാലാം ക്ലാസുകാരുടെ ഫ്രീകിക്ക് വിഡിയോ ഗംഭീരമെന്നു കുറിച്ചവരിൽ ജർമൻ ഇതിഹാസ താരം ലോതർ മത്തേയസും സ്വിറ്റ്സർലൻഡ് താരം ഷെർദാൻ ഷക്കീരിയുമെല്ലാമുണ്ട്. ലൈക്ക് അടിച്ചവരോ?? സ്പാനിഷ് ക്ലബ് ബാർസിലോനയുടെ താരങ്ങളായ ഫ്രാങ്കി ഡിയോങ്, ഇവാൻ റാകിട്ടിച്ച്, ബയൺ മ്യൂണിക്കിന്റെ ബ്രസീലിയൻ‌ താരം ഫിലിപ് കുടീഞ്ഞോ..! 

    നേരെ പോസ്റ്റ് ലക്ഷ്യം വച്ചുള്ള ഒറ്റയാൾ ഫ്രീകിക്ക് അല്ല ഇവരുടേത്. മധ്യവരയ്ക്കു ചേർന്നു കിട്ടിയ ഫ്രീകിക്ക് എടുക്കാൻ 4 പേർ കാത്തുനിൽക്കുന്നു. ബോക്സിനു മുന്നിൽ പ്രതിരോധ മതിൽ തീർത്ത് എതിർ ടീം. നിർദേശങ്ങൾ നൽകി ഗോൾകീപ്പർ. പോസ്റ്റിന്റെ 2 മൂലയിലും കളിക്കാർ. കിക്കെടുക്കാൻ വലത്തുനിന്നും ഇടത്തുനിന്നും ഓടിയത്തിയ 2 പേരും പന്തു തൊടാതെ ഒഴിഞ്ഞു.

നേരെ ഓടിയെത്തിയ മൂന്നാമനും എതിരാളികളെ കബളിപ്പിച്ച് ഒഴിഞ്ഞുമാറി. തൊട്ടുപിന്നാലെ നാലാമന്റെ നെടുനീളൻ ഷോട്ട്. പ്രതിരോധ മതിലും കടന്ന് പോസ്റ്റിന്റെ ഇടതുമൂലയിൽ പറന്നിറങ്ങിയപ്പോൾ ഗോൾകീപ്പർ നിസ്സഹായൻ. ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റൈലിൽ സെറ്റ്പീസ് സ്പെഷലിസ്റ്റ് അസ്‌ലഹിന്റെ ആഘോഷം.

24 മണിക്കൂറിനിടെ 50 ലക്ഷത്തിലേറെ പേർ കണ്ട വിഡിയോ സ്കൂളിലെ താൽക്കാലിക കായികാധ്യാപകൻ ശ്രീജു എ.ചോഴിയാണു ഫെയ്സ്ബുക്കിലിട്ടത്. പിന്നീടു കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫിഷ്യൽ ഫാൻ ഗ്രൂപ്പായ മഞ്ഞപ്പട ഇൻസ്റ്റഗ്രാമിലിട്ട വിഡിയോ രാജ്യാന്തര ഫുട്ബോൾ ഫാൻ ഗ്രൂപ്പ് 433 പങ്കുവച്ചതോടെ ലോകം മുഴുവൻ പ്രചരിച്ചു. മറ്റൊരു ഫ്രീക്കിക്ക് വിഡിയോയും ശ്രീജു പകർത്തിയിരുന്നു. ഇത്തവണ പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഗോൾ തൊടുക്കുന്നത് ക്രിസ്റ്റ്യാനോ ഫാൻ പ്രത്യുഷ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ