ADVERTISEMENT

മലപ്പുറം ∙ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ജഴ്സിയണിഞ്ഞ സൂപ്പർ താരങ്ങൾക്കു സെവൻസ് ഫുട്ബോളിൽ അസോസിയേഷന്റെ വിലക്ക്. ഇന്ത്യൻ താരങ്ങളായ സി.കെ.വിനീത്, മുഹമ്മദ് റാഫി, കെ.പി.രാഹുൽ എന്നിവരടക്കം 6 പേർക്കാണു സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ നടക്കുന്ന മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയത്.

കാഞ്ഞങ്ങാട്ട്, അസോസിയേഷന്റെ അംഗീകാരമില്ലാതെ നടന്ന സെവൻസ് മത്സരത്തിൽ പങ്കെടുത്തു എന്നതാണു വിലക്കിനു കാരണം. ‌ഇവരെ മത്സരങ്ങളിൽ പങ്കെടുപ്പിക്കരുതെന്നു ടീം ഉടമകൾക്കു അസോസിയേഷന്റെ ഡിസിപ്ലിനറി കമ്മിറ്റി നിർദേശം നൽകി. സെവൻസ് ഫുട്ബോളിൽ വർഷങ്ങളായി നടക്കുന്ന അസോസിയേഷനുകളുടെ തമ്മിലടിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് സെലിബ്രിറ്റി താരങ്ങൾക്കുള്ള വിലക്ക്. കാസർകോട് കണ്ണൂർ ജില്ലകളിൽ സ്വാധീനമുള്ള മലബാർ ഫുട്ബോൾ അസോസിയേഷനു (എംഎഫ്എ) കീഴിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ സെവൻസ് ഫുട്ബോൾ അസോസിയേഷനു കീഴിൽ റജിസ്റ്റർ ചെയ്ത താരങ്ങൾക്കു അനുമതിയില്ല.

അനുമതിയില്ലാതെ പങ്കെടുക്കുന്ന കളിക്കാർക്കു വിലക്കേർപ്പെടുത്തും. എംഎഫ്എയ്ക്കു കീഴിൽ നടന്ന കാഞ്ഞങ്ങാട്ടെ ടൂർണമെന്റിൽ പങ്കെടുത്തതിനാണു ഇപ്പോൾ സൂപ്പർ താരങ്ങൾക്കും വിലക്കേർപ്പെടുത്തുന്നത്. ഷിബിൻ രാജ്, ആസിഫ് കോട്ടയിൽ, അബ്ദുൽ ഹഖ് എന്നിവരാണ് വിലക്കു നേരിടുന്ന മറ്റു താരങ്ങൾ. സെവൻസ് അസോസിയേഷനിൽ റജിസ്റ്റർ ചെയ്തതാരങ്ങളല്ല എന്നിരിക്കെ ഇന്ത്യയുടെ രാജ്യാന്തര ഫുട്ബോൾ താരങ്ങൾക്കു വിലക്കേർപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.

ഫുട്ബോൾ അക്കാദമിക്കുള്ള ധനശേഖരണാർഥം കാഞ്ഞങ്ങാടു നടന്ന ആസ്പയർ സിറ്റി സെവൻസിലേക്കു കൂടുതൽ കാണികളെ ആകർഷിക്കുന്നതിനാണു സെലിബ്രിറ്റി താരങ്ങളായി ഇവർ കളത്തിലിറങ്ങിയത്. രണ്ടു മത്സരങ്ങൾ കളിച്ച റാഫിയും ഒരു മത്സരം കളിച്ച വിനീതും ചുരുങ്ങിയ സമയം മാത്രമാണു കളത്തിലിറങ്ങിയത്. വെറും 3 മിനിറ്റു മാത്രമാണ് ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് താരമായ കെ.പി.രാഹുൽ മത്സരക്കളത്തിലുണ്ടായിരുന്നത്.

മുഹമ്മദ് റാഫി

17 വർഷമായി ഞാൻ സെവൻസ് ഫുട്ബോൾ കളിക്കുന്നു. ഒരു കാലത്തും അസോസിയേഷന്റെ പേരു നോക്കിയല്ല മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സംഘാടകരുടെ അഭ്യർഥന മാനിച്ചു കൂടുതൽ കാണികളെ ആകർഷിക്കാനാണ് പലപ്പോഴും ദേശീയ താരങ്ങൾ സെവൻസിലേക്കെത്തുന്നത്. അസോസിയേഷനുകൾ തമ്മിലുള്ള തർക്കം തുടർന്നാൽ സെവൻസിലേക്കു സെലിബ്രിറ്റി താരങ്ങൾ എത്താതെയാകും. 

കെ.എം.ലെനിൻ– എസ്എഫ്എ സംസ്ഥാന പ്രസിഡന്റ്

സെലിബ്രിറ്റി താരങ്ങളെ വിലക്കാൻ തീരുമാനമെടുത്തതു സെവന്‍സ് ഫുട്ബോൾ അസോസിയേഷൻ (എസ്എഫ്എ) സംസ്ഥാന കമ്മിറ്റി അല്ല. ഡിസിപ്ലിനറി കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന നേതാക്കളെ ഇതുവരെ അറിയിച്ചിട്ടില്ല. ഇക്കാര്യം സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു പരിശോധിക്കും. ഐഎസ്എൽ താരങ്ങള്‍ക്കു വിലക്കേർപ്പെടുത്താൻ എസ്എഫ്എയ്ക്കു അധികാരമില്ല.

English Summary: Sevens football association ban Mohammed Rafi, CK Vineeth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com