ADVERTISEMENT

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ആദ്യ രാജ്യാന്തര കിരീടനേട്ടത്തിന് 70 വയസ്സ് തികയുമ്പോൾ കോട്ടയത്തിനും അഭിമാനിക്കാം. ചരിത്രനേട്ടം കുറിച്ച ടീമിൽ ഒരു കോട്ടയം സ്വദേശിയുമുണ്ടായിരുന്നു: പി. ബി. മുഹമ്മദ് സാലി എന്ന കോട്ടയം സാലി.

1951ൽ ന്യൂഡൽഹിയിൽ നടന്ന പ്രഥമ ഏഷ്യൻ ഗെയിംസിൽ, ഫൈനലിൽ ഇറാനെ തോൽപിച്ചു സ്വർണം നേടിയ ഇന്ത്യൻ ടീമംഗം. 1951 മാർച്ച് 10നാണ് ആ ചരിത്രം പിറന്നത്.

കോട്ടയം പുളിമൂട് ജംക്‌ഷനു സമീപത്തുള്ള പുത്തൻപറമ്പിൽ വീട്ടിലാണ് സാലിയുടെ ജനനം. സിഎംഎസ് കോളജ് ടീമിലൂടെയും കോട്ടയത്തെ ആദ്യകാല ടീമുകളിലൊന്നായ ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ (എച്ച്എംസി) ക്ലബിലൂടെയും കളിക്കളത്തിൽ സജീവമായി. സാലിയുടെ കളി കണ്ട കൊൽക്കത്ത ഈസ്റ്റ് ബംഗാൾ ക്ലബ് അദ്ദേഹത്തെ പൊന്നുംവിലയ്ക്കു സ്വന്തമാക്കി. 1945 മുതൽ 53വരെ ഈസ്റ്റ് ബംഗാൾ മുന്നേറ്റനിരയിൽ കളിച്ച സാലി പിന്നീടു ടീമിന്റെ നായകനായി.

അതോടെ ഈസ്റ്റ് ബംഗാളിന്റെ ആദ്യ മലയാളി ക്യാപ്റ്റൻ എന്ന ബഹുമതി സാലിക്കു സ്വന്തമായി. ഡ്യുറാൻഡ് കപ്പ്, ഐഎഫ്എ ഷീൽഡ്, കൽക്കട്ട ലീഗ് എന്നിവയിൽ ഈസ്റ്റ് ബംഗാളിനു വേണ്ടി കളിച്ചു. അക്കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ലെഫ്റ്റ് വിങ്ങറായിരുന്നു സാലി. 1948ലെ ഒളിംപിക് ടീമിൽ സാലിയെ ഉൾപ്പെടുത്താതെ അവസാന നിമിഷം തഴഞ്ഞെങ്കിലും 1952ലെ ഹെൽസിങ്കി ഒളിംപിക്സിൽ പങ്കെടുത്തതോടെ ഒളിംപ്യൻ സാലിയായി.

കളിയിൽനിന്നു വിരമിച്ച ശേഷം സാലിക്കു കൊൽക്കത്തയിൽ കസ്റ്റംസിൽ ജോലി ലഭിച്ചു. സീനിയർ സൂപ്രണ്ടായിരിക്കെ നാട്ടിൽനിന്നു ജോലിസ്ഥലത്തേക്കു മടങ്ങുംവഴിയായിരുന്നു അന്ത്യം. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ രോഗബാധിതനായ സാലി 1979 ജൂൺ 24ന് 52–ാം വയസ്സിൽ മദ്രാസിൽവച്ച് മരിച്ചു. 

പൂട്ടിക്കിടന്ന പുളിമൂട് ജംക്‌ഷനിലെ വീട്ടിൽനിന്ന് സാലിയുടെ എഴുപതോളം ട്രോഫികൾ നഷ്ടപ്പെട്ടത് കുടുംബത്തിന്റെ ശ്രദ്ധയിൽപെട്ടത് 2001ലാണ്. കുടുംബത്തിന്റെയും അദ്ദേഹത്തെ സ്നേഹിച്ചവരുടെയും ഏറ്റവും വലിയ നഷ്ടമായിരുന്നു അത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com