ADVERTISEMENT

കോഴിക്കോട്∙ പരിമിതമായ സൗകര്യങ്ങളിലും വോളിബോൾ കോർട്ടിലേക്ക് ഒരു പിടി സൂപ്പർ താരങ്ങളെ സംഭാവന ചെയ്ത മൂലാട് ഗ്രാമത്തിന്റെ വോളിബോൾ വികസനത്തിന് ആഹ്വാനവുമായി അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ടോം ജോസഫ്. സ്വന്തമായി ഒരു ഇൻഡോർ സ്റ്റേഡിയം എന്ന മൂലാട് നിവാസികളുടെ വർഷങ്ങളായുള്ള സ്വപ്നം സാക്ഷാൽക്കരിക്കാൻ അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നു ടോം ജോസഫ് അഭ്യർഥിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അഭ്യർഥന.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; 

‘വോളിബോൾ എന്ന കളിയുടെ ഭാവി കോഴിക്കോടിന്റെ കൈകളിൽ ഭദ്രം....,

പുതുമയുടെ ഈ കാലത്ത് ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വളരെയേറെ മാറിക്കൊണ്ടിരിക്കുകയാണല്ലോ? പുതു തലമുറ പല വഴികളിലൂടെയും സഞ്ചരിക്കുമ്പോൾ അവരുടെ ഭാവി എന്താകുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്ത ഒരു സംഭവം ആയിരിക്കുന്നു. കഴിഞ്ഞ ദിവസം ബിപിസിൽ ടീമിനൊപ്പം ഓൾ ഇന്ത്യ ടൂർണമെന്റ് കളിക്കുന്നതിനായി എന്റെ സ്വന്തം നാടായ കോഴിക്കോട് എനിക്ക് എത്തിപ്പെടേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു അതിനെ കുറിച്ച് ഞാൻ നിങ്ങളുമായി പങ്കുവെക്കാം,

നാട്ടിൻ പുറങ്ങളിൽ നമ്മുടെ പണ്ടത്തെ പോലെ വോളിബോൾ എന്ന കളിക്ക് പ്രചാരം ഇല്ല എന്ന് മുഴുവനായും പറയാൻ ആവില്ല, എന്തെന്നാൽ അങ്ങനെ ഒരു കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം മൂലാട് എന്ന കൊച്ചു ഗ്രാമത്തിൽ ഞാൻ കാണാൻ ഇടയായത്. പല തവണ ഞാൻ മൂലാട് പ്രദേശത്തു വോളിബോൾ കളിക്കാനും ഓരോ പരിപാടികൾക്കും ആയി പോയിട്ടുണ്ടെങ്കിലും ഈ തവണ എനിക്ക് വളരെ സന്തോഷം നിറഞ്ഞ ഒരു അനുഭവം തന്നെ ആയിരുന്നു അവിടെ ചെന്നപ്പോൾ ഉണ്ടായിരുന്നത്. എന്റെ പ്രിയ കൂട്ടുകാരായ മുജീബും ഇസ്മായിലും കൂടെ എറണാകുളത്ത്‌ എന്നെ കാണുവാൻ ആയി വീട്ടിൽ എത്തിയപ്പോൾ തങ്ങളുടെ നാട്ടിൽ നടക്കുന്ന ഇപ്പോഴത്തെ മൂലാട് കോച്ചിങ് ക്യാംപിനെ കുറിച്ച് വളരെ അഭിമാനത്തോടെ പറയുകയും മറ്റും ചെയ്തത് എത്രത്തോളം യാഥാർഥ്യം നിറഞ്ഞതാണെന്ന് എനിക്ക് അവിടെ എത്തിയപ്പോൾ ആണ് മനസ്സിലായത്. ഈ കഴിഞ്ഞ പ്രൈം വോളിബോൾ മത്സരത്തിൽ ഹൈദരാബാദ് ടീമിന്റെ കോച്ച് ആയിരുന്നത് കൊണ്ട് കുറച്ചു ജേഴ്‌സി എനിക്ക് ലഭിച്ചിരുന്നു ആ ജേഴ്‌സി എല്ലാം കയ്യിൽ കരുതികൊണ്ടായിരുന്നു മൂലാടിന്റെ മണ്ണിലേക്ക് ഞാൻ കയറി ചെന്നത്. 

എനിക്കൊപ്പം ബിപിസിൽ ടീം പ്ലയെറും മൂലാടുക്കാരൻ തന്നെയായിരുന്ന ജിതിനും ആയിരുന്നു ഉണ്ടായിരുന്നത്, ഞങ്ങൾ ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ അമ്പതോളം കുരുന്നുകളെയും അവരുടെ കോച്ചുമാരായ മുജീർ ക്കയേയും ശരത്തിനെയും കുറച്ചു നാട്ടുകാരെയും ആയിരുന്നു അവിടെ മുന്നിൽ കാണാൻ കഴിഞ്ഞത്. ചെറു പുഞ്ചിരിയോടെ ഞാൻ എല്ലാവരെയും കണ്ണോടിച്ചു നോക്കുമ്പോൾ ഓരോ കുരുന്നുകളും നിഷ്കളങ്കതയോടെ എന്നെ നോക്കി തിരിച്ചും ചിരിക്കുന്നുണ്ടായിരുന്നു. എന്റെ ഉയര കൂടുതൽ കണ്ടു കൊണ്ട് ചില കുട്ടികൾ അത്ഭുതപ്പെട്ടു നോക്കി നിൽക്കുകയും പരസ്പരം ഓരോ സ്വകാര്യങ്ങൾ അവർ പറയുമ്പോഴും എല്ലാം എന്റെ ഒരു കുട്ടികാലം തന്നെ ആയിരുന്നു അവരിലും അപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞിരുന്നത്. ഞാൻ കൊടുത്ത ഹൈദരാബാദ് ടീമിന്റെ ജേഴ്‌സി അണിഞ്ഞു എല്ലാ കുട്ടികളും എനിക്ക് മുൻപിൽ ആയി നിരന്നു നിന്നപ്പോൾ അവർക്ക് ഒരു നിധി കിട്ടിയ പ്രതീതി തന്നെ ആണ് ഉണ്ടായിരുന്നത്.

s2

 ചിട്ടയോടെ ഉള്ള പരിശീലനം ആരോഗ്യത്തെയും ജീവിതത്തെയും നല്ല രീതിയിൽ എത്രത്തോളം മാറ്റി മറിക്കും എന്നത് അവരുടെ ഭാവിയിൽ നമുക്ക് കാണാൻ സാധിക്കും എന്നുള്ളത് തീർച്ചയാണ്. അവർക്കൊപ്പം കോർട്ടിൽ ഇറങ്ങിയപ്പോൾ അവരുടെ സർവീസ് രീതിയും ഡിഫൻസും അറ്റാക്കിങ്ങും എല്ലാം എത്രത്തോളം മനോഹരവും അത്ഭുതവും ആണെന്ന് എനിക്ക് ബോധ്യമായി. ഭാവിയിൽ തീർച്ചയായും മൂലാട് ഗ്രാമത്തിൽ നിന്നും വോളിബോൾ ഭൂപടത്തിൽ ഇനിയും നിരവധി പേരുകൾ ഉണ്ടാവും എന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ലാത്ത ഒരു കാര്യം തന്നെ ആണ്. മൂലാടുള്ള ഈ ചെറിയ സൗകര്യങ്ങളിൽ നിന്നും വളരെ മികച്ച രീതിയിൽ പരിശീലനം കൊടുക്കുന്ന പരിശീലകരെയും കുട്ടികളെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒരു ഇൻഡോർ സ്റ്റേഡിയം സ്വന്തമായി വേണം എന്ന മൂലാടുകാരുടെ എത്രയോ കാലത്തെ ആഗ്രഹം പാതി വഴിയിൽ മാത്രമേ അവർക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് കേട്ടപ്പോൾ ഒരു വോളിബോൾ കളിക്കാരൻ എന്ന നിലയിൽ എന്റെ മനസ്സിനെ വളരെ വേദനിപ്പിച്ചു. 

ഇനിയും നാലോ അഞ്ചോ ലക്ഷം രൂപ കിട്ടിയാൽ മാത്രമേ മൂലാടിന്റെ മണ്ണിൽ ഒരു ഇൻഡോർ സ്റ്റേഡിയം വരും എന്നുള്ളത് അവിടുത്തെ ഓരോ വോളിബോൾ സ്നേഹികളുടെയും മനസ്സിൽ വിഷമം ചെലുത്തുന്ന കാര്യം തന്നെ ആണ്. ഈ കുരുന്നുമക്കളുടെ നല്ലൊരു ഭാവി ഓർത്തു കൊണ്ട് ആ ഒരു ഇൻഡോർ സ്റ്റേഡിയം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാൻ പഞ്ചായത്തോ സർക്കാരോ അതോ മറ്റുള്ളവരോ എത്രയും പെട്ടന്ന് തന്നെ മുൻകൈ എടുത്തു വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് ഒരു കായിക താരം എന്ന നിലയിൽ ഞാൻ അപേക്ഷിക്കുന്നു’.

 

English Summary: Tom Joseph Facebook Post On Volleyball Revival in Mulad 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com