ADVERTISEMENT

കൊച്ചി∙ ആദ്യ സെറ്റ് കൈവിട്ടിട്ടും അഹമ്മദാബാദ് ഡിഫൻഡേഴ്സിനെതിരെ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനു ജയം (10–15, 15–11, 11–15, 15–12, 15–12). കൊച്ചി ടീമിന്റെ സെറ്ററും ക്യാപ്റ്റനുമായ മോഹൻ ഉഗ്രപാണ്ഡ്യനാണു കളിയിലെ കേമൻ. ആറു പോയിന്റുകൾ നേടി ഉഗ്ര. തുടർച്ചയായ രണ്ടാം ജയത്തോടെ ബ്ലൂ സ്പൈക്കേഴ്സ് പ്രഥമ പ്രൊ വോളിബോൾ ലീഗിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. തുടർച്ചയായ 2–ാം തോൽവിയോടെ അഹമ്മദാബാദിന്റെ സാധ്യതകൾ മങ്ങി.

തുടക്കത്തിലെ പതർച്ചകൾക്കുശേഷം കൊച്ചി ബ്ലൂസ്പൈക്കേഴ്സിനെ ഒറ്റക്കെട്ടായി പോരാട്ടത്തിലേക്കു നെഞ്ചുവിരിച്ചു നയിച്ചത് ഉഗ്രപാണ്ഡ്യൻ ആയിരുന്നു. പ്രഭാകരൻ ഫോമിലേക്കുയർന്നു എന്നതു കൊച്ചിക്കാർക്ക് ആവേശം പകരുന്നു. ആദ്യസെറ്റിൽ ഒരിക്കൽപ്പോലും ലീഡെടുക്കാൻ ബ്ലൂ സ്പൈക്കേഴ്സിനു കഴിഞ്ഞില്ല. എന്നാൽ ഗുരീന്ദർ സിങ്ങിന്റെയും മൻദീപ് സിങ്ങിന്റെയും ആക്രമണത്തിൽ തുടർച്ചയായി പോയിന്റുകളെടുത്ത അഹമ്മദാബാദ് മികച്ച ബ്ലോക്കുകളുടെയും ബലത്തിൽ 15 മിനിറ്റുകൊണ്ടു സെറ്റ് കൈക്കലാക്കി.

2–ാം സെറ്റിന്റെ ആദ്യപാതി ഒപ്പത്തിനൊപ്പമെന്നു തോന്നിച്ചെങ്കിലും ഉഗ്രപാണ്ഡ്യനും ചേർന്നു മാരക ആക്രമണങ്ങളോടെ ബ്ലൂ സ്പൈക്കേഴ്സിനെ മുന്നോട്ടു നയിച്ചു. തുടർച്ചയായ 2 സ്പൈക്കുകൾ ലീയുടെ ഉരുക്കുകൈകളിൽനിന്നുണ്ടായി.. മൂന്നു പോയിന്റിന്റെ ലീഡിലേക്കു കൊച്ചിക്കാർ. ഉഗ്ര ഒറ്റക്കൈകൊണ്ടു സെറ്റ് ചെയ്ത പന്തിലേക്കു പറന്നുയർന്ന മനു ജോസഫ് ടീമിനു സെറ്റ് പോയിന്റ് സമ്മാനിച്ചു. സെറ്റ് സ്വന്തമാക്കിയ പന്തും മനുവിന്റെ കയ്യിൽനിന്ന് ആയിരുന്നു. 

2 സൂപ്പർ പോയിന്റും കൊത്തിയെടുത്താണു ഡിഫൻഡേഴ്സ് 3–ാം സെറ്റ് നേടിയത്. സ്കോർ 11–11ൽ നിൽക്കെ പതുക്കിന്റെ സർവിൽ ഡിഫൻഡേഴ്സ് സൂപ്പർ പോയിന്റ് വിളിച്ചു. അതവർ നേടുകയും ചെയ്തു. 13–11. അടുത്ത സർവിൽ സ്പൈക്കേഴ്സ് കോച്ച് ജ്യോതിഷ് സൂപ്പർ പോയിന്റ് വിളിച്ചു. പക്ഷേ സഫലമായില്ല. സെറ്റ് അഹമ്മദാബാദിന്. 

ക്യാപ്റ്റൻ ഉഗ്ര ആദ്യസർവ് പാഴാക്കുന്നതു കണ്ടു തുടങ്ങിയ 4–ാം സെറ്റ് ഒപ്പത്തിനൊപ്പമാണു 10 പോയിന്റ് കടന്നത്. രണ്ടു സൂപ്പർ പോയിന്റും കൊച്ചിക്കാർ നേടിയെങ്കിലും അതിന്റെ നേട്ടം സ്കോർ ബോർഡിൽ കണ്ടില്ല. കാരണം, 7 സ്വയം പിഴവുകൾ. ഒടുവിൽ പ്രഭാകരന്റെ കളിയുടെ തിളക്കത്തിൽ കൊച്ചിക്കാർ സെറ്റ് പിടിച്ചു. പ്രഭാകരൻ 3 പോയിന്റാണു സെറ്റിന്റെ അന്ത്യനിമിഷങ്ങളിൽ നേടിക്കൊടുത്തത്. 

ഉഗ്രയുടെ സൂപ്പർ സർവിലൂടെ കൊച്ചി ടീം തുടക്കത്തിൽ കുതിച്ചെങ്കിലും പിന്നീടു പതറി. പക്ഷേ പ്രഭാകരൻ ഫോമിലായതോടെ വീണ്ടും വിജയവഴിയിൽ എത്തുകയായിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com