ADVERTISEMENT

ദേശീയ സീനിയർ സ്കൂൾ മീറ്റിലെ ആൺകുട്ടികളുടെ ചാംപ്യൻഷിപ്പിന്റെ ആദ്യദിനം കേരളത്തിന് ഒരു സ്വർണവും 2 വെങ്കലവും. 19 പോയിന്റുമായി കർണാടകയാണ് ഇപ്പോൾ ഒന്നാമത്. 18 പോയിന്റോടെ കേരളം തൊട്ടു പിറകേയുണ്ട്. 12 പോയിന്റുമായി രാജസ്ഥാനും പഞ്ചാബും മൂന്നാമത്. എ.കെ. സിദ്ധാർഥ് (പോൾവോൾട്ട്– സ്വർണം), അലൻ ജോസ് (ഹൈജംപ്– വെങ്കലം), സി.അഭിനവ് (100 മീറ്റർ– വെങ്കലം) എന്നിവരാണ് കേരളത്തിനായി മെഡൽ നേടിയത്.

കുന്തമില്ലാത്ത ലുട്ടാപ്പിയെ സങ്കൽപിക്കാൻ ആകാത്തതുപോലെ പോൾവോൾട്ടിൽ കേരളത്തിനു മെഡലില്ലാത്ത മീറ്റുകളും സങ്കൽപിക്കാനാകില്ല. പോളിൽ പറന്ന് എ.കെ. സിദ്ധാർഥ് നേടിയ സ്വർണമില്ലായിരുന്നെങ്കിൽ ദേശീയ സീനിയർ സ്കൂൾ മീറ്റിലെ ആൺകുട്ടികളുടെ ചാംപ്യൻഷിപ്പിന്റെ ആദ്യദിനം കേരളത്തിനു സങ്കട ദിനമാകുമായിരുന്നു. പരുക്കും പരിശീലനക്കുറവും മൂലം വൈകുന്നേരം വരെ കിട്ടിയത് 2 വെങ്കലം മാത്രം.

ഒടുവിൽ ദിവസം അവസാനിക്കാനിരിക്കെ പോൾവോൾട്ടിൽ സ്വർണം നേടി എ.കെ. സിദ്ധാർഥ് കേരളത്തിന്റെ മാനം കാത്തു. ഒരു പോയിന്റ് വ്യത്യാസത്തിൽ കർണാടകയാണ് പോയിന്റ് പട്ടികയിൽ ഇപ്പോൾ കേരളത്തിന്റെ മുൻപിൽ. ആദ്യദിനത്തിൽ മീറ്റ് റെക്കോർഡുകളൊന്നുമില്ല. ഇന്ന് 8 ഇനങ്ങളിൽ ഫൈനൽ നടക്കും.

∙ ഫസ്റ്റ് ആൻഡ് ബെസ്റ്റ്

കാലൊടിഞ്ഞു കിടപ്പിലായതിനാൽ കഴിഞ്ഞ വർഷം മത്സരിക്കാനാകാത്തതിന്റെ വേദന ഇത്തവണ എ.കെ.സിദ്ധാർഥ് തീർത്തു. പോൾവോൾട്ടിൽ 4.40 മീറ്റർ ചാടിയാണു കോതമംഗലം സെന്റ് ജോർജ് സ്കൂളിന്റെ ഈ താരം കേരളത്തിനായി സ്വർണം ഉറപ്പിച്ചത്. ദേശീയ മീറ്റുകളിലെ സിദ്ധാർഥിന്റെ. ആദ്യസ്വർണം കൂടിയാണിത്. കണ്ണൂർ പയ്യന്നൂർ കാറമേൽ വി.വി. സതീശന്റെയും ദീപയുടെയും മകനായ സിദ്ധാർഥ് പ്ലസ്ടു വിദ്യാർഥിയാണ്. കെ.പി. അഖിൽ ആണ് പരിശീലകൻ.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com