ADVERTISEMENT

3–ാം സെറ്റിൽ മാത്രം പൊരുതിനോക്കിയ യൂ മുംബയെ 3 സെറ്റിൽത്തന്നെ കശാപ്പു ചെയ്ത് കാലിക്കറ്റ് ഹീറോസ് പ്രഥമ പ്രൊ വോളിബോൾ ലീഗിന്റെ ഫൈനലിൽ (15–12, 15–9, 16–14). ഇന്ന് രണ്ടാം സെമിയിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ചെന്നൈ സ്പാർട്ടൻസും തമ്മിൽ മൽസരിക്കും.

ചെമ്പടയിതു ചെമ്പട, കാലിക്കറ്റിൻ ചെമ്പട എന്ന ആവേശമുദ്രാവാക്യത്തിനു ചെന്നൈയിലെ ചെമ്പടയെന്നൊരു അടിക്കുറിപ്പുകൂടി ചാർത്തിയാണു കാലിക്കറ്റ് ഹീറോസിന്റെ സെമി ഫൈനൽ ജയം. മുൻമൽസരങ്ങളിലെപ്പോലെ എല്ലാവരും നിറഞ്ഞാടിയില്ലെങ്കിലും ക്യാപ്റ്റൻ കൂടിയായ മലയാളിതാരം ജെറോം വിനീതിന്റെ തകർപ്പൻ ഫോമിലാണു ചെമ്പടയുടെ കുതിപ്പ്. 12 പോയിന്റാണു ജെറോം വാരിയത്. അതിൽ 10 എണ്ണം പറഞ്ഞ സ്പൈക്ക്. 2 കിടുങ്ങുന്ന സർവ്. ഇലോണിയെന്ന ബ്ലോക്കർ 5 മികച്ച സ്മാഷുകളോടെ ക്യാപ്റ്റനു പിന്തുണയേകി. ജെറോമാണു കളിയിലെ കേമൻ.

മൽ‌സര നിയമത്തിൽ വരുത്തിയ ഭേദഗതികളോടെയാണു പ്രൊ വോളി ലീഗ് പ്ലേ ഓഫ് ഘട്ടത്തിനു തുടക്കമായത്. ഒരു ടീം 3 സെറ്റ് ജയിച്ചാൽ മൽസരം അവസാനിക്കും. 15 പോയിന്റ് നേടുന്നവർ വിജയികളാകുന്ന സെറ്റ് 14–14നു തുല്യനിലയിലായാൽ രണ്ടു പോയിന്റ് ലീഡ് നേടി മാത്രമേ സെറ്റ് ജയിക്കാനാകൂ. പ്രാഥമിക ഘട്ട മൽ‌സരങ്ങളിൽ ആദ്യം 15 പോയിന്റ് സ്വന്തമാക്കുന്ന ടീം സെറ്റ് നേടുമായിരുന്നു. 20–20 വരെ സ്കോർ ഒപ്പത്തിനൊപ്പം നീങ്ങിയാൽ ആദ്യം 21 പോയിന്റ് നേടുന്ന ടീമിനു സെറ്റ് സ്വന്തമാകും.   

സർവ് കളഞ്ഞു മുംബ

ആദ്യ സെറ്റിന്റെ തുടക്കത്തിൽ യൂ മുംബ തുടരെ 2 സർവ് പാഴാക്കി. പക്ഷേ സൂപ്പർ പോയിന്റ് നേടി അവർ തൊട്ടുപിന്നിലെത്തി (8–9). ജെറോം വിനീതിന്റെ സർവ് നെറ്റിൽ കുരുങ്ങിയതിനു പിന്നാലെ മുംബ 10–10 സമനില പിടിച്ചു. സൂപ്പർ പോയിന്റ് വിളിച്ച ഹീറോസ് 12–10നു മുൻപിലെത്തി. തുടക്കത്തിലെന്നപോലെ അവസാനത്തിലും യു മുംബ സർവ് പാഴാക്കിയതോടെ ചെമ്പട സെറ്റടിച്ചു. 

ജെറോം, ജെറോം, ജെറോം

2–ാം സെറ്റിലും തിളങ്ങിയതു ജെറോം വിനീത് തന്നെ. മുംബ സൂപ്പർ പോയിന്റ് വിളിച്ചെങ്കിലും ഫലമുണ്ടായില്ല. 11–7ന് ഹീറോസ് മുന്നിലേക്ക്. എതിരാളികൾക്ക് അവസരംകൊടുക്കാതെ അവർ സെറ്റ് കൈക്കലാക്കി. 18 മിനിറ്റിലാണു തീർത്തത്. ആദ്യസെറ്റിലെന്നപോലെ ജെറോമിന്റെ സംഭാവന മറുപടിയില്ലാത്ത സ്പൈക്കുകളിലൂടെ 4 പോയിന്റ്.

സൂപ്പർ കാലിക്കറ്റ്

ചെമ്പട ഫോമിലേക്ക് ഉയരാതെപോയ 3–ാം സെറ്റിന്റെ തുടക്കത്തിൽ വിനീത് കുമാർ, പങ്കജ് ശർമ എന്നിവരുടെ മിന്നുംകളിയുടെ ബലത്തിൽ 12–7 എന്ന ലീഡിലേക്കു മുംബ കുതിക്കുന്നതാണു കണ്ടത്. പക്ഷേ സൂപ്പർ പോയിന്റ് വിളിച്ചും അടിച്ചും സ്വന്തമാക്കിയ ഹീറോസ് തൊട്ടുപിന്നാലെ ജെറോമിന്റെ സൂപ്പർ പോയിന്റ്, ലോട്മാന്റെ സ്മാഷ് എന്നിവയിലൂടെ ഒപ്പമെത്തി (12–12). ജെറോമിന്റെ സ്പൈക്കും കാർത്തിക്കിന്റെ കിടിലൻ സർവും പിന്നെ, മുംബയുടെ വിനീത് കുമാറിന്റെ പിഴവും ചേർന്നപ്പോൾ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസ് സെറ്റും മാച്ചും നേടി, ഫൈനലിലേക്കു വാതിൽ തുറന്നു. 26 മിനിറ്റു നീണ്ടു 3–ാം സെറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com