ADVERTISEMENT

കൊച്ചി∙ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയ ജിൻസൺ ജോൺസന് മലയാള മനോരമയും സാന്റ മോണിക്ക ഹോളിഡേയ്സും ചേർന്നു നൽകുന്ന മനോരമ സ്പോർട്സ് സ്റ്റാർ 2018 പുരസ്കാരം. ലോങ്ജംപിലെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന എം. ശ്രീശങ്കർ രണ്ടാം സ്ഥാനവും നീന്തൽ താരം സജൻ പ്രകാശ് മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി കണ്ടെത്തിയവരുടെ ചുരുക്കപ്പട്ടികയിൽനിന്ന് വായനക്കാർ ആണു പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ ടെന്നിസ് താരം മഹേഷ് ഭൂപതിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. സുവർണനിറമുള്ള ട്രോഫിയും മൂന്നു ലക്ഷം രൂപയുമാണ് ജിൻസൻ ജോൺസനുള്ള സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം വെള്ളി, വെങ്കല ട്രോഫികളും രണ്ട് ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെ ക്യാഷ് അവാർഡും സമ്മാനിച്ചു.

മികച്ച ക്ലബ്ബിനുള്ള മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരം പാലക്കാട് ഒളിംപിക് അത്‌ലറ്റിക് ക്ലബ് സ്വന്തമാക്കി. ബ്രദേഴ്സ് സ്പോർട്സ് ക്ലബ് (മൂലാട്, കോഴിക്കോട്) രണ്ടാം സ്ഥാനവും മലബാർ സ്പോർട്സ് അക്കാദമി (പുല്ലൂരാംപാറ,കോഴിക്കോട്) മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക് സ്വർണക്കപ്പും മൂന്നു ലക്ഷം രൂപയും. രണ്ടാം സ്ഥാനക്കാർക്ക് വെള്ളിക്കപ്പും രണ്ടു ലക്ഷം രൂപയും. മൂന്നാം സ്ഥാനക്കാർക്ക് വെങ്കലക്കപ്പും ഒരു ലക്ഷം രൂപയുമാണ് സമ്മാനങ്ങൾ.

സ്പോർട്സ് സ്റ്റാർ പുരസ്കാരം നേടിയ താരങ്ങളെ പരിചയപ്പെടാം

∙ ജിൻസൺ ജോൺസൺ

ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീ. സ്വർണവും 800 മീ. വെള്ളിയും. 1500 മീറ്ററിൽ ഇന്ത്യ സ്വർണം നേടുന്നത് അര നൂറ്റാണ്ടിനുശേഷം. പട്യാല ഫെഡറേഷൻ കപ്പ് അത്‍ലറ്റിക്സ് മീറ്റ് റെക്കോർഡുകളോടെ രണ്ടു സ്വർണം (800, 1500 മീ.) ഗുവാഹത്തി ദേശീയ സീനിയർ അത്‍ലറ്റിക് മീറ്റിൽ 800 മീറ്ററിൽ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് ഭേദിച്ച് സ്വർണം നേടി . ജിമ്മി ജോർജ് പുരസ്കാരം, ജി. വി. രാജ പുരസ്കാരം, അർജുന പുരസ്കാരം എന്നിവയും 2018ൽ ജിൻസനെ തേടിയെത്തി.

jinson-johnson-award-1

∙ എം. ശ്രീശങ്കർ

19-ാം വയസിൽ ലോങ്ജംപ് ദേശീയ റെക്കോർഡ് തിരുത്തിയ ചരിത്രമാണ് എം ശ്രീശങ്കറിന്റേത്. ഈ ഇനത്തിൽ ജൂനിയർ ലോക ഒന്നാം നമ്പർ സ്ഥാനം. ദേശീയ ഓപ്പൺ അത്‍ലറ്റിക്സിൽ 8.20 മീറ്റർ ചാടിയാണ് ടി. സി. യോഹന്നാന്റെ പേരിലുണ്ടായിരുന്ന ദേശീയ റെക്കോർഡ് തിരുത്തിയത്. പട്യാല ഫെഡറേഷൻ കപ്പ് അത്‍ലറ്റിക്സ്, ഗുവാഹത്തി ദേശീയ സീനിയർ അത്‍ലറ്റിക്സ് എന്നിവയിൽ സ്വർണം, ടോക്കിയോ ഏഷ്യൻ ജൂനിയർ അത്‍ലറ്റിക്സിൽ വെങ്കലം.

manorama-sports-award

∙ സജൻ പ്രകാശ്

മത്സരിച്ച അഞ്ച് ഇനങ്ങളിലും ദേശീയ റെക്കോർഡുകൾ എഴുതിച്ചേർത്തു മികച്ച പുരുഷതാരമായാണു പിരപ്പൻകോടിലെ രാജ്യാന്തര നീന്തൽക്കുളത്തിൽ അരങ്ങേറിയ ദേശീയ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽനിന്ന് സജൻപ്രകാശ് കരയ്ക്കുകയറുന്നത്. രണ്ടിനങ്ങളിൽ മികച്ച ഇന്ത്യൻ പ്രകടനവും സജന്റെ പേരിലാണ്. ജക്കാർത്ത ഏഷ്യൻ ഗെയിംസ് 200 മീ. ബട്ടർഫ്ലൈ ഫൈനലിൽ കടന്നതോടെ 32 വർഷത്തിനുശേഷം ഈയിനത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ. മലേഷ്യൻ ഓപ്പൺ നീന്തലിൽ ഈ ഇനത്തിൽ സ്വർണം.

ക്ലബ്ബുകൾക്കുള്ള പുരസ്കാരം

നൂറുകണക്കിനു ക്ലബ്ബുകളുടെ അപേക്ഷകളാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. അതിൽ നിന്നു പ്രാഥമിക തിരഞ്ഞെടുപ്പിനു ശേഷം ലഭിച്ച 30 ക്ലബ്ബുകളിൽനിന്ന് വിദഗ്ധ സമിതി ആറു ക്ലബ്ബുകളെ തിരഞ്ഞെടുത്തിരുന്നു. ആ ക്ലബ്ബുകളിലെല്ലാം വിദഗ്ധ സമിതി സന്ദർശനം നൽകി. തുടർന്നാണ് അവസാന റൗണ്ടിലെത്തിയ മൂന്നു ക്ലബ്ബുകളിലേക്ക് പട്ടിക ചുരുക്കിയത്. വിദഗ്ധ സമിതി അംഗങ്ങളായ ഡോ. ബിനു ജോർജ് വർഗീസ് (കായിക വിഭാഗം മേധാവി, മഹാത്മാഗാന്ധി സർവകലാശാല), സി.സി. ജേക്കബ് (മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ), ടോം ജോസഫ് (മുൻ ഇന്ത്യൻ വോളിബോൾ താരം) എന്നിവരാണ് അന്തിമ തിരഞ്ഞെടുപ്പു നടത്തിയത്.

ക്ലബ്ബുകളുടെ മികവു പരിശോധിച്ചതിന്റെ മാനദണ്ഡങ്ങൾ

കായിക വികസനത്തിനുള്ള ക്ലബ്ബിന്റെ സംഭാവന, പദ്ധതികളുടെ നടത്തിപ്പ്, കൈവരിച്ച നേട്ടങ്ങൾ, ക്ലബ് പ്രവർത്തനങ്ങളിലെ പൊതുജന പങ്കാളിത്തവും സാന്നിധ്യവും, സാമൂഹിക പ്രതിബദ്ധത, പദ്ധതി നടത്തിപ്പിലെ പുതുമ എന്നിവയാണ് അവസാന റൗണ്ട് മൂല്യനിർണയത്തിന് അടിസ്ഥാനമാക്കിയത്.

olympic-athletic-club
മനോരമ സ്പോർട്സ് ക്ലബ് 2018 ആയി തിരഞ്ഞെടുക്കപ്പെട്ട പാലക്കാട് ഒളിംപിക് അത്‌ലറ്റിക് ക്ലബ് അംഗങ്ങൾ ട്രോഫിയുമായി.
brothers-sports-club
മനോരമ സ്പോർട്സ് ക്ലബ് വിഭാഗത്തിൽ രണ്ടാം സ്ഥാന നേടിയ ബ്രദേഴ്സ് സ്പോർട്സ് ക്ലബ് (മൂലാട്, കോഴിക്കോട്) അംഗങ്ങൾ ട്രോഫിയുമായി.
malabar-sports-academy
മനോരമ സ്പോർട്സ് ക്ലബ് വിഭാഗത്തിൽ മൂന്നാം സ്ഥാന നേടിയ മലബാർ സ്പോർട്സ് അക്കാദമി (പുല്ലൂരാംപാറ,കോഴിക്കോട്) അംഗങ്ങൾ ട്രോഫിയുമായി. സ്പോർട് സ്റ്റാർ പുരസ്കാരങ്ങൾ നേടിയ ജിൻസൺ ജോൺസൻ, എം. ശ്രീശങ്കർ എന്നിവരെയും കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com