ADVERTISEMENT

കൊച്ചി ∙ ആരാവും താരങ്ങളിൽ താരം? ശ്രീശങ്കർ, സജൻ പ്രകാശ്, ജിൻസൺ ജോൺസൺ...’’ ആരായിരിക്കും കായിക കേരളത്തിന്റെ താരാധിപൻ? നെഞ്ചിടിപ്പേറിയ നിമിഷങ്ങൾ, ചങ്കിടിപ്പോടെ കായികകേരളം. ഒടുവിൽ, ടെന്നിസ് ഇതിഹാസം മഹേഷ് ഭൂപതി സസ്പെൻസ് ഉടച്ചു: ‘ജിൻസൺ ജോൺസൺ..’’ എച്ച്. എസ്. പ്രണോയിയുടെ പിൻഗാമിയായി മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാരത്തിനു പുതിയ അവകാശി: ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ജിൻസൺ ജോൺസൺ. ലോങ്ജംപിൽ ലോക ജൂനിയർ ഒന്നാം റാങ്കുകാരൻ എം. ശ്രീശങ്കർ രണ്ടാം സ്ഥാനപ്രഭയിൽ. ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽ മത്സരിച്ച അഞ്ചിനത്തിലും ദേശീയ റെക്കോർഡ് നേടിയ സജൻ പ്രകാശിന് മൂന്നാം സ്ഥാനം. വേദിയിലെ താരങ്ങൾക്കു വിണ്ണിലെ താരങ്ങളേക്കാൾ തിളക്കം കൈവന്ന സായാഹ്നം.

ഭൂപതി പറഞ്ഞു, അകലെയല്ല ഒളിംപിക് മെഡൽ

മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാര ജേതാക്കൾക്കു നേരെ വിരൽചൂണ്ടി മഹേഷ് ഭൂപതി പറഞ്ഞു, ‘‘ഒളിംപിക്സ് സ്വർണം നമുക്ക് അകലെയല്ല. ഈ നിൽക്കുന്ന യുവാക്കൾ ആത്മവിശ്വാസത്തോടെ വെല്ലുവിളികളെ നേരിട്ടാൽ അടുത്ത രണ്ട് ഒളിംപിക്സുകളിൽ നമുക്കു മെഡൽ ലക്ഷ്യംവയ്ക്കാം.’’ 

തോൽവികളിൽ പതറാതെ മുന്നോട്ടു ക‍ുതിക്കാൻ മൂവർക്കും ഭൂപതി നൽകിയ സന്ദേശം ഇങ്ങനെ: ‘‘ഡബിൾസിലും മിക്സഡ് ഡബിൾസിലും ഞാൻ നേടിയ 12 ഗ്രാന്റ്സ്‍ലാം കിരീടങ്ങൾ എല്ലാവർക്കും ഓർമയുണ്ട്. 

പക്ഷേ, തോറ്റു നിരാശനായി മടങ്ങിയ 15 ഗ്രാന്റ്‌സ്‍ലാം പോരാട്ടങ്ങൾ ആരും ഓർക്കാറില്ല. ഓരോവട്ടവും വാശിയോടെ കിരീടം തേടിപ്പോകാൻ എനിക്കു കരുത്തു നൽകിയത് ഈ തോൽവികളാണ്.’’

ആഹ്ലാദത്തോടെ താരങ്ങൾ, ആരവത്തോടെ സദസ്സ്

ഒരുമാസം നീണ്ട വോട്ടെടുപ്പിനൊടുവിൽ കായിക കേരളം ആകാംക്ഷയോടെ ചോദിച്ച ചോദ്യത്ത‍ിനുത്തരം തേടുകയായിരുന്നു അരൂർ മഴവിൽ മനോരമ ഫ്ലോറിലെ പുരസ്കാരവേദി. മികച്ച സ്പോർട്സ് ക്ലബിനുള്ള പുരസ്കാര പ്രഖ്യാപനമായിരുന്നു ആദ്യം. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, സാന്റ മോണിക്ക ഗ്രൂപ്പ്സ് എംഡി ഡെന്നി തോമസ് വട്ടക്കുന്നേൽ എന്നിവരും വേദിയിൽ. സദസ്സിന്റെ നിലയ്ക്കാത്ത ആരവത്തിനൊടുവിൽ ക്ലബ്ബുകളുടെ ഫലപ്രഖ്യാപനം.

ജിൻസൺ, ജിൻസൺ

ആരാകും വിജയിയെന്ന അവതാരകയുടെ ചോദ്യത്തിനു സദസ്സ് മൂവരുടെയും പേരുകൾ ആർത്തുവിളിച്ചു. മഹേഷ് ഭൂപതി തന്നെ ജേതാവിനെ പ്രഖ്യാപിച്ചു, ജ‍ിൻസൺ ജോൺസൺ! യഥാർഥ സ്പോർട്സ്മാൻ സ്‍പിരിറ്റ് എന്താണെന്നു കാട്ടിക്കൊടുത്ത് രണ്ടാം സ്ഥാനക്കാരൻ ശ്രീശങ്കർ ഒന്നാം സ്ഥാനക്കാരനു വേണ്ടി ആകാശത്തേക്കു കൈകളുയർത്തി ആരവം മുഴക്കി. 

മൂന്നാം സ്ഥാനക്കാരൻ സജനും ഒപ്പം ചേർന്നു. വേദിയിൽ വർണക്കടലാസുകൾ മഴയായി പെയ്തു. മനോരമ എക്സിക്യുട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, സാന്റ മോണിക്ക ഗ്രൂപ്പ്സ് ചെയർമാൻ ഡെന്നി തോമസ് ചെമ്പഴ എന്നിവരുടെ സാന്നിധ്യത്തിൽ ഭൂപതി പുരസ്കാര ജേതാക്കൾക്കു ട്രോഫികളും സമ്മാനത്തുകയും കൈമാറി. പുരസ്കാര പ്രഭയുടെ മിഴിവുയർത്തി ഒടുവിൽ ഭൂപതിയുടെ വാക്കുകൾ; ‘‘ഇതു കേവലം സമ്മാനത്തുകയായി മാത്രം കാണരുത്, അംഗീകാരമാണിത്, നിങ്ങളുടെ നേട്ടങ്ങൾക്കു ലഭിക്കുന്ന വലിയ അംഗീകാരം..’’

താരങ്ങളുടെ സംഗമവേദി

പുതിയ തലമുറയുടെ  താരങ്ങളെ കണ്ട് മുൻ താരങ്ങളുടെ മനംനിറഞ്ഞു. രാജ്യാന്തര ചലച്ചിത്ര പുരസ്കാരവേദികളെ അനുസ്മരിപ്പിക്കുന്ന മഴവില്ലഴകിലുള്ള വേദി രാജ്യാന്തര കായികപ്രതിഭകളുടെയും സംഘാടകരു‍ടെയും ജനപ്രതിനിധികളുടെയും സംഗമവേദിയായി. 

കെ.വി. തോമസ് എംപി, എംഎൽമാരായ എ.എം.ആരിഫ്, റോജി ജോൺ, ഒളിംപ്യൻമാരായ ടി.സി. യോഹന്നാൻ, ഷൈനി വിൽസൻ, മേഴ്സി കുട്ടൻ, എം.ഡി. വൽസമ്മ, എ. രാധിക, കെ.എം. ബിനു, എന്നിവരും ഐ.എം.വിജയൻ, സി.സി.ജേക്കബ്, സി.വി.പാപ്പച്ചൻ, ടി.കെ.ചാത്തുണ്ണി, ടോം ജോസഫ്, എസ്.ഗോപിനാഥ്, രാജ് വിനോദ്, ബി. അനിൽ, എസ്.പ്രദീപ് കുമാർ,  കെ.എ. ആൻസൻ, ടി.പി.ഔസേപ്പ്,  കെ.പി.തോമസ്, പി. ഐ. ബാബു, എസ്.എ.എസ്. നവാസ്, പി.വി. ശ്രീനിജിൻ,  ചാർളി ജേക്കബ്, കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് , ബിനോ ജോർജ് തുടങ്ങിയവരും സദസ്സിലെ നിറസാന്നിധ്യമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com