ADVERTISEMENT

കൊച്ചി ∙ ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനാണ് മഹേഷ് ഭൂപതി.1997 ഫ്രഞ്ച് ഓപ്പൺ‍ മിക്സഡ് ഡബിൾസിൽ ജപ്പാൻകാരി റികാ ഹിരാകിയുമായി ചേർന്ന് മഹേഷ് കപ്പുയർത്തിയപ്പോൾ ലോകടെന്നിസിന്റെ ജാലകവും ഇന്ത്യക്കായി തുറന്നു. ലിയാൻഡർ പെയ്സ്, സാനിയ മിർസ, രോഹൻ ബൊപ്പണ്ണ സഖ്യങ്ങൾ ഡബിൾ‍സിലും മിക്സ്ഡ് ഡബിൾസിലും പിന്നീടു നേടിയ വിജയങ്ങളുടെ തുടക്കവും അവരുടെ പങ്കാളിയും ഭൂപതിയായിരുന്നു.

നെറ്റിനോട് ചേർന്ന് ലിയാൻഡർ‍ പെയ്സ്. പിന്നിലെ ബെയ്സ് ലൈനിരുകിൽ പക്വതയോടെ അമരക്കാരനായി മഹേഷ് ഭൂപതി.ഇന്ത്യൻ ടെന്നിസിന്റെ സുവർണകാല ചിത്രം എത്രയോ വർഷങ്ങളായി ഇൗ ജോടിയായിരുന്നു.കളിക്കളത്തിൽ നിന്നു വിരമിച്ചെങ്കിലും ഭൂപതിയുടെ ശ്വാസവും നിശ്വാസവും ടെന്നിസാണ്. ഇന്ത്യയുടെ ഡേവിസ് കപ്പ് ടീമിന്റെ നോൺപ്ലേയിങ് ക്യാപ്റ്റനുമാണ് പാതിമലയാളിയായ മഹേഷ് ഭൂപതി. മലയാള മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാര സമർപ്പണച്ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ ഭൂപതി ലോകടെന്നിസിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

ടെന്നിസ് ഇപ്പോഴും ഇന്ത്യയിൽ‍ സമ്പന്നന്റെ കളിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്?

അതിന്റെ കാരണം പ്രധാനമായും ടെന്നിസ് കോർട്ടുകളെല്ലാം പ്രൈവറ്റ് ക്ലബ്ബുകളിലാണുള്ളത് എന്നതാണ്. ഇൗ ക്ലബ്ബുകളിലെ അംഗത്വം എല്ലാവർക്കും താങ്ങാനാകില്ല. ലണ്ടനിലും മറ്റും ഒരു പൗണ്ട്് കൊടുത്താൽ പബ്ലിക് പാർക്കുകളിലുള്ള ടെന്നിസ് കോർട്ടുകളിൽ കുട്ടികൾക്ക് കളിക്കാം. പത്തു ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ടെന്നിസ് കോർട്ട് നിർമിക്കാം. സിന്തറ്റിക് ട്രാക്കും മറ്റും നിർമിക്കുന്നതിന്റെ അത്ര പോലും ചെലവില്ല. 

ഡബിൾസിനെക്കുറിച്ച് ഇന്ത്യൻ ടെന്നിസ് ഇനി സംസാരിക്കേണ്ട സിംഗിൾസിനെക്കുറിച്ച് പറയൂ എന്ന് താങ്കൾ കൂടെക്കൂടെ പറയുന്നുണ്ടല്ലോ ?

ഡബിൾസിൽ ഇന്ത്യക്ക് നാൽ‍പ്പതോളം ഗ്രാൻസ്ലാം കിരീടങ്ങളുണ്ട്.എന്നാൽ സിംഗിൾസിൽ ലോകറാങ്കിങ്ങിൽ‍ ആദ്യത്തെ നൂറിൽ എത്ര ഇന്ത്യക്കാരുണ്ട്? സാനിയമിർസയ്ക്കു മുൻപും ശേഷവും നമുക്ക് വനിതാ ടെന്നിസിൽ ഒരാളെ എടുത്തുകാണിക്കാനില്ല. ചൈനയ്ക്ക് ലീ നയുണ്ട്.ജപ്പാനു നൊവോമി ഒസാകയും നിഷികോരിയുമുണ്ട്. ചൈനയിൽ സർക്കാർ തന്നെ ടെന്നിസിൽ വലിയ നിക്ഷേപമാണ് നടത്തുന്നത്.ഷാങ്ഹായ് നഗരത്തിൽ‍ ഒരു വർഷം 1000 ടെന്നിസ് ഇവന്റ്സുണ്ട്. ഇവിടെ കഴിഞ്ഞ വിമ്പിൾഡൻ‍ ടെലിവിഷനിൽ കണ്ടത് 50 ലക്ഷം പേർ മാത്രമാണ്. ടെന്നിസിന്റെ വളർച്ച മറ്റു കായിക ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കുറവാണ്.

രമേശ് കൃഷ്ണൻ,വിജയ്അമൃതരാജ് സഖ്യം ഭൂപതി– പെയ്സ് സഖ്യം അവരുണ്ടാക്കിയ ആവേശമൊന്നും ഡേവിസ് കപ്പിൽ ഇപ്പോൾ കാണുന്നില്ല.ഡേവിസ് കപ്പിനോടുള്ള താൽപര്യം കുറയുന്നുണ്ടോ ? 

ഡേവിസ് കപ്പ് കളിക്കുന്നത് 195 രാജ്യങ്ങളാണ്. കൊൽക്കത്തയിൽ‍ ഇത്തവണ നമ്മൾ ഇറ്റലിക്കെതിരെ കളിച്ചപ്പോൾ സ്റ്റേഡിയം ഫുൾ ആയിരുന്നു. പ്രധാന പത്രങ്ങളില്ലെല്ലാം ക്രിക്കറ്റിനേക്കാൾ കവറേജും ഡേവിസ് കപ്പിനു കിട്ടി. പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മൽസരം. അതു പാക്കിസ്ഥാനിലാണ്. കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കളിക്കും.

Mahesh Bhupathi

 പുരുഷ ടെന്നിസ് ഫെഡറർ,നദാൽ‍,ജോക്കോവിച്ച് എന്നിവർക്കു ചുറ്റും മാത്രം കറങ്ങുകയാണ്. താങ്കൾ ഭാവിയുടെ താരങ്ങളായി കാണുന്നത് ആരെയെല്ലാമാണ് ?

ഇപ്പോഴത്തെ മുൻനിര താരങ്ങൾ‍ പരമാവധി രണ്ടു വർഷം കൂടിയേ കളത്തിൽ സജീവമായുണ്ടാകൂ. റഷ്യയിൽ നിന്നൊരു യുവനിര വളർന്നുവരുന്നുണ്ട്.ഡാനിയേൽ‍ മെദ്‍വദേവ്, കാരൻ കാച്ചനോവ് ഇവരിലൊരാൾ ഒന്നാം സീഡായാൽ അത്ഭുതപ്പെടേണ്ട. ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, ഓസ്ട്രിയയുടെ ഡൊമനിക് തിയെം, കാനഡയുടെ യുവപ്രതിഭ ഫീലിക്സ് എന്നിവർ വലിയ വിജയങ്ങൾ വരും വർഷങ്ങളിൽ‍ നേടുമെന്നാണ് എന്റെ പ്രതീക്ഷ. ഇപ്പോഴത്തെ ലോക റാങ്കിങ്ങിലെ ആദ്യ ഇരുപതു പേരിൽ 15 പേരും 24 വയസ്സിൽ താഴെയുള്ളവരാണ്. അവർ ഭാവിയിൽ വലിയ നേട്ടങ്ങളുണ്ടാക്കും. 

ഭൂപതിയുടെ അമ്മ മീരാ ജോർജിന്റെ പിതാവ് പുത്തൻ പറമ്പിൽ ചാക്കോ ജോർജ് തിരുവല്ല കുമ്പനാട് സ്വദേശിയാണ്. ഭൂപതിയുടെ വീട്ടിലും റാക്കറ്റിൽ‍ തലമുറ മാറ്റം നടന്നു കഴിഞ്ഞു. മഹേഷിന്റെയും മുൻ മിസ് യൂണിവേഴ്സ് ലാറ ദത്തയുടെയും മകൾ സൈറക്കിപ്പോൾ ഏഴുവയസ്. അച്ഛന്റെ കീഴിൽ മുംബൈയിൽ‍ ടെന്നിസ് പരിശീലനം തുടങ്ങിക്കഴിഞ്ഞു സൈറയും. സൈറയ്ക്ക് ടെന്നിസിൽ പാഷനുണ്ടെന്ന് സന്തോഷത്തോടെ ഭൂപതിയുടെ വാക്കുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com