ADVERTISEMENT

കാറോട്ട കമ്പത്തിനു തിരി കൊളുത്തിക്കഴിഞ്ഞു. മെൽബൺ മുതൽ അബുദാബി വരെ 21 സർക്യൂട്ടുകളിലൂടെ പടരുന്ന അതിവേഗത്തിന്റെ അഗ്നിപാതകൾ. അഞ്ചു വട്ടം എഫ് വൺ കിരീടം ചൂടിയ അഭിമാനത്തോടെയെത്തുന്ന മെഴ്സിഡീസിന്റെ ബ്രിട്ടിഷ് ഡ്രൈവർ ലൂയിസ്‍ ഹാമിൽട്ടൻ. ഫെറാറിക്കു വേണ്ടി കീരീടവേട്ടയ്ക്കിറങ്ങുന്ന, 4 വേഗക്കിരീടങ്ങൾ കയ്യിലുള്ള ജർമൻ താരം സെബാസ്റ്റ്യൻ വെറ്റൽ. മെഴ്സിഡീസിന്റെയും ഫെറാറിയുടെയും വെല്ലുവിളി അതിജീവിച്ച് ഇടയ്ക്കിടെ പോഡിയത്തിൽ മിന്നൽ സന്ദർശനം നടത്തുന്ന റെഡ് ബുൾ താരങ്ങൾ. മറ്റൊരു ഹൈ വോൾട്ടേജ് സീസൺ പ്രതീക്ഷിച്ച് ആരാധകർ.

പുതിയ ടീമുകൾ

റേസിങ് പോയിന്റ്, ആൽഫാ റോമിയോ എന്നീ പേരുകളിൽ ഈ സീസണിൽ പുത്തൻ ടീമുകൾ സർക്യൂട്ടിലിറങ്ങും. വേഗപ്പോരാട്ടത്തിലെ ഇന്ത്യൻ സാന്നിധ്യമായ ഫോഴ്സ് ഇന്ത്യയുടെ പുതിയ പേരാണു റേസിങ് പോയിന്റ്. വില്യംസ് ഡ്രൈവറായിരുന്ന ലാൻസ് സ്ട്രോൾ സെർജിയോ പെരസിനൊപ്പം ചേരും. ലാൻസ് സ്ട്രോളിന്റെ പിതാവാണു ഫോഴ്സ് ഇന്ത്യയുടെ ഓഹരികൾ കൈവശപ്പെടുത്തിയത്. ടീം സേബർ പേരു മാറി ആൽഫാ റോമിയോ ആയി എത്തുമ്പോൾ എഫ് വൺ ചരിത്രത്തിലെത്തന്നെ വമ്പൻ ബ്രാൻഡ് ആണു തിരിച്ചെത്തുന്നത്. മുൻ ചാംപ്യൻ കിമി റെയ്ക്കോണനാണു ടീമിനെ നയിക്കുക. 

പുതിയ താരങ്ങൾ

മെഴ്സിഡീസും ടീം ഹാസും മാത്രമാണു 2018ലെ ഡ്രൈവർമാരെ നിലനിർത്തിയത്. ഫെറാറിയുടെ പുതിയ താരം ചാൾസ് ലെക്ലാർക്ക് കഴിഞ്ഞ സീസണിൽ അബുദാബി ഗ്രാൻപ്രിയിൽ സേബറിനായി മൽസരിച്ചെങ്കിലും 2019ൽ ഗ്ലാമർ ടീമിൽ എത്തിയതോടെ പുതുമുഖ പരിവേഷമാണുള്ളത്. മക്‌ലാരന്റെ ലാൻഡോ നോറിസ്, ടോറോ റോസോയുടെ അലക്സാണ്ടർ ആൽബൺ, ടീം വില്യംസിലെ ജോർജ് റസൽ എന്നിവരാണ് ഇക്കുറി അരങ്ങേറുന്ന എഫ് വൺ താരങ്ങൾ. കിമി റെയ്ക്കോണനൊപ്പം ആൽഫ റോമിയോക്കു വേണ്ടി അണിനിരക്കുന്ന അന്റോണിയോ ജിയോവിനസിയും താരതമ്യേന പുതുമുഖമാണ്.

ഈ സീസണിൽ ഏതു ടീമിനാവും മുൻതൂക്കം ?

2018 സീസണിൽ നിന്ന് ഏറെ വ്യത്യസ്തമല്ല ഇത്തവണയും കാര്യങ്ങൾ. ഒട്ടേറെ പരീക്ഷണങ്ങളും മാറ്റങ്ങളും വരുത്തിയെങ്കിലും മെഴ്സിഡീസിനെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കാൻ ഫെറാറിക്കോ മറ്റു ടീമുകൾക്കോ കഴിയില്ലെന്നതാണു നിലവിലെ അവസ്ഥ. എന്നാൽ, വെറ്റലിന്റെ അതിസാഹസികതയിലും കാറോട്ട മികവിലും വിശ്വാസമുള്ള ടീം ഫെറാറി എളുപ്പം വിട്ടുകൊടുക്കാനുള്ള ഭാവമില്ല. ഫെറാറിയുമായി കടുത്ത പോരാട്ടമാകും ഈ സീസണിൽ എന്നാണു മെഴ്സിഡീസിന്റെ വിലയിരുത്തൽ. എന്തു വില കൊടുത്തും കിരീടം കൈപ്പിടിയിലൊതുക്കുക എന്നതാണു ഫെറാറി ലക്ഷ്യമിടുന്നത്. കിമി റെയ്ക്കോണന്റെ പരിചയസമ്പത്തിനെ മറികടന്നു കൗമാരതാരം  ചാൾസ് ലെക്ലാർക്കിനെയാണു ഫെറാറി വെറ്റലിനൊപ്പം ഇറക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com