ADVERTISEMENT

ദോഹ∙ ഹോർമോൺ വിവാദത്തിൽ കോടതി വിധി തിരിച്ചടിയായതിനു പിന്നാലെ മരുന്നു കഴിച്ച് പുരുഷ ഹോർമോണിന്റെ അളവു കുറയ്ക്കില്ലെന്നറിയിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം കാസ്റ്റർ സെമന്യ വെളിപ്പെടുത്തി. 

‘ മരുന്നുകഴിച്ച് ഹോർമോൺ നിയന്ത്രിക്കുന്നത് എന്റെ ആരോഗ്യത്തെ ബാധിക്കും. കായിക ഭാവി തുലയ്ക്കും. അതിനു ഞാനില്ല– രണ്ടു തവണ ഒളിംപിക് ചാംപ്യനായ സെമന്യയുടെ പ്രതികരണം ദോഹയിൽ നടക്കുന്ന ഡയമണ്ട് ലീഗ് ചാംപ്യൻഷിപ്പിനിടെയായിരുന്നു.

അളവിൽ കൂടുതൽ പുരുഷ ഹോർമോൺ ശരീരത്തിലുള്ള വനിതാ താരങ്ങൾക്ക് 400, 800,1500 മീറ്റർ ഇനങ്ങളിൽ വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് കാസ്റ്റർ സെമന്യ രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചത്. 

ഈ തീരുമാനത്തിന്റെ ഏറ്റവും വലിയ ഇരയും 800 മീറ്ററിൽ രണ്ടുതവണ ഒളിംപിക് ചാംപ്യനായ സെമന്യയായിരുന്നു. എന്നാൽ, സെമന്യയുടെ അപ്പീൽ തള്ളിയ കോടതി, പുരുഷ ഹോർമോണിന്റെ അളവ് കൂടുതലുള്ള വനിതാ താരങ്ങൾ അതു മരുന്നുകഴിച്ച് കുറയ്ക്കണമെന്നാണ് കഴിഞ്ഞദിവസം നിർദേശിച്ചത്.

സമയനഷ്ടം തിരിച്ചടിയാകും

വനിതാ താരങ്ങളുടെ ഒരു ലീറ്റർ രക്ത്തിൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അഞ്ചു നാനോമോൾ അളവിൽ കൂടുതൽ ഉണ്ടാവരുതെന്നാണ് കോടതി വിധി. സെമന്യയുടെ രക്തത്തിലെ പുരുഷ ഹോർമോണിന്റെ അളവ് 10 നാനോമോളിൽ കൂടുതലെന്നാണ് അത്‍ലറ്റിക് ഫെഡറേഷന്റെ വാദം. മരുന്നുകഴിച്ച് ഹോർമോൺ നിയന്ത്രിക്കുന്നതോടെ 800 മീറ്റർ പൂർത്തിയാക്കാൻ സെമന്യയ്ക്കു 7 സെക്കൻഡ് വരെ അധികം വേണ്ടിവന്നേക്കും. 

2015നുശേഷം രാജ്യാന്തര മൽസരങ്ങളിൽ 800 മീറ്ററിൽ തോൽവിയറിയാതെ മുന്നേറുന്ന സെമന്യയ്ക്കു ഈ സമയ നഷ്ടം വലിയ തിരിച്ചടിയാകും. ഹോർമോൺ നിയന്ത്രണത്തെ സെമന്യ എതിർക്കുന്നതിനു കാരണമിതാണ്.

5000 മീറ്ററിലേക്ക് ചുവടുമാറ്റം ?

അപ്പീൽ തള്ളിയതോടെ പുരുഷ ഹോർമോൺ നിയന്ത്രണം ബാധകമല്ലാത്ത 5000 മീറ്ററിലേക്കു ചുവടുമാറ്റുമെന്നതിന്റെ സൂചനയും സെമന്യ ഇന്നലെ നൽകി. 

സെപ്റ്റംബറിൽ ദോഹയിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പിനും അടുത്തവർഷം നടക്കുന്ന ഒളിംപിക്സിനും യോഗ്യത ഉറപ്പിക്കുകയെന്നതാണ് ഇനി സെമന്യയ്ക്കു മുന്നിലുള്ള വെല്ലുവിളി.

സെമന്യയ്ക്ക് സ്വർണം 

ദോഹ ∙ വിവാദങ്ങളിൽ തളരാതെ ട്രാക്കിൽ വീണ്ടും സെമന്യയുടെ വേഗക്കുതിപ്പ്. ഡയമണ്ട് ലീഗ് ചാംപ്യൻഷിപ്പിന്റെ 800 മീറ്ററിൽ ഇന്നലെ സ്വർണം നേടിയതോടെ ഹോർമോൺ വിവാദങ്ങളും കോടതി വിധിയും തന്നെ തെല്ലും ബാധിച്ചിട്ടില്ലെന്നു തെളിയിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കൻ താരം.  സെമന്യയുടെ 800 മീറ്ററിലെ അവസാന മൽസരമായിരിക്കും ഇത്. 

വനിതാ താരങ്ങൾക്കുള്ള ഹോർമോൺ നിയന്ത്രണം മേയ് 8 മുതൽ പ്രാബല്യത്തിലാക്കാനാണ് അത്‍ലറ്റിക് ഫെഡറേഷന്റെ തീരുമാനം,  സെമന്യ 1.54 മിനിറ്റിൽ ഓടിയെത്തിയാണ് 800 മീറ്ററിൽ സ്വർണം നേടിയത്. ഈയിനത്തിൽ താരത്തിന്റെ തുടർച്ചയായ മുപ്പതാം വിജയമാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com