ADVERTISEMENT

ചേസും ഫൈറ്റുമാണ് ചെസിൽ നിഹാലിന്റെ ശീലം. ചേസ് ചെയ്യുന്നത് റെക്കോർഡുകളെ, ഫൈറ്റ് ചെയ്യുന്നത് ചാംപ്യൻമാരോടും. നിഹാൽ പിന്തുടർന്നു പിടികൂടി തന്റേതാക്കിയ റെക്കോർഡുകളിൽ ഒടുവിലത്തേതാണ് എലോ റേറ്റിങ്ങിലെ 2600 ക്ലബ് അംഗത്വം. റേറ്റിങ്ങിൽ 2600 പിന്നിടുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ ലോകതാരവും ഒന്നാമത്തെ ഇന്ത്യക്കാരനുമായി നിഹാൽ മ‍ാറ‍ിയിരിക്കുന്നു.

2598 റേറ്റിങ്ങുമായി സ്വീഡനിലെ മൽമോയിൽ സീഗ്മാൻ ആൻഡ് കോ ചെസ് ടൂർണമെന്റിനെത്തിയ നിഹാൽ, ആദ്യ രണ്ടു റൗണ്ടുകളിൽ സമനില പിടിച്ചാണ് ചരിത്രനേട്ടം വെട്ടിപ്പിടിച്ചത്. ലൈവ് റേറ്റിങ്ങിൽ 2 പോയിന്റ് കൂട്ടിച്ചേർത്ത് 2600 തികച്ചെങ്കിലും ഫിഡെയുടെ ഔദ്യോഗിക പ്രഖ്യാപനം ടൂർണമെന്റിനു ശേഷമേ ഉണ്ടാകൂ. ഏഴു വർഷം മുൻപു മുത്തച്ഛനുമായി ചെസ് കളിച്ചുനടന്ന ഏഴുവയസുകാരൻ പയ്യനായിരുന്നു നിഹാൽ. അടുത്ത ഏഴു വർഷം കൊണ്ടു ചെസ് റെക്കോർ‍ഡ് ബുക്കിലെ ‘ലിറ്റിൽ മാസ്റ്റർ’ ആയതിനു പിന്നിൽ ചേസുമുണ്ട്, ഫൈറ്റുമുണ്ട്!

∙ പിടിച്ചുവാങ്ങിയ രണ്ടാം സമനില

ജർമൻ ഗ്രാൻഡ്മാസ്റ്റർ ലീവ്യു ദീത്തർ നിസിപീന‍‍ിനെ പിന്നിൽ നിന്നു പിടിച്ചുകയറി സമനിലയിൽ കുരുക്കിയാണ് നിഹാൽ സരിൻ എലോ റേറ്റിങ് 2600ൽ എത്തിച്ചത്. കറുത്ത കരുക്കളിൽ കളിച്ച നിഹാലിന് തുടക്കം എളുപ്പമായിരുന്നില്ല. എന്നാൽ, പ്രായത്തെ വെല്ലുന്ന പക്വതയോടെ നിസിപീന‍‍ിനെ സമനിലക്കെണിയിൽ വീഴ്ത്തി. ഫിഡെ റേറ്റിങ് പുതുക്കുമ്പോൾ നിഹാലും 2600 ക്ലബിൽ ഇടംപിടിച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

∙ 2850 – ബാലികേറാമല

എലോ റേറ്റിങ്ങിലെ മാജിക് നമ്പർ ആണ് 2850. റേറ്റിങ്ങിൽ 2850 കടന്ന രണ്ടു താരങ്ങളേ ചരിത്രത്തിലുള്ളൂ. നിലവിലെ ലോക ചാംപ്യൻ മാഗ്നസ് കാൾസണും ഇതിഹാസതാരം ഗാരി കാസ്പറോവും. പതിമൂന്നാം വയസിൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടി അത്ഭുത ബാലനായ കാൾസൺ, 2009ൽ റേറ്റിങ്ങിൽ 2800 മറികടന്നു. അഞ്ചുവർഷം മുൻപ് 2882 എന്ന മാന്ത്രിക റേറ്റിങ്ങുമായി ലോക റെക്കോർഡിട്ടു. 2851 എലോ റേറ്റ‍ിങ്ങുമായി വിഖ്യാത താരം ഗാരി കാസ്പറോവ് ആണ് കാൾസണിനു പിന്നിൽ രണ്ടാം സ്ഥാനത്ത്. ഇവർ രണ്ടുപേരുമല്ലാതെ 2850 പോയിന്റ് കടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.

എലോ റേറ്റിങ്ങിലെ ടോപ് ഫൈവ് ഇങ്ങനെ:

1. മാഗ്നസ് കാൾസൺ (നോർവേ) – 2882 

2. ഗാരി കാസ്പറോവ് (റഷ്യ) – 2851 

3. ഫാബിയാനോ കരൂന (യുഎസ്) – 2844

4. ലവൺ അരോനിയൻ (അർമീനിയ) – 2830

5. വെസ്‌ലി സോ (യുഎസ്) – 2822

∙ വല്യുപ്പ തെളിച്ച വഴിയേ...

തൃശൂർ അയ്യന്തോൾ ‘ശ്രുതി’യിൽ ചെസ് കളി കാര്യമാകാൻ കാരണക്കാരൻ നിഹാലിന്റെ വല്യുപ്പയായ ഉമ്മർ ആണ്.  നിഹാലിന്റെ മാതാപിതാക്കളായ മുളങ്കുന്നത്തുകാവ് മെഡിക്കൽ  കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. എ. സരിനും സൈക്യാട്രിസ്റ്റ് ഡോ. ഷിജിൻ എ. ഉമ്മറും ഉറച്ച പിന്തുണയുമായി കൂടെനിന്നു. നേഹ സരിൻ ആണ് സഹോദരി. 

7–ാം വയസ്സിൽ: തൃശൂർ അയ്യന്തോളിലെ ശ്രുതിയെന്ന വീടിനുള്ളിലൊതുങ്ങുന്നതായിരുന്നു നിഹാൻ സരിന്റെ ലോകം. ഒരിടത്തും അടങ്ങിയിരിക്കാതെ ഓടിനടക്കുന്ന പേരക്കുട്ടിയെ അടക്കിയിര‍ുത്താൻ നിഹാലിന്റെ വല്യുപ്പ ചെസ് കളിയെന്ന മാർഗം സ്വീകരിക്കുന്നു. അതിവേഗം കളിപഠിച്ച നിഹാൽ, ആദ്യം വല്യുപ്പ യെയും പിന്നീടു മുന്നിലെത്തിയ ഓരോരുത്തരെയും തോൽപ്പിച്ച് അത്ഭുതമായി. ഒരുവർഷം കൊണ്ട് ഫിഡെ റേറ്റിങ് നേടി. അതിവേഗം 1268 റേറ്റിങ്ങിലെത്തി. 

8–ാം വയസ്സിൽ: അണ്ടർ 25 ജില്ലാ ചെസ് ചാംപ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല ചാംപ്യൻ അടക്കമുള്ളവരെ തോൽപ്പിച്ചു കിരീടം. രണ്ടുവർഷത്തിനിടെ സംസ്ഥാനതലത്തിൽ മുപ്പതോളം ടൂർണമെന്റുകളിൽ കിരീടം. അണ്ടർ 9 വിഭാഗം സംസ്ഥാന ചാംപ്യനായി. 

9–ാം വയസ്സിൽ: ദേശീയ അണ്ടർ 9 ചെസിൽ ചാംപ്യൻ. ദേശീയ യൂത്ത് ചെസ് ചാംപ്യനുമായി. അൽഐനിൽ നടന്ന ലോക യൂത്ത് ചെസിൽ അണ്ടർ 10 വിഭാഗം ചാംപ്യനായി വാർത്തകളിലിടംപിടിച്ചു. 

10–ാം വയസ്സിൽ: ഉസ്ബക്കിസ്ഥാനിലെ താഷ്കന്റിൽ നടന്ന ഏഷ്യൻ യൂത്ത് റാപ്പിഡ് ചെസിൽ കിരീടം. അതേവർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗം കിരീടം. 

11–ാം വയസ്സിൽ: അണ്ടർ 12 വിഭാഗം ലോക യൂത്ത് ചെസിൽ റണ്ണറപ്പായി. 28–ാം സീഡ് ആയി ടൂർണമെന്റിനെത്തിയ നിഹാൽ, ഒൻപതു പോയിന്റുമായി ഒന്നാം സ്ഥാനം പങ്കിട്ടെങ്കിലും ടൈബ്രേക്കറിൽ പരാജയം സമ്മതിക്കുകയായിരുന്നു. 

12–ാം വയസ്സിൽ: ഫ്രാൻസിൽ നടന്ന ടൂർണമെന്റിൽ കനേഡിയൻ ലോകചാംപ്യൻ കെവിൻ സ്പ്രാഗറ്റ് അടക്കം രണ്ടു ഗ്രാൻഡ്മാസ്റ്റർമാരെ സമനിലയിൽ കുരുക്കിയും മറ്റൊരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിച്ചും വിസ്മയം സൃഷ്ടിച്ചു. ഇന്റർനാഷണൽ മാസ്റ്റർ പദവി പോലും നേടുന്നതിനു മുൻപായിരുന്നു ഇത്. ഇന്റർനാഷണൽ മാസ്റ്റർ പദവിക്കുള്ള ആദ്യ നോം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ താരവും നിഹാൽ ആയി. 

13–ാം വയസ്സിൽ: ഇന്റർനാഷണൽ മാസ്റ്റർ പദവി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ മൂന്നാമത്തെ ലോകതാരവും രണ്ടാമത്തെ ഇന്ത്യക്കാരനും ആദ്യ മലയാളിയുമായി നിഹാൽ. എലോ റേറ്റിങ്ങിൽ 2400 പിന്നിട്ടു കുതിച്ചു. ലോക യൂത്ത് ചെസ് ഒളിംപ്യാഡിൽ വീണ്ടും സ്വർണമണിഞ്ഞു. 

14–ാം വയസ്സിൽ: ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ ഇന്ത്യാക്കാരനായി. എലോ റേറ്റിങ്ങിൽ 2500 കടന്നു. വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ കുരുക്കി മികവു തെളിയിച്ചു. ഒടുവിലിതാ, 2600 എലോ റേറ്റിങ് ക്ലബിൽ അംഗത്വവും. 

English Summary: Nihal Sarin from Kerala becomes youngest Indian to cross 2600 rating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com