sections
MORE

ലോക റെയ്‌സ് വോക്കിങ് കപ്പി‍ൽ ഇന്ത്യയ്ക്ക് വെങ്കലം; നടന്നത് ചരിത്രം!

kt-irfan-medal
2012 ലോക റെയ്സ് വോക്കിങ് കപ്പിൽ കെ.ടി. ഇർഫാൻ (ഇടത്) – ഫയൽ ചിത്രം
SHARE

ന്യൂഡൽഹി ∙ ലോക അത്‍ലറ്റിക്സ് വേദിയിൽ ടീമിനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ സംഘമെന്ന നേട്ടം സ്വന്തമാക്കി മലയാളി താരം കെ.ടി.ഇർഫാൻ ഉൾപ്പെടുന്ന നടത്തക്കാർ. റഷ്യയിൽ 7 വർഷം മുൻപു നടന്ന ലോക റെയ്സ് വോക്കിങ് കപ്പിൽ 20 കിലോമീറ്റർ നടത്ത മത്സരത്തിൽ ഇന്ത്യ നേടിയ നാലാം സ്ഥാനം രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷൻ മൂന്ന് ആക്കി ഉയർത്തിയതോടെ ഇർഫാൻ ഉൾപ്പെടുന്ന മൂന്നംഗ സംഘത്തിനു വെങ്കലം ലഭിക്കും.

2012ൽ വെള്ളി നേടിയ യുക്രെയ്ൻ ടീമംഗത്തെ ഉത്തേജക പരിശോധനയിൽ അയോഗ്യനാക്കിതോടെയാണ് അവരുടെ മെഡൽ നഷ്ടപ്പെട്ടതും ഇന്ത്യയ്ക്കു മെഡൽ കിട്ടിയതും. ചൈനയ്ക്കും യുക്രെയ്നും ഓസ്ട്രേലിയയ്ക്കും പിന്നിൽ നാലാമതായിരുന്നു ഇന്ത്യ. എന്നാൽ, യുക്രെയ്ൻ താരം റസ്‍ലൻ മിത്രെങ്കോ അയോഗ്യനാക്കപ്പെട്ടതോടെ ഇന്ത്യയുടെ ഭാഗ്യം തെളിഞ്ഞു. ഓസ്ട്രേലിയയ്ക്കു വെള്ളി, ഇന്ത്യയ്ക്കു വെങ്കലം.

ഇർഫാനൊപ്പം ബാബുഭായി പനുച്ച, സുരീന്ദർ സിങ് എന്നിവരായിരുന്നു ടീമിൽ. 2005 ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ മലയാളിതാരം അ‍ഞ്ജു ബോബി ജോർജ് ലോങ്ജംപിൽ മെഡൽ നേടിയശേഷം ഇതാദ്യമായാണ് ഒരു മലയാളിക്കു രാജ്യാന്തര അത്‍ലറ്റിക് വേദിയിൽ മെഡൽ ലഭിക്കുന്നത്. അ‍ഞ്‍ജുവിന്റേതു വ്യക്തിഗത മെഡലാണെങ്കിൽ ഇർഫാന്റേതു ടീം മെഡലാണ്. നടത്തത്തിലെ ഏറ്റവും ഉയർന്ന ചാംപ്യൻഷിപ്പാണു ലോക റെയ്സ് വോക്കിങ് കപ്പ്. 2 വർഷത്തിലൊരിക്കലാണു ചാംപ്യൻഷിപ്.

ഈ മെഡൽ ഇലാന് സ്വന്തം!

ഭാഗ്യത്തിലും നിർഭാഗ്യത്തിലുമൊന്നും വിശ്വസിക്കുന്നയാളല്ല ഒളിംപ്യൻ കെ.ടി.ഇർഫാൻ. മലപ്പുറം അരീക്കോട് കീഴുപറമ്പിൽനിന്നു ലണ്ടൻ ഒളിംപിക്സിലൂടെ ഇന്ത്യൻ അത്‌ലറ്റിക്സിന്റെ നെറുകയിലേക്കു നടന്നുകയറിയ ഇർഫാൻ പറയുന്നത് ഇത്രമാത്രം: ‘കഠിനാധ്വാനം ചെയ്താൽ മതി, ഫലം തനിയെ വന്നുകൊള്ളും.’ 7 വർഷം മുൻപുള്ള പ്രകടനത്തിന് ലോക മെഡൽ എന്ന സന്തോഷം ഇന്നലെ രാവിലെ ഫോണിൽ അറിഞ്ഞപ്പോൾ ഹിമാചൽ പ്രദേശിലെ ധർമശാലയിലായിരുന്നു താരം. ചാറ്റൽ മഴയും തണുപ്പും വകവയ്ക്കാതെ ലോക ചാംപ്യൻഷിപ്പിനുള്ള ഒരുക്കത്തിൽ.

റഷ്യ ഇർഫാനു മറക്കാൻ കഴിയില്ല. കാരണം, 2012 മേയിൽ റഷ്യയിൽ നടന്ന ലോക റെയ്സ് വോക്കിങ് കപ്പ് കരിയറിലെ ആദ്യ രാജ്യാന്തര മീറ്റായിരുന്നു. അന്ന് 22 വയസ്സ്. ദേശീയ മീറ്റുകളിൽ മാത്രം പങ്കെടുത്ത പരിചയം വച്ച് റഷ്യയിലെ സാറൻസ്ക് തെരുവിലൂടെ വച്ചുപിടിച്ചു. ഏതൊരു കായികതാരവും കൊതിക്കുന്ന നേട്ടമാണ് അന്നു സ്വന്തമാക്കിയത്; ഒളിംപിക്സ് യോഗ്യത. ഏഷ്യൻ ഗെയിംസിനും കോമൺവെൽത്ത് ഗെയിംസിനും മുൻപ് ഒളിംപിക്സ്! ലണ്ടൻ ഒളിംപിക്സിലെ 20 കിലോ മീറ്റർ നടത്തത്തിന്റെ യോഗ്യതാ സമയമായ ഒരു മണിക്കൂർ 22.30 മിനിറ്റിനെക്കാൾ താഴെ 1:22.09ൽ ഇർഫാൻ ഫിനിഷ് ചെയ്തു.

ലണ്ടൻ ഒളിംപിക്സിലോ? ഒരു മണിക്കൂർ 20.21 മിനിറ്റിൽ പത്താമനായി ഫിനിഷ് ചെയ്ത് ഇർഫാൻ ഏവരെയും വിസ്മയിപ്പിച്ചു. ദേശീയ റെക്കോർഡ്. പിന്നാലെ ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പുമെല്ലാം വന്നു. നടത്തത്തിലെ ഏഷ്യൻ, ലോക ചാംപ്യൻഷിപ്പുകൾ കടന്നുപോയി. പക്ഷേ, ലോക മെഡൽ എന്ന സ്വപ്നം എത്തിപ്പിടിക്കാനായില്ല.

തളരാതെ മുന്നേറാനുള്ള മനസ്സായിരുനു കൈമുതൽ. ഇക്കഴിഞ്ഞ മാർച്ചിൽ ടോക്കിയോ ഒളിംപിക്സ് യോഗ്യത സ്വന്തമാക്കി ആ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയായി. ദോഹ ലോക ചാംപ്യൻഷിപ്പിനും ടിക്കറ്റെടുത്തു. കഴിഞ്ഞ ഒൻപതിന് ഇർഫാനും ഭാര്യ സഹ്‌ലയ്ക്കും കൂട്ടായി രണ്ടാമത്തെ മകൻ പിറന്നു: ഹമദ് ഇലാൻ. ഈ സന്തോഷ വാർത്തയുടെ ട്രാക്കിൽ നിൽക്കുമ്പോൾ ഇലാന്റെ പുഞ്ചിരിയാണ് ഇർഫാന്റെ മനസ്സ് നിറയെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA