ADVERTISEMENT

ബാങ്കോക്ക് ∙ സാത്വിക് സായ്‌രാജ് റെഡ്ഡി, ചിരാഗ് ഷെട്ടി; ഈ രണ്ടു പേരുകളും ഇനി ചരിത്രത്തിലേക്ക്! തായ്‌ലൻഡ് ഓപ്പൺ പുരുഷ ഡബിൾസ് കിരീടമണിഞ്ഞ ഇവർ, ബിഡബ്ല്യുഎഫ് സൂപ്പർ 500 ബാഡ്മിന്റൻ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമെന്ന നേട്ടം പേരിനൊപ്പം ചേർത്തു. ഫൈനൽ പോരാട്ടത്തിൽ ചൈനയുടെ ലി ജുൻ ഹ്യുയ് – ലിയു യു ഷെൻ സഖ്യത്തെ 21–19, 18–21, 21–18നാണ് കീഴടക്കിയത്. പോരാട്ടം ഒരു മണിക്കൂറും 2 മിനിറ്റും നീണ്ടു. സഖ്യം പുരുഷ ഡബിൾസ് ലോക റാങ്കിങ്ങിൽ 16–ാം സ്ഥാനത്താണ്. സിംഗിൾസ് വിഭാഗത്തിൽ മത്സരിച്ച ഇന്ത്യൻ താരങ്ങളിൽ മറ്റാരും തായ്‌ലൻഡിൽ ഫൈനൽ കാണാതെ പുറത്തായതിനാൽ ഇവരുടെ ഉജ്വല നേട്ടത്തിനു തിളക്കമേറും.

ടൂർണമെന്റിന് സീഡില്ലാതെ എത്തിയ ഇന്ത്യൻ സഖ്യത്തിനു മുന്നിൽ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ചൈനയുടെ മൂന്നാം സീഡ് സഖ്യം വീണു. ഇഞ്ചോടിഞ്ചു പോരാട്ടം കണ്ട ആദ്യ ഗെയിമിൽ ഇരു ടീമും 14–14 വരെ തുല്യത പാലിച്ചതോടെതന്നെ ആവേശം എല്ലാ അതിരുകളും കടന്നു. പിന്നീട് 20–18നു മുന്നിലെത്തിയ ഇന്ത്യൻ സഖ്യം ആദ്യ ഗെയിം സ്വന്തമാക്കി. ഇന്ത്യൻ സഖ്യം രണ്ടാം ഗെയിമോടെ തന്നെ മത്സരം അവസാനിപ്പിക്കും എന്നു തോന്നിപ്പിച്ചതാണ്.

പക്ഷേ, തോൽവിയുടെ വക്കിൽനിന്നു തിരിച്ചടിച്ച ചൈനീസ് താരങ്ങൾ തുടർച്ചയായി 5 പോയിന്റുകൾ നേടി രണ്ടാം ഗെയിം സ്വന്തമാക്കി. നിർണായകമായ മൂന്നാം ഗെയിമിൽ  ക്ലൈമാക്സിൽ ചൈനീസ് സഖ്യം ലീഡ് 19–18 ആക്കി കുറച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീടു തുടർച്ചയായി 2 പോയിന്റുകൾ നേടിയ സാത്വിക് സായ്‌രാജും ചിരാഗ് ഷെട്ടിയും കിരീടത്തിൽ മുത്തമിട്ടു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com