ADVERTISEMENT

ബെംഗളൂരു ∙ പ്രളയത്തിന്റെ സങ്കടച്ചുഴിയിൽപ്പെട്ടു കണ്ണീരിൽ കഴിയുന്നവർക്കു പ്രചോദനമായി ഒരു കായികതാരം. 

വെള്ളത്തിൽ മുങ്ങിക്കിടന്ന കർണാടകയിലെ തന്റെ ഗ്രാമത്തിൽനിന്ന് സകല പ്രതിസന്ധികളെയും അതിജീവിച്ച് മെട്രോ നഗരത്തിലെത്തി ബോക്സിങ് ചാംപ്യൻഷിപ്പിൽ ജയിച്ച 19 വയസ്സുകാരനാണ് ഈ വാർത്തയിലെ നായകൻ. പേര് നിഷാൻ മനോഹർ കാദം.

കർണാടകയിലെ ബെളഗാവിയിൽ (പഴയ ബെൽഗാം) കഴിഞ്ഞയാഴ്ച നടന്ന ‌സംഭവം ഇപ്പോഴാണു പുറത്തുവരുന്നത്.

ബോക്സിങ് താരമാണു പ്ലസ്ടു വിദ്യാർഥിയായ നിഷാൻ. ബെളഗാവിക്കു സമീപമുള്ള മന്നൂർ ഗ്രാമത്തിലാണു താമസം. സംസ്ഥാന ചാംപ്യൻഷിപ്പിനായി ഒരുങ്ങുന്നതിനിടെയാണു ഗ്രാമത്തെ പ്രളയം വിഴുങ്ങിയത്.

വീട്ടിലും വെള്ളം കയറി. പരിശീലനം ഇടയ്ക്കുവച്ചു തടസ്സപ്പെട്ടു. കാത്തുകാത്തിരുന്ന മത്സരത്തിന്റെ തീയതി അടുത്തതോടെ നിഷാന് ഉറക്കമില്ലാതെയായി. എങ്ങനെയെങ്കിലും മത്സരത്തിൽ പങ്കെടുക്കണമെന്ന ചിന്ത മാത്രം.

ബസില്ല, ട്രെയിനില്ല, മറ്റു ചെറുവാഹനങ്ങൾ പോലുമില്ല. എന്തു ചെയ്യാൻ? 7–ാം തീയതി വൈകുന്നേരം പിതാവിനെയും കൂട്ടി നിഷാൻ പുറത്തേക്കിറങ്ങി. ബോക്സിങ് കിറ്റ് പ്ലാസ്റ്റിക് കൂടിനുള്ളിൽ പൊതിഞ്ഞ് ഇരുവരും നീന്തി.

മുക്കാൽ മണിക്കൂറോളം നീന്തി രണ്ടര കിലോമീറ്റർ പിന്നിട്ടപ്പോൾ പ്രധാന റോഡിലെത്തി. അവിടെനിന്നു ബസിൽ റെയിൽവേ സ്റ്റേഷനിലേക്ക്. രാത്രിയിൽ ബെംഗളൂരുവിലേക്കു ട്രെയിൻ കയറി.

3 ദിവസത്തിനുശേഷം ചാംപ്യൻഷിപ്പിലെ ലൈറ്റ് ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ വെള്ളി നേടി.   മെഡൽ നേടിയെങ്കിലും നിഷാന് സങ്കടം ബാക്കിയാണ്: ‘സ്വർണം നേടാൻ കഴിയാത്തതിൽ നിരാശയുണ്ട്. അടുത്ത വർഷം സ്വർണം നേടും, ഉറപ്പ്...’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com