ADVERTISEMENT

ന്യൂഡൽഹി ∙ മലയാളി അത്‌ലിറ്റ് വൈ.മുഹമ്മദ് അനസ് ഉൾപ്പെടെ 19 കായികതാരങ്ങൾക്ക് അർജുന അവാർഡിനു ശുപാർശ.

ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ ഉൾപ്പെടെയുള്ളവരുടെ പരിശീലകനായിരുന്ന മലയാളി യു.വിമൽ കുമാറിനു ദ്രോണാചാര്യ പുരസ്കാരത്തിനും കേരളത്തിൽ നിന്നുള്ള ഏക ഒളിംപിക് മെഡൽ ജേതാവ് മുൻ ഇന്ത്യൻ ഹോക്കി ഗോളി മാനുവൽ ഫ്രെഡറിക്കിനു ധ്യാൻചന്ദ് പുരസ്കാരത്തിനും വിദഗ്ധ സമിതി ശുപാർശ ചെയ്തു.

ഗുസ്തിതാരം ബജ്‌രംഗ് പുനിയയ്ക്കു പുറമേ പാരാലിംപിക്സ് താരം ദീപാ മാലിക്കിനെയും പരമോന്നത കായിക ബഹുമതിയായ ഖേൽ രത്നയുടെ പട്ടികയിൽ ഉൾപ്പെടുത്തി. 

12 അംഗ വിദഗ്ധ സമിതിയുടെ ശുപാർശ പരിഗണിച്ചു കേന്ദ്ര കായിക മന്ത്രാലയമാണു പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. സമിതിയുടെ മുഴുവൻ ശുപാർശകളും മന്ത്രാലയം അതേപടി അംഗീകരിക്കുകയാണു പതിവ്. മികവു പുലർത്തുന്ന കായികതാരങ്ങൾക്കാണ് അർജുന നൽകുന്നത്.

പരിശീലനരംഗത്തെ മികവിനാണു ദ്രോണാചാര്യ പുരസ്കാരം. ആജീവനാന്ത സംഭാവനയ്ക്കാണു ധ്യാൻചന്ദ് പുരസ്കാരം. 7.5 ലക്ഷം രൂപയാണു ഖേൽ രത്‌ന പുരസ്കാരത്തുക. അർജുന അവാർഡ് ജേതാക്കൾക്ക് 5 ലക്ഷം വീതം ലഭിക്കും. ദേശീയ കായികദിനമായ 29നു പുരസ്കാരങ്ങൾ സമ്മാനിക്കും.

വിദഗ്ധ സമിതിയിൽ ഉൾപ്പെട്ട ബോക്സിങ് താരം മേരികോമിന്റെ പരിശീലകൻ ഛോട്ടേലാൽ യാദവിനെ ദ്രോണാചാര്യ പുരസ്കാരത്തിനു പരിഗണിച്ചിരുന്നു. വിവാദം ഭയന്ന് മേരികോം യോഗത്തിൽ പങ്കെടുത്തില്ല.

അർജുനയെ വിമർശിച്ച് പ്രണോയ് 

ന്യൂ‍ഡൽഹി ∙ ദേശീയ കായികപുരസ്കാര നിർണയത്തെ വിമർശിച്ച് മലയാളി ബാഡ്മിന്റൻതാരം എച്ച്.എസ്.പ്രണോയ്. ‘പ്രകടനത്തിന് നമ്മുടെ രാജ്യത്ത് ഒരു വിലയുമില്ല.

ചിലയാളുകളുടെ പിന്തുണയില്ലാതെ നിങ്ങൾക്കു കായികപുരസ്കാരത്തിനുള്ള പട്ടികയിൽ കയറിപ്പറ്റാനാവില്ല’ – താരം ട്വിറ്ററിൽ കുറിച്ചു.

ബി.സായ് പ്രണീതാണു ബാഡ്മിന്റനിൽനിന്ന് ഇത്തവണ അർജുന പുരസ്കാരത്തിനായി ശുപാർശ ചെയ്യപ്പെട്ട ഏകതാരം. 

ശുപാർശ ചെയ്യപ്പെട്ട  മറ്റുള്ളവർ

അർജുന: രവീന്ദ്ര ജഡേജ (ക്രിക്കറ്റ്), തേജീന്ദർപാൽ സിങ് ടൂ‍ർ, സ്വപ്ന ബർമൻ (അത്‌ലറ്റിക്സ്), സോണിയ ലാത്തർ (ബോക്സിങ്), ചിങ്‌ലെൻസാനസിങ് കാഞ്ജും (ഹോക്കി), അജയ് താക്കൂർ (കബഡി), ഗൗരവ് സിങ് ഗിൽ (മോട്ടർ സ്പോർട്സ്), പ്രമോദ് ഭാഗട്ട് (പാരാ ബാഡ്മിന്റൻ), അഞ്ജും മൗഗിൽ (ഷൂട്ടിങ്), ഹർമീത് രാഹുൽ ദേശായ് (ടേബിൾ ടെന്നിസ്), പൂജാ ധന്ദ (ഗുസ്തി), ഫൗദ് മിശ്ര (അശ്വാഭ്യാസം), ഗുർപ്രീത് സിങ് സന്ധു (ഫുട്ബോൾ), ബി.സായ് പ്രണീത് (ബാഡ്മിന്റൻ), സുന്ദർ സിങ് ഗുജ്ജർ (പാരാ അത്‍ലറ്റിക്സ്), സിമ്രാൻ സിങ് ഷേർഗിൽ (പോളോ).

ദ്രോണാചാര്യ: സന്ദീപ് ഗുപ്ത (ടേബിൾ ടെന്നിസ്), മൊഹീന്ദർ സിങ് ധില്ലൻ (അത്‌ലറ്റിക്സ്).

ധ്യാൻചന്ദ്: അരൂപ് ബസാക്ക് (ടേബിൾ ടെന്നിസ്), മനോജ് കുമാർ (ഗുസ്തി), നിത്തൻ കിർത്താനെ (ടെന്നിസ്), സി. ലാൽറെസാംഗ (അമ്പെയ്ത്ത്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com