sections
MORE

സമ്മർദ്ദവും ചിരിയും കോർട്ടുമാറി, സിന്ധു നൊസോമിയെ വീഴ്ത്തി – അഭിമുഖം

BADMINTON-WORLD-SUI-PODIUM
SHARE

ലോക വേദികളിൽ മുൻപ് പി.വി.സിന്ധുവിനെ നേരിടുമ്പോഴൊക്കെ ജാപ്പനീസ് താരം നൊസോമി ഒകുഹാരയുടെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. സിന്ധുവിന്റെ മുഖത്ത് അമിത സമ്മർദവും. സിന്ധുവിന്റെ ഉയരവും കരുത്തും മറികടക്കാനുള്ള തന്ത്രം കൈവശമുണ്ടെന്ന ആത്മവിശ്വാസമായിരുന്നു ആ ചിരിയുടെ പിന്നിൽ. പക്ഷേ സമ്മർദവും ചിരിയും കോർട്ടു മാറി മത്സരിക്കുന്നതാണ് കഴിഞ്ഞദിവസം ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കണ്ടത്. സമ്മർദത്തിന്റെ റാക്കറ്റ് പിടിച്ച ഒകുഹാരയ്ക്കു ലക്ഷ്യം പിഴച്ചപ്പോൾ ആത്മവിശ്വാസം നിറച്ച സ്മാഷുകളാൽ സിന്ധു കളംനിറഞ്ഞു.

ബാഡ്മിന്റനിലെ ലോകനേട്ടത്തിൽ സിന്ധൂനദിപോലെ നിറഞ്ഞൊഴുകിയ ഇന്ത്യയുടെ അഭിമാനതാരം നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കു മുൻപ് സ്വിറ്റ്സർലൻഡിലെ ബാസലിൽനിന്ന് ഫോണിൽ ‘മനോരമ’യോടു സംസാരിച്ചപ്പോൾ.......

∙ പതിവിൽനിന്നു വ്യത്യസ്തയായ സിന്ധുവിനെയാണു കഴിഞ്ഞ ദിവസം കോർട്ടിൽ കണ്ടത്. ഫൈനൽ‌ മത്സരത്തിന്റെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന ആത്മവിശ്വാസത്തിന്റെ രഹസ്യമെന്താണ് ?

ലോക ചാംപ്യൻഷിപ്പിനു നന്നായി തയാറെടുക്കാൻ കഴിഞ്ഞുവെന്നതായിരുന്നു ഒരു കാരണം. ബാസലിൽ ഫ്രഷ് ആയി ഇറങ്ങാൻ കഴിഞ്ഞ മാസത്തെ തായ്‍ലൻഡ് ഓപ്പണിൽനിന്നു പിൻമാറിയിരുന്നു. ആത്മവിശ്വാസത്തിനു മറ്റൊരു കാരണം ഈ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്നതു വരെ ഞാൻ കളിച്ച നാലു മത്സരങ്ങളാണ്. ഇതിൽ മൂന്നിലും വിജയം അനായാസമായിരുന്നു. ഓരോ സെറ്റിലും കുറഞ്ഞത് 6 പോയിന്റ് ലീഡുണ്ടായിരുന്നു.

∙ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഇത്രയും ഏകപക്ഷീയമായ വനിതാ ഫൈനൽ ഉണ്ടായിട്ടില്ല. എന്തായിരുന്നു സിന്ധുവിനുണ്ടായ മേൽക്കൈ?

ലോക മത്സരങ്ങളിൽ വർഷങ്ങളായി ഒരുമിച്ചു കളിക്കുന്നവരാണു ഞങ്ങൾ. പരസ്പരം അറിയാം. എതിരാളിയുടെ ദൗർബല്യങ്ങൾ വിദഗ്ധമായി മുതലെടുക്കുന്നവർക്കു കളിയിൽ മേൽക്കൈ ഉണ്ടാകും. ഇത്തവണയും അതാണു സംഭവിച്ചത്. ഒകുഹാരയുടെ കരുത്തായ ഡ്രോപ് ഷോട്ടുകൾ കൃതമായി കണക്ട് ചെയ്യാൻ എനിക്കു കഴിഞ്ഞു. പ്രതിരോധത്തിൽ അവർക്കാണു മേൽക്കൈ. അതുകൊണ്ടു റാലികൾ നീളാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പ്രത്യാക്രമണങ്ങളിൽ പിഴയ്ക്കാതിരിക്കാൻ ക്ഷമയോടെ കളിച്ചു. തുടക്കം മുതൽ ലീഡ് കിട്ടിയതോടെ ഇത്തവണത്തെ ഫൈനൽ എനിക്കുള്ളതാണെന്ന തോന്നലുണ്ടായി. അതും കോർട്ടിൽ ഊർജമായി.

∙ ലോക ചാംപ്യൻഷിപ് സ്വർണം പോലെ ഒരിക്കൽ സിന്ധുവിന്റെ റാക്കറ്റി‍ൽനിന്നു വഴുതിപ്പോയതാണ് ഒളിംപിക്സ് സ്വർണം. ഇത്തവണ അതു നേടേണ്ടേ?

ഇനി മുൻപിലുള്ള പ്രധാന മത്സരം ഒളിംപിക്സ് തന്നെയാണ്. പക്ഷേ, അതിനു മാത്രമായി ഒരു പരിശീലനം ഇപ്പോൾ നടത്തുന്നില്ല. ഒളിംപിക്സ് 11 മാസം അകലെയാണ്. അതുവരെ പരുക്കുകളില്ലാതെ ഫോം നഷ്ടപ്പെടാതെ തുടരുകയാണ് പ്രധാനം. ഒളിംപിക്സിനു മുൻപ് ഇനിയും മത്സരങ്ങളിൽ പങ്കെടുക്കും. മത്സരങ്ങൾ ഒഴിവാക്കിയുള്ള പരിശീലനമില്ല. അതു റാങ്കിങ്ങിനെ ബാധിക്കും. ആത്മവിശ്വാസം കുറയ്ക്കും.

∙ അമ്മയുടെ പിറന്നാൾ ദിനത്തിലായിരുന്നു മകളുടെ ലോകവിജയം. അമ്മയുടെ പ്രതികരണം എന്തായിരുന്നു?

പിറന്നാൾ സമ്മാനത്തിനു നന്ദി എന്നാണ് മത്സരശേഷം ഫോണിൽ വിളിച്ചപ്പോൾ അമ്മ ആദ്യം പറഞ്ഞത് . എന്റെ ലോക ചാംപ്യൻഷിപ് സ്വർണത്തിനായി എന്നേക്കാളും ആഗ്രഹിച്ചതും കാത്തിരുന്നതും അമ്മ വിജയയായിരിക്കും. കഴിഞ്ഞ 2 ലോകചാംപ്യൻഷിപ് ഫൈനലുകൾ നടന്നത് അമ്മയുടെ പിറന്നാൾ മാസമായ ഓഗസ്റ്റിലാണ്. സ്വർണം സ്വന്തമാക്കി അമ്മയ്ക്കു പിറന്നാൾ സമ്മാനം നൽകണമെന്ന് അന്നൊക്കെ ആഗ്രഹിച്ചിരുന്നതാണ്. നടന്നില്ല. ഇത്തവണ അതു സഫലമായി. ഞാൻ വീട്ടിൽ മടങ്ങിയെത്തും മുൻപേ അയൽക്കാരെയും ബന്ധുക്കളെയും വിളിച്ചുകൂട്ടി അമ്മ ആഘോഷം തുടങ്ങിയിട്ടുണ്ട്.

∙ കളത്തിനു പുറത്തു തന്ത്രങ്ങൾ പറഞ്ഞു തരാൻ സിന്ധുവിന് ഇപ്പോൾ 2 പരിശീലകരുണ്ട്. ഗോപീചന്ദിനു പുറമേ ദക്ഷിണ കൊറിയക്കാരി കിം ജി ഹ്യുന്നും. പുതിയ പരിശീലക എങ്ങനെയാണ് സ്വാധീനിക്കുന്നത്?

കഴിഞ്ഞ മാർച്ച് മുതൽ കിം എനിക്കൊപ്പമുണ്ട്. എന്റെ ടെക്നിക്കുകൾ തൃപ്തികരമല്ലെന്നായിരുന്നു ചുമതലയേറ്റ ശേഷമുള്ള അവരുടെ ആദ്യ പ്രതികരണം. ആദ്യം അമ്പരപ്പുണ്ടായി. പക്ഷേ, ലോക റാങ്കിങ്ങിൽ മുന്നിലുള്ള ഒരാളിൽനിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത് എന്നാണ് അവർ ഉദ്ദേശിച്ചത്. ‘മത്സരങ്ങളിൽ എപ്പോഴും ഒരേ തന്ത്രംകൊണ്ടു വിജയിക്കാനാകില്ല. സാഹചര്യങ്ങൾക്കും എതിരാളിക്കുമനുസരിച്ച് ശൈലികളിൽ മാറ്റം വരുത്തണം.– ഇതായിരുന്നു കിമ്മിന്റെ ഉപദേശം.

ഗോപീചന്ദ് സാറിന്റെ അനുവാദത്തോടെയാണ് അവർ ഓരോ മാറ്റവും നിർദേശിക്കുന്നത്. നീക്കങ്ങളുടെ വേഗം കൂട്ടാനും സ്മാഷുകൾ കരുത്തുറ്റതാക്കാനും നിലവിലെ പരിശീലനം സഹായിക്കുന്നുണ്ട്. ‍ഡ്രോപ് ഷോട്ടുകളിൽ ഞാൻ വരുത്താറുണ്ടായിരുന്ന പിഴവുകളിലും മാറ്റമുണ്ടായി.

ഫിക്‌ഷൻ കഥാപാത്രമായ ‘വണ്ടർ വുമൺ’ ആണ് സിന്ധുവിന്റെ സൂപ്പർ ഹീറോ. ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ് ഫൈനലിൽ നൊസോമി ഒകുഹാരയെ നിലംതൊടാതെ തകർത്തുവിട്ട സിന്ധു ഇപ്പോൾ 130 കോടി ഇന്ത്യക്കാരുടെ വണ്ടർ വുമൺ കൂടിയാണ്.

English Summary: P.V. Sindhu Speaks to Malayala Manorama in a Special Interview from Basel, Switzerland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA