ADVERTISEMENT

ദോഹ ∙ ട്രാക്കിൽ ചുഴലിക്കാറ്റായി ലോക അത്‍‍ലറ്റിക് മീറ്റിൽ 400 മീറ്ററിൽ സ്വർണം നേടിയശേഷം ബഹാമസിന്റെ സ്റ്റീവൻ ഗാർഡിനർ ഒരു നിമിഷം നിന്നു. താരത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു.

കഴിഞ്ഞ മാസം ഡോറിയൻ ചുഴലിക്കൊടുങ്കാറ്റ് ബഹാമസിൽ ആഞ്ഞുവീശിയപ്പോൾ വീട് തകർന്നു പോയവരിലൊരാൾ ഗാർഡിനറായിരുന്നു. ചുഴലിക്കാറ്റിൽ 52 പേർ മരിക്കുകയും 1000ൽ അധികംപേരെ കാണാതാവുകയും ചെയ്തിരുന്നു.‘ഈ സ്വർണം ഞാൻ എന്റെ നാട്ടുകാർക്കു സമർപ്പിക്കുന്നു.

ചുഴലിക്കാറ്റിൽ സർവവും നഷ്ടപ്പെട്ട ബഹാമസുകാർക്ക്’ – മത്സരശേഷം താരം പറഞ്ഞു. കഴിഞ്ഞ തവണ ലണ്ടനിൽ വെള്ളി നേടിയ 24–കാരനായ താരം ഇവിടെ 43.48 സെക്കൻഡിലാണു സ്വർണം നേടിയത്. 

∙ റിലേയിൽ നിരാശ 

4–400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്കു നിരാശ. പുരുഷ, വനിതാ ടീമുകൾ ഫൈനൽ കാണാതെ പുറത്തായി. മലയാളിതാരങ്ങളായ ജിസ്ന മാത്യു, വി.കെ.വിസ്മയ എന്നിവരുൾപ്പെട്ട വനിതാ ടീം സീസണിലെ മികച്ച പ്രകടനം (3 മിനിറ്റ് 29.42 സെക്കൻഡ്) നടത്തിയിട്ടും ആദ്യ ഹീറ്റ്സിൽ ആറാമതായി.

എം.ആർ.പൂവമ്മ, വി.ശുഭ എന്നിവരായിരുന്നു മറ്റ്  അംഗങ്ങൾ. മത്സരിച്ച 15 ടീമുകളിൽ 11–ാമതാണ് ഇന്ത്യയുടെ സമയം. യുഎസാണ് ഒന്നാമത് (3:22.96). ആദ്യ 8 ടീമുകൾ ഫൈനലിലെത്തി.

അമോജ് ജേക്കബ്, വൈ.മുഹമ്മദ് അനസ്, നോഹ നിർമൽ ടോം എന്നീ 3 മലയാളികൾ നിറഞ്ഞ പുരുഷ ടീം ആദ്യ ഹീറ്റ്സിൽ ഏഴാമതായി (3:3.09). മത്സരിച്ച 16 ടീമുകളി‍ൽ 13–ാമത്. കെ.എസ്.ജീവനായിരുന്നു 4–ാം താരം. 20 കിലോമീറ്റർ നടത്തത്തിൽ  കെ.ടി.ഇർഫാന് 27–ാം സ്ഥാനം മാത്രം (ഒരു മണിക്കൂർ 35.21 മിനിറ്റ്). മറ്റൊരു ഇന്ത്യൻ താരം ദേവേന്ദർ സിങ് 36–ാമനായി. 

∙ ഇന്ന് കൊടിയിറക്കം

പുരുഷ ഹൈജംപിൽ ഖത്തറിന്റെ മുതാസ് ഇസ ബർഷിം സ്വർണം നിലനിർത്തി (2.37 മീറ്റർ). വനിതാ 400 മീറ്റർ ഹർഡിൽസിൽ യുഎസിന്റെ ദലീലാ മുഹമ്മദ് സ്വന്തം ലോക റെക്കോർഡ് പുതുക്കി (52.16 സെക്കൻഡ്). ലോക ചാംപ്യൻഷിപ് ഇന്നു സമാപിക്കാനിരിക്കെ നിലവിലെ ജേതാക്കളായ യുഎസ് കിരീടം ഉറപ്പിച്ചു. 9 വീതം സ്വർണവും വെള്ളിയും 3 വെങ്കലവും ഉൾപ്പെടെ 21 മെഡലുകൾ. 

ഇന്നത്തെ ഫൈനലുകൾ

വനിതാ ലോങ്ജംപ് (രാത്രി 9.45)

പുരുഷ 1500 മീറ്റർ (10.10)

പുരുഷ ജാവലിൻത്രോ (10.25)

പുരുഷ 10,000 മീറ്റർ (10.30)

വനിതാ 100 മീ. ഹർഡിൽസ് (11.20)

വനിതാ 4–400 മീ. റിലേ (11.45)

പുരുഷ 4–400 മീ. റിലേ (12.00)

(സ്റ്റാർ സ്പോർട്സ് 3ൽ തൽസമയം) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com