ADVERTISEMENT

റാഞ്ചി ∙ ചുരുട്ടിവച്ച സ്പ്രിങ് അയഞ്ഞ പോലെ വീണ്ടും റെക്കോർഡിലേക്കു കുതിച്ചുചാടി സർവീസസിന്റെ സുബ്രഹ്മണി ശിവ. പുരുഷ പോൾവോൾട്ടിൽ തന്റെ പേരിലുള്ള മീറ്റ് റെക്കോർഡ് തിരുത്തിയ ഈ തമിഴ്നാട്ടുകാരന്റെ ഉജ്വല പ്രകടനത്തോടെ ദേശീയ ഓപ്പൺ അത്‍ലറ്റിക് ചാംപ്യൻഷിപ്പിനു തുടക്കം. 

സർവീസസും റെയിൽവേയും ഹരിയാനയും മെഡൽ നേടിയപ്പോൾ ട്രാക്കിലും സ്കോർ കാർഡിലും ആദ്യദിനം കേരളമില്ലാതെയായി. ഫൈനൽ നടന്ന 5 ഇനങ്ങളിലും കേരളത്തിനായി മത്സരിക്കാൻ ആളുണ്ടായില്ല. പുരുഷ പോൾവോൾട്ടിൽ റെയിൽവേയുടെ മലയാളിതാരം കെ.പി.ബിമിന്റെ വെങ്കലമാണ് മെഡൽപട്ടികയിലെ ഏക മലയാളിത്തിളക്കം.

ദോഹയിൽ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഫൈനലിൽ മത്സരിച്ച അന്നു റാണി ഇവിടെ വനിതാ ജാവലിൻ ത്രോയിൽ സ്വർണം എറിഞ്ഞെടുത്തു.   പുരുഷൻമാരുടെ പോൾവോൾട്ടിൽ സ്വർണം നേടിയ എസ്. ശിവയും വനിതകളുടെ 10,000 മീറ്ററിൽ ഒന്നാമതെത്തിയ എൽ.സൂര്യയും നിലവിലെ ദേശീയ ജേതാക്കളാണ്. 

1500 മീറ്ററിൽ സർവീസസിന്റെ മലയാളി താരം ജിൻസൻ ജോൺസണും 400 മീറ്റർ ഹർഡിൽസിൽ എം.പി.ജാബിറും ഫൈനലിലേക്കു മുന്നേറി. വനിതകളുടെ 100 മീറ്ററിൽ മികച്ച സമയംകുറിച്ച് ദ്യുതി ചന്ദും ഫൈനലിലെത്തിയിട്ടുണ്ട്.

ഇന്നു കുതിക്കാൻ

ആദ്യദിനം പതുങ്ങിനിന്നെങ്കിലും ദേശീയ ഓപ്പൺ അത്‍ലറ്റിക്സിന്റെ രണ്ടാംദിനം മലയാളി താരങ്ങൾ സ്വന്തമാക്കുമെന്നാണു പ്രതീക്ഷ. സർവീസസിന്റെയും റെയിൽവേയുടെയും ബാനറിലിറങ്ങുന്ന മലയാളികൾക്കാണ് ഇന്നത്തെ മത്സരങ്ങളിൽ മെഡൽ സാധ്യത കൂടുതൽ. 

പുരുഷ 400 മീറ്ററിൽ വൈ.മുഹമ്മദ് അനസ്, വനിതകളിൽ വി.കെ.വിസ്മയ, 1500 മീറ്ററിൽ പി.യു.ചിത്ര, പുരുഷ ലോങ്ജംപിൽ എം.ശ്രീശങ്കർ എന്നിവർ ഇന്നു കളത്തിലിറങ്ങും. ചിത്രയും ശ്രീശങ്കറും അനസും ഈയിനങ്ങളിൽ നിലവിലെ ചാംപ്യൻമാരാണ്. 

400 മീറ്റർ ഹർഡിൽസിൽ എം.പി.ജാബിറിനും 1500 മീറ്ററിൽ ജിൻസൻ ജോൺസനും ഫൈനൽ മത്സരം ഇന്നാണ്. വനിതകളുടെ 100 മീറ്ററിൽ ഒഡീഷയുടെ ദ്യുതി ചന്ദ് കുത്തക നിലനിർത്തുമോയെന്നും  ഇന്നറിയാം.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com