ADVERTISEMENT

വിയന്ന (ഓസ്ട്രിയ) ∙ മാരത്തണിൽ ചരിത്ര സമയം കുറിച്ച് കെനിയയുടെ എലിയുഡ് കിപ്ചോഗി. മാരത്തണിലെ 42.195 കിലോമീറ്റർ ദൂരം ഒരു മണിക്കൂർ 59.40 മിനിറ്റിൽ പൂർത്തിയാക്കിയാണു 34 വയസ്സുള്ള കെനിയൻ താരം ചരിത്രം സൃഷ്ടിച്ചത്. മാരത്തൺ 2 മണിക്കൂറിൽ താഴെ സമയത്തിൽ ഓടുന്ന ആദ്യ അത്‍ലീറ്റാണ് കിപ്ചോഗി.

Eliud Kipchoge
എല്യൂഡ് കിപ്‌ചോജ്. ചിത്രം: ട്വിറ്റർ

ഒളിംപിക്സ് മാരത്തൺ സ്വർണ ജേതാവും നിലവിലെ ലോക റെക്കോർഡുകാരനുമാണു താരം. വിയന്നയിലെ പ്രേറ്റർ പാർക്കിലാണു ചരിത്ര സമയം കുറിച്ചത്. എന്നാൽ. രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷന്റെ അംഗീകാരമില്ലാത്ത മത്സരമായതിനാൽ കെനിയൻ താരത്തിന്റെ വിയന്ന പ്രകടനം റെക്കോർഡ് പുസ്തകത്തിൽ കയറില്ല. ബർലി‍ൻ മാരത്തണിൽ കിപ്ചോഗി കണ്ടെത്തിയ 2 മണിക്കൂർ 1.39 മിനിറ്റാണു നിലവിലെ ലോക റെക്കോർഡ്.

ചരിത്രം കുറിക്കാൻ വേണ്ടി മാത്രം നടത്തിയ മാരത്തൺ ഓട്ടത്തിലാണു താരം നേട്ടം ഓടിയെടുത്തത്. മറ്റു താരങ്ങൾക്കു മാരത്തണിൽ മത്സരിക്കാൻ അവസരം കൊടുത്തിരുന്നില്ല. 7 പേസ് സെറ്റർമാർ (മത്സരാന്തരീക്ഷം നൽകാൻ കൂടെ ഓടുന്നവർ) വീതം നിറഞ്ഞ വിവിധ സംഘങ്ങൾ പല സമയങ്ങളിലായി മാരത്തണിൽ അണിചേ‍ർന്നു. ഇതിനു പുറമേ ട്രാക്കിലേക്കു ഗ്രീൻ ലേസർ രശ്മികൾ അടിച്ച് ഒരു ഇലക്ട്രിക് പേസ് കാറും ഉണ്ടായിരുന്നു.

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിനു സമാനമായ ചരിത്ര സംഭവമെന്നാണു കിപ്ചോഗി നേട്ടത്തെ വിശേഷിപ്പിച്ചത്. 2 വർഷം മുൻപും ഇതുപോലെയൊരു ശ്രമം നടത്തിയിരുന്നു കിപ്ചോഗി. അന്ന് ഇറ്റലിയിലെ മോൺസയിൽ നടത്തിയ മാരത്തണിൽ 26 സെക്കൻഡിനാണു ചരിത്രനേട്ടം വഴുതിപ്പോയത്.

 

English Summary: Eliud Kipchoge first in World to run a marathon in under 2 hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com