ADVERTISEMENT

ന്യൂയോർക്ക് ∙ ബോക്സിങ് റിങ്ങിലെ മരണക്കളി തുടരുന്നു. പ്രഫഷനൽ ബോക്സിങ് മത്സരത്തിനിടെ തലയ്ക്കു ഗുരുതര പരുക്കേറ്റ അമേരിക്കൻ ബോക്സർ പാട്രിക് ഡേ (27) ഇന്നലെ മരണത്തിനു കീഴടങ്ങി. തലച്ചോറിനേറ്റ ഗുരുതര ആഘാതത്തെത്തുടർന്നാണ് ഡേയുടെ വിടവാങ്ങൽ. കഴിഞ്ഞ ശനിയാഴ്ച ഷിക്കാഗോയിലെ വിൻട്രസ്റ്റ് അരീനയിൽ നടന്ന മത്സരത്തിനിടെയാണ് ഡേയ്ക്കു പരുക്കേറ്റത്. 

patrickday
ഇടി കൊണ്ട് നിലത്തിരുന്നു പോയ പാട്രിക്.

പത്താം റൗണ്ടിൽ എതിരാളിയും അമേരിക്കൻ ഒളിംപ്യനുമായ ചാൾസ് കോൺവലിന്റെ ഇടിയേറ്റു വീണ ഡേയെ ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ അബോധാവസ്ഥയിൽ തന്നെയായിരുന്നു ഡേയുടെ മരണം.

അമച്വർ ബോക്സിങ്ങിൽ രണ്ടു ദേശീയ കിരീടങ്ങൾ സ്വന്തമാക്കിയ ഡേ 2013ലാണ് പ്രഫഷനൽ ബോക്സിങ്ങിലേക്കു മാറിയത്. 

സൂപ്പർ വെൽട്ടർവെയ്റ്റ് വിഭാഗത്തിൽ ലോക നിലവാരമുള്ള ബോക്സറായി പരിഗണിക്കപ്പെട്ടിരുന്ന ഡേ കോണ്ടിനെന്റൽ അമേരിക്കാസ് ചാംപ്യൻഷിപ്പും ഇന്റർ കോണ്ടിനെന്റൽ ചാംപ്യൻഷിപ്പും ജയിച്ചിട്ടുണ്ട്. 

patrickdayhosp
സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക്.

ലോക ബോക്സിങ് കൗൺസിലിന്റെയും രാജ്യാന്തര ബോക്സിങ് ഫെഡറേഷന്റെയും മികച്ച 10 താരങ്ങളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു. പ്രഫഷനൽ കരിയറിലെ 22 മത്സരങ്ങളിൽ 17 ജയം, 4 സമനില, 1 തോൽവി എന്നിങ്ങനെയാണ് ഡേയുടെ റെക്കോർഡ്.

നാലു മാസം, മൂന്നു മരണം

നാലു മാസത്തിനിടെ മരണമടയുന്ന മൂന്നാമത്തെ താരമാണ് ഡേ. ജൂലൈ 19ന് യുഎസിലെ മത്സരത്തിനിടെ തലയ്ക്കു പരുക്കേറ്റ റഷ്യൻ ബോക്സർ മാക്സിം ദാദഷേവ് (28) മരണടഞ്ഞിരുന്നു.

ഒരാഴ്ച പിന്നിടും മുൻപേ അർജന്റീന ബോക്സർ ഹ്യൂഗോ സാന്റിലനും (23) സമാനമായ രീതിയിൽ മരണടഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com