ADVERTISEMENT

ഉയരങ്ങളിൽ സന്തോഷം; ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ ഇന്നലെ കേരളത്തിനു ലഭിച്ച അഞ്ചു സ്വർണത്തിൽ മൂന്നും ജംപിങ് ബെഡിൽനിന്ന്, അതിൽ ഒരു ദേശീയ റെക്കോർഡും ഒരു മീറ്റ് റെക്കോർഡും. അണ്ടർ 20 വനിതാ വിഭാഗം പോൾവോൾട്ടിൽ ദേശീയ റെക്കോർഡ് മറികടന്ന പ്രകടനവുമായി കേരളത്തിന്റെ വനിതാ ക്യാപ്റ്റൻ നിവ്യ ആന്റണി മുന്നിൽ നിന്നു നയിച്ചു. 2015ൽ റാഞ്ചിയിൽ കേരളതാരം മരിയ ജയ്സൺ നേടിയ 3.70 മീറ്ററാണ് നിവ്യ 3.75 മീറ്ററാക്കിയത്. അണ്ടർ 20 വനിതാ വിഭാഗം ഹൈജംപിൽ എം. ജിഷ്ന മീറ്റ് റെക്കോർഡോടെ സ്വർണം സ്വന്തമാക്കി (1.77 മീറ്റർ).

അണ്ടർ 18 പെൺകുട്ടികളുടെ ഹൈജംപിൽ മീര ഷിബു (1.65 മീറ്റർ), അണ്ടർ 16 ആൺകുട്ടികളുടെ പെന്റാത്തലനിൽ തൗഫീഖ് നൗഷാദ് (3201 പോയിന്റ്), അണ്ടർ 18 ആൺകുട്ടികളുടെ 400 മീറ്ററിൽ അബ്ദുൽ റസാഖ് ( 47.90 സെക്കൻഡ്) എന്നിവരും ഇന്നലെ സ്വർണം നേടി. ആദ്യ ദിനം ആറാം സ്ഥാനത്തായിരുന്ന കേരളം രണ്ടാംദിനം 5 സ്വർണം, ഒരു വെള്ളി, നാലു വെങ്കലം എന്നിവയടക്കം 105.5 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. ഒന്നാമതുള്ള, നിലവിലെ ചാംപ്യന്മാരായ ഹരിയാന (173) ബഹുദൂരം മുന്നിലാണ്. തമിഴ്നാട് രണ്ടാം സ്ഥാനത്ത് (114.5).

പാലാ ജംപ്സ് അക്കാദമിയിൽ പരിശീലിക്കുന്ന നിവ്യ ആന്റണി കണ്ണൂർ കൂത്തുപറമ്പ് കോളയാട് ഇടക്കുടിയിൽ എ.സി. ആന്റണിയുടെയും റെജിയുടെയും മകളാണ്. കെ.പി.സതീഷ് കുമാറാണു പരിശീലകൻ. പാലക്കാട് കല്ലടി അക്കാദമിയുടെ താരമായ എം. ജിഷ്ന നെന്മാറ പാലയ്ക്കൽ മോഹനൻ - രമ ദമ്പതികളുടെ മകളാണ്. രാമചന്ദ്രനാണു പരിശീലകൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പരിശീലിക്കുന്ന മീര ഷിബു ഇരിങ്ങാലക്കുട നാഷനൽ സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ്. വെള്ളാനി വടക്കേത്തല ഷിബു ആന്റണി- സരിത ദമ്പതികളുടെ മകളാണ്.

ഒരു പോയിന്റ് വ്യത്യാസത്തിലാണു പെന്റാത്തലനിൽ തൗഫീഖ് നൗഷാദ് സ്വർണം നേടിയത്. കൊല്ലം സായി താരമായ തൗഫീഖ് ആലപ്പുഴ മണ്ണഞ്ചേരി കളരിക്കൽ എസ്.നൗഷാദിന്റെയും നുസൈബയുടെയും മകനാണ്. ഏഷ്യൻ മീറ്റിൽ വരെ സ്വർണം നേടിയിട്ടുള്ള പാലക്കാട് മാത്തൂരിന്റെ അഭിമാനം സി.ആർ. അബ്ദുൽ റസാഖ് അണ്ടർ 18 വിഭാഗം 400 മീറ്ററിൽ എതിരാളികളെ മുഴുവൻ നിഷ്പ്രഭരാക്കിയാണു സ്വർണമണിഞ്ഞത്.പാലക്കാട് പരുത്തിപ്പുള്ളി ചിറാംകുളങ്ങര റഷീദ് - ഷാജിദ ദമ്പതികളുടെ മകനാണ്.

abdul-razak
ഗുണ്ടൂരിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ അണ്ടർ 18ൽ 400 മീറ്റർ ഒ‌ാട്ടത്തിൽ സ്വർണം നേടുന്ന കേരളത്തിന്റെ അബ്ദുൽ റസാഖ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ഇന്നലെ കേരളത്തിന്റെ മറ്റു മെഡൽ നേട്ടക്കാർ: വെള്ളി– ഗൗരി നന്ദന: അണ്ടർ 18 പെൺ 400 മീറ്റർ (മേഴ്സി കുട്ടൻ അക്കാദമി, എറണാകുളം) 55.59 സെക്കൻഡ്.വെങ്കലം– ബ്ലെസി കുഞ്ഞുമോൻ : അണ്ടർ 20 പെൺ പോൾവോൾട്ട് (ഗവ വിഎച്ച്എസ് മണീട് ) 3.15 മീറ്റർ, ആരതി എ.നായർ: അണ്ടർ 18 പെൺ പോൾവോൾട്ട്. (കോതമംഗലം മാർ ബേസിൽ ) 3 മീറ്റർ, സി. അഭിനവ്: അണ്ടർ 20 ആൺ 100 മീറ്റർ (തിരുവനന്തപുരം സായി) 10.89 സെക്കൻഡ്, വി. പ്രതിഭ: അണ്ടർ 16 പെൺ 400 മീറ്റർ. (കോഴിക്കോട് ഉഷ സ്കൂൾ) 59.08 സെക്കൻഡ്. 

meera-shibu-gold
ഗുണ്ടൂരിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ അണ്ടർ 18 പെൺകുട്ടികളുടെ ഹൈജംപിൽ സ്വർണം നേടിയ കേരളത്തിന്റെ മീര ഷിബുവിനെ അഭിനന്ദിക്കാനെത്തിയ മഹാരാഷ്ട്രയിലെ കായികതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

നിവ്യയുടെ ദേശീയ റെക്കോർഡ് കായികമന്ത്രിക്ക്

അണ്ടർ 20 വനിതാ വിഭാഗം പോൾവോൾട്ടിലെ ദേശീയ റെക്കോർഡ് നേട്ടം കായികമന്ത്രി ഇ.പി.ജയരാജനു സമർപ്പിക്കുന്നതായി നിവ്യ ആന്റണി. പാലാ ജംപ്സ് അക്കാദമിക്കു സംസ്ഥാന സർക്കാർ പരിശീലന ഉപകരണങ്ങൾ നൽകിയിരുന്നു. പരിശീലന സാമഗ്രികളുടെ പോരായ്മകളെക്കുറിച്ചുള്ള 'മനോരമ' വാർത്തയെത്തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ.

അധികൃതർ ഇടപെട്ടു; ബെഡ് പറന്നെത്തി!

ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങൾക്കു കൂടുതൽ സൗകര്യങ്ങൾ. കേരളത്തിൽ നിന്നുള്ള 66 വനിതാ കായിക താരങ്ങൾക്ക് 2 ബെഡ് മാത്രമാണ് അനുവദിച്ചതെന്നു കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. മൊഴിമാറ്റം  നടത്തിയ വാർത്ത ആന്ധ്ര സർക്കാരിന്റെ ശ്രദ്ധയിൽ എത്തിയതോടെ, സംസ്ഥാന സ്പോർട്സ് സെക്രട്ടറി നേരിട്ടെത്തി നടപടിയെടുത്തു.  എല്ലാവർക്കും രാത്രിയോടെ കിടക്ക  എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com