ADVERTISEMENT

പ്രതിസന്ധികൾ ചാടിക്കടന്നും വിജയത്തിന്റെ ബാറ്റൺ കൈമാറിയും ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ മൂന്നാം ദിനം കേരളം പിടിച്ചുനിന്നു. അവസാന നിമിഷം നടത്തിയ സ്വർണക്കൊയ്ത്ത് ഇല്ലായിരുന്നെങ്കിൽ പരിതാപകരമാകുമായിരുന്നു ഇന്നലെ കേരളത്തിന്റെ അവസ്ഥ. ഒരു സ്ഥാനം പിന്നിലോട്ട് ഇറങ്ങിയ കേരളം ഇപ്പോൾ നാലാമതാണ്. 6 സ്വർണം, 4 വെള്ളി, 3 വെങ്കലം എന്നിവയടക്കം 188.5 പോയിന്റ് കേരളം നേടി. 272.5 പോയിന്റുമായി നിലവിലെ ചാംപ്യന്മാരായ ഹരിയാന മികച്ച കുതിപ്പു തുടരുന്നു. തമിഴ്നാട് (197.5), മഹാരാഷ്ട്ര (194.5) സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.

കഴിഞ്ഞ വർഷം ദേശീയ ജൂനിയർ മീറ്റിൽ റാഞ്ചിയിൽ നേടിയ ആകെ സ്വർണം കേരളം ഗുണ്ടൂരിൽ മറികടന്നു. കഴിഞ്ഞ വർഷം ആകെ 11 സ്വർണമായിരുന്നു കേരളത്തിന് ഉണ്ടായിരുന്നത്. ഇക്കുറി ഇതുവരെ 12 സ്വർണം നേടിക്കഴിഞ്ഞു.

ഇന്നലത്തെ 13 മെഡലുകളിൽ പത്തും ഹർഡിൽസ്, റിലേ മത്സരങ്ങളിൽ നിന്നാണു കേരളം പിടിച്ചെടുത്തത്. ഹർഡിൽസിൽ 2 സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം. റിലേയിൽ 3 സ്വർണം 2 വെള്ളി. അണ്ടർ 16 ആൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ പാലക്കാട് നിന്നുള്ള ആർ.കെ.വിശ്വജിത്തിലൂടെ ഇന്നലെ വൈകിട്ട് 3.15നാണ് കേരളം മൂന്നാം ദിനത്തിലെ ആദ്യ സ്വർണം നേടിയത്.

വിശ്വജിത്തിനു പിന്നാലെ അണ്ടർ 20 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ അപർണ റോയി മീറ്റ് റെക്കോർഡോടെ സ്വർണം നേടി (14 സെക്കൻഡ്). തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ബികോം ഒന്നാം വർഷ വിദ്യാർഥിയായ അപർണ സ്പോർട്സ് കൗൺസിലിന്റെ എലീറ്റ് സ്കീം അംഗമാണ്. പി.ബി.ജയകുമാറാണു പരിശീലകൻ. കോഴിക്കോട് കൂടരഞ്ഞി ഓവേലിയിൽ റോയിയുടെയും ടീനയുടെയും മകളാണ്. സ്വർണം നേടിയ റിലേ ടീമിലും അപർണയുണ്ട്. അണ്ടർ 18 പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ എറണാകുളം മേഴ്സി കുട്ടൻ അക്കാദമിയുടെ അനു മാത്യു കേരളത്തിനു സ്വർണ മധുരം നൽകി (12.38 മീറ്റർ). തേവര എസ്എച്ച് സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയായ അനു മാനന്തവാടി പുള്ളോലിൽ പി.എസ്.മാത്യുവിന്റെയും സിനിയുടെയും മകളാണ്. 

33 വർഷം; റെക്കോർഡ് തകർത്ത് പ്രശാന്ത് സിങ്

20 വയസിൽ താഴെ ആൺകുട്ടികളുടെ പോൾവോൾട്ടിൽ ആകാശത്തേക്കു പറന്നു പൊങ്ങിയ ഹരിയാനയുടെ 19കാരനായ പ്രശാന്ത് സിങ് കനിയ തകർത്തത് 33 വർഷം ഇളക്കം തട്ടാത്ത റെക്കോർഡ്. 1986 മുതൽ വിജയ്പാൽ സിങ് കൈവശം കൈവശം വയ്ക്കുന്ന 5 മീറ്റർ ഉയരമാണ് 5.05 മീറ്ററാക്കി പ്രശാന്ത് പുനർ നിർണയിച്ചത്.

ഇതേ മത്സരത്തിൽ പങ്കെടുക്കേണ്ട കേരളത്തിന്റെ ആൺകുട്ടികളുടെ വിഭാഗം ക്യാപ്റ്റൻ എ.കെ.സിദ്ധാർഥ് പരുക്കു മൂലം പിന്മാറിയിരുന്നു. ഇടതു കാൽമുട്ടിലെ പരുക്ക് വലച്ചതാണ് സിദ്ധാർഥ് പിന്മാറാൻ കാരണം. ഫീൽഡിൽ എത്തി ഓടി നോക്കിയെങ്കിലും വേദന കലശലായതോടെ പിന്മാറുകയാണെന്ന് അറിയിക്കുയായിരുന്നു.

ഇതു കൂടാതെ 3 ദേശീയ റെക്കോർഡ് മറികടന്ന പ്രകടനം കൂടി ഇന്നലെയുണ്ടായി. അണ്ടർ 16 ആൺ 5000 മീറ്റർ നടത്തത്തിൽ ഹരിയാനയുടെ അമിത് (20:27.82 മിനിറ്റ്), അണ്ടർ 20 ആൺ 110 മീറ്റർ ഹർഡിൽസിൽ മഹാരാഷ്ട്രയുടെ അഭിഷേക് വിനയ് ഉഭേ (13.84 സെക്കൻഡ്), അണ്ടർ 18 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ  തമിഴ്നാടിന്റെ പി.എം. തബിയത്ത് (13.70 സെക്കൻഡ്) എന്നിവരാണു മറ്റു ദേശീയ റെക്കോർഡ് ജേതാക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com