ADVERTISEMENT

ആറാം വയസ്സിൽ പിതാവ് സമ്മാനിച്ച റേഡിയോ കൺട്രോൾഡ് കാറിൽ നിന്ന് ആറാം ഫോർമുല വൺ കിരീടത്തിലേക്കുള്ള ലൂയിസ് ഹാമിൽട്ടന്റെ യാത്ര ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റേതുമായിരുന്നു. മക്‌ലാരൻ ടീം പ്രിൻസിപ്പൽ റോൺ ഡെന്നിസിനെ സമീപിച്ച് പതിനഞ്ചുകാരനായ ഹാമിൽട്ടൻ പറഞ്ഞു ‘അങ്ങയുടെ കാറുകൾ ഒരു നാൾ ഓടിക്കാൻ എനിക്ക് ആഗ്രഹമുണ്ട്.’ ആ ‘അത്യാഗ്രഹം’ ഫലിച്ചു.

1998ൽ മക്‌ലാരന്റെ യങ് ഡ്രൈവർ സപ്പോർട്ട് പ്രോഗ്രാമിൽ അംഗമായി. ബ്രിട്ടിഷ് ഫോർമുല റെനോ, ഫോർമുല 3 യൂറോ സീരീസ്, ജിപി 2 എന്നീ പടവുകളിലൂടെ 12 വർഷത്തിനു ശേഷം 2007ൽ റോൺ ഡെന്നിസിന്റെ മക‌്‍ലാരനിൽ എഫ് 1 താരമായി എത്തുമ്പോൾ ആ ദൃഢനിശ്ചയം ഫലവത്താവുകയായിരുന്നു.

അരങ്ങേറ്റ സീസണിൽത്തന്നെ ഒരുപിടി റെക്കോർഡുകൾ വാരിക്കുട്ടി ഹാമിൽട്ടൻ. തുടക്കക്കാരന്റെ ഏറ്റവും കൂടുതൽ പോഡിയം. അരങ്ങേറ്റ സീസണിൽ ഒരു താരത്തിന്റെ ഏറ്റവും കൂടുതൽ വിജയങ്ങൾ (4). അരങ്ങേറ്റ വർഷത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് (109). അരങ്ങേറ്റ സീസണിൽ ചാംപ്യനാവുക എന്ന അതുല്യ പദവി ഒരു പോയിന്റിനു കൈവിട്ടത് നിർഭാഗ്യം. ഫെറാറിയുടെ കിമി റെയ്ക്കോണനായിരുന്നു ആ വർഷം ചാംപ്യൻ.

അടുത്ത സീസണിൽത്തന്നെ അതിനു പകരം വീട്ടി. പഴയ മാർജിനിൽ (ഒരു പോയിന്റ്) ഫെറാറിയെ തോൽപിച്ച് ആദ്യ കിരീടം ചൂടി. എന്നാൽ, തുടർന്നുള്ള 4 വർഷം മക്‌ലാരനിലൂടെ കൂടുതൽ നേട്ടങ്ങൾ കൊയ്യാനായില്ല.  2010 മുതൽ 2013 വരെ 4 വർഷം റെഡ് ബുള്ളിന്റെ കരുത്തിൽ സെബാസ്റ്റ്യൻ വെറ്റലിന് തുടർച്ചയായ 4 കിരീടങ്ങൾ. 2013ൽ മക്‌ലാരൻ വിട്ട് മെഴ്സിഡീസിലെത്തിയെങ്കിലും ഹാമിൽട്ടന് കിരീടം പിടിക്കാനായില്ല. എന്നാൽ, 2014ൽ കളം മാറി, കളി മാറി. മെഴ്സിഡീസിന്റെ വേഗപ്പകർച്ച അമ്പരപ്പിക്കുന്നതായിരുന്നു.

2014, 2015 വർഷങ്ങളിൽ ഹാമിൽട്ടനെ തടയാൻ ആർക്കുമായില്ല. 2016ൽ വിലങ്ങുതടിയായതു മെഴ്സിഡീസിന്റെ തന്നെ നിക്കോ റോസ്ബർഗ്. കിരീടനേട്ടത്തോടെ റോസ്ബർഗ് സർക്യൂട്ട് വിട്ടപ്പോൾ യുദ്ധം വീണ്ടും ഹാമിൽട്ടനും വെറ്റലും തമ്മിലായി. 4 വർഷം താനുൾപ്പെടെയുള്ളവരെ കാഴ്ചക്കാരാക്കി കിരീടം വെട്ടിപ്പിടിച്ച വെറ്റലിന് അതേ നാണയത്തിൽ മറുപടി നൽകി തുടർച്ചയായ 3 കിരീടങ്ങൾ കൂടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com