ADVERTISEMENT

ന്യൂഡൽഹി ∙ ഒളിംപിക്സ് മത്സരമല്ല, ഒളിംപിക്സ് യോഗ്യതാ മത്സരവുമല്ല, പക്ഷേ, ഒളിംപിക്സ് മത്സരത്തോളം പകിട്ടുണ്ട്; ദേശീയ വനിതാ ബോക്സിങ് ട്രയൽസിനെക്കുറിച്ചാണ് പറയുന്നത്. ജയിക്കുന്നവർ രാജ്യത്തിന് ഒളിംപിക് മെഡൽ തന്നെ നേടിത്തന്നേക്കാം എന്നതു തന്നെ പകിട്ടിനു പ്രധാന കാരണം. മത്സരിക്കുന്നവരിൽ രണ്ടു പേർ വാക്കുകൾ കൊണ്ടുള്ള ഇടി മുൻപേ തുടങ്ങിക്കഴിഞ്ഞു. ഒരാൾ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവും ആറു വട്ടം ലോക ചാംപ്യനുമായ മുപ്പത്തിയാറുകാരി എം.സി. മേരികോം. രണ്ടമത്തെയാൾ ലോക യൂത്ത് ചാംപ്യനായ ഇരുപത്തിമൂന്നുകാരി നിഖാത് സരീൻ. ഇന്നും നാളെയും ന്യൂഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ റൗണ്ടിൽ ജയിച്ചു കയറിയാൽ മേരിയും സരീനും പരസ്പരം ഏറ്റുമുട്ടും. അതിൽ ജയിക്കുന്നവർക്ക് ഫെബ്രുവരി 3 മുതൽ 14 വരെ ചൈനയിലെ വുഹാനിൽ നടക്കുന്ന ഒളിംപിക്സ് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാം. അതും കടന്നാൽ ടോക്കിയോ ഒളിംപിക്സ്!

ആദ്യ കടമ്പ

51 കിലോഗ്രാം വിഭാഗത്തിൽ മേരിക്കും സരീനും പുറമേ രണ്ടുപേർ കൂടി മത്സരിക്കുന്നുണ്ട്. ജ്യോതി ഗുലിയയും റിതു ഗ്രെവാളും. ആദ്യ റൗണ്ടിൽ മേരിക്ക് റിതുവും സരീന് ജ്യോതിയുമാണ് എതിരാളികൾ. മേരിയോ സരീനോ ഇവരോടു തോറ്റാൽ കാത്തിരുന്ന ആവേശപ്പോരാട്ടത്തിന്റെ കലമുടയും. പക്ഷേ, മറ്റൊരു സൂപ്പർ താരത്തിന്റെ പിറവിയുമായേക്കാം അത്. മറ്റു നാലു ഭാരവിഭാഗങ്ങളിൽ കൂടി (57, 60, 69,75 കിലോഗ്രാം) മത്സരമുണ്ട്. 75 കി.ഗ്രാം വിഭാഗത്തിൽ മലയാളി താരം കെ.എ ഇന്ദ്രജയും മത്സരരംഗത്തുണ്ട്.

ഹെവിവെയ്റ്റ് ഇടി!

മേരിയും സരീനും മത്സരിക്കുന്ന 51 കിലോഗ്രാം ഫ്ലൈവെയ്റ്റ് വിഭാഗമാണ്. എന്നാൽ ഹെവിവെയ്റ്റ് വീറും വാശിയും അതിനു വന്നു കഴിഞ്ഞു. ഇന്ത്യൻ ബോക്സിലെ രാജ്ഞിയായ മേരിയെ പരസ്യമായി വെല്ലുവിളിച്ച് സരീനാണ് അതിനു തുടക്കമിട്ടത്. കഴിഞ്ഞ ലോക ചാംപ്യൻഷിപ്പിൽ ഫൈനലിൽ എത്താതിരുന്നിട്ടും ഒളിംപിക്സ് യോഗ്യതാ ചാംപ്യൻഷിപ്പിന് മേരിയെ അയയ്ക്കാനുള്ള തീരുമാനത്തിനെതിരെ നിഖാത്, കായിക മന്ത്രി കിരൺ റിജിജുവിന് കത്തെഴുതി. ലോക ചാംപ്യൻഷിപ്പിൽ സ്വർണവും വെള്ളിയും നേടുന്ന താരങ്ങളെ മാത്രമേ ഒളിംപിക് യോഗ്യതാ ചാംപ്യൻഷിപ്പിന് അയയ്ക്കൂ എന്നാണ് ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ) ആദ്യം പറഞ്ഞിരുന്നത്. എന്നാൽ മേരിയെ ഒളിംപിക്സ് യോഗ്യതാ മത്സരത്തിന് അയയ്ക്കാൻ ഫെഡറേഷൻ തീരുമാനമെടുത്തു. ഇതിനെതിരെയാണ് സരീൻ പ്രതികരിച്ചത്. മേരിയെയും ദേശീയ ട്രയൽസിൽ ഉൾപ്പെടുത്തണം എന്നായിരുന്നു ആവശ്യം. ഫെഡറേഷൻ ആവശ്യപ്പെട്ടാൽ മത്സരിക്കാം എന്ന് മേരിയും പറഞ്ഞു.

English Summary: Nikhat Zareen, Mary Kom on collision course in trials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com