ADVERTISEMENT

ന്യൂഡൽഹി ∙ മേരിയോളം വളർന്നിട്ടില്ല ആരും! 23 വയസ്സിന്റെ ആവേശത്തിളപ്പിനെ 36 വയസ്സിന്റെ ആത്മവിശ്വാസം കൊണ്ടു മറികടന്ന എം.സി. മേരി കോമിന്റെ മുഖത്തെഴുതി വച്ചിട്ടുണ്ടായിരുന്നു ആ വാക്കുകൾ. റിങ്ങിനു പുറത്തും അകത്തും തന്നെ വെല്ലുവിളിച്ച ഇരുപത്തികാരി നിഖാത് സരീനെ ഇടിച്ചു തോൽപ്പിച്ച് ഇതിഹാസ താരം മേരി കോം, ടോക്കിയോ ഒളിംപിക്സിനുള്ള ഏഷ്യ–ഓഷ്യാനിയ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. 9–1 എന്ന സ്കോറിനാണ് മേരിയുടെ വിജയം. 

മത്സരശേഷം സരീനുമായി ഹസ്തദാനം ചെയ്യാൻ മേരി തയാറാകാതിരുന്നതോടെ ഇന്ത്യൻ ബോക്സിങ്ങിലെ ചൂടൻ കലഹം ഇനിയും തുടരുമെന്നുറപ്പായി. ഫെബ്രുവരി 3 മുതൽ 14 വരെ ചൈനയിലെ വുഹാനിൽ നടക്കുന്ന ഒളിംപിക്സ് യോഗ്യതാ മത്സരത്തിൽ 51 കിലോഗ്രാം വിഭാഗത്തിൽ മേരി ഇന്ത്യയെ പ്രതിനിധീകരിക്കും. സാക്ഷി ചൗധരി (57 കിലോ), സിമ്രൻജിത് കൗർ (60 കിലോ), ലവ്‌ലിന ബോർഗോഹെയ്ൻ (69 കിലോ), പൂജ റാണി (75 കിലോ) എന്നിവരും വിവിധ വിഭാഗങ്ങളിൽ യോഗ്യതാ ചാംപ്യൻഷിപ്പിൽ മത്സരിക്കും.

മേരിയുടെ തന്ത്രങ്ങൾ

മേരി, മേരി..ആർപ്പുവിളികളുടെ ആരവത്തിലായിരുന്നു ന്യൂഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ബോക്സിങ് റിങ്. സരീന്റെ വെല്ലുവിളി മേരിയെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് തുടക്കത്തിലേ വ്യക്തമായി. ആദ്യ റൗണ്ടിൽ ലാൻഡ് ചെയ്യിച്ച രണ്ട് പഞ്ചുകളാണ് മത്സരത്തിൽ മേരിയെ തുണച്ചത്. തനിക്ക് മുൻതൂക്കം കിട്ടിയെന്നു മനസ്സിലാക്കിയ മേരി പിന്നീടുള്ള രണ്ട് റൗണ്ടുകൾ കരുതലോടെ കളിച്ചു. റിങ്ങിലെ പരിചയസമ്പത്ത് മത്സരം കൃത്യമായി മനസ്സിലാക്കുന്നതിൽ മേരിക്ക് ആനുകൂല്യമായി. 

ട്രയൽസ് ആയതിനാൽ മത്സരഫലം നിർണയിക്കാൻ അഞ്ച് വിധികർത്താക്കൾക്കു പുറമെ അഞ്ച് സിലക്ടർമാർ കൂടിയുണ്ടായിരുന്നു. അവരിൽ ഒൻപതു പേരും അനുകൂലമായി വിധിയെഴുതി എന്നത് മേരിയുടെ തന്ത്രങ്ങൾക്കുള്ള അംഗീകാരമായി. 

മത്സരാന്ത്യം വിവാദം

മേരിയെ നേരിട്ട് ഒളിംപിക്സ് യോഗ്യതാ മത്സരത്തിന് അയയ്ക്കാൻ ദേശീയ ബോക്സിങ് ഫെഡറേഷൻ തീരുമാനിച്ചത് സരീൻ ചോദ്യം ചെയ്തതാണ് ഈ മത്സരത്തെ ‘ഹൈ വോൾട്ടേജ്’ പോരാട്ടമാക്കിയത്. മത്സരത്തോടെ വിവാദത്തിന് അവസാനമാകുമെന്ന് കരുതിയെങ്കിലും അതു തെറ്റി. മത്സരശേഷം മേരിയെ ആശ്ലേഷിക്കാൻ സരീൻ തുനിഞ്ഞെങ്കിലും എതിരാളിയെ ഹസ്തദാനം ചെയ്യാൻ പോലും നിൽക്കാതെ മേരി റിങ് വിട്ടു.

സരീനു പിന്തുണയുമായി എത്തിയ തെലങ്കാന ബോക്സിങ് അസോസിയേഷൻ പ്രതിനിധി എ.പി റെഡ്ഡി മത്സരഫലത്തിൽ പ്രതിഷേധിച്ചതു കൂടിയാണ് മേരിയെ ചൊടിപ്പിച്ചത്. ദേശീയ ബോക്സിങ് ഫെഡറേഷൻ പ്രസിഡന്റ് അജയ് സിങ് വേദിയി‍ൽനിന്ന് റെഡ്ഡിയെ പറഞ്ഞയയ്ക്കുകയായിരുന്നു. 

‘‘ഞാനല്ല ഈ വിവാദം തുടങ്ങിയത്. ട്രയൽസിൽ പങ്കെടുക്കില്ല എന്നു ഞാൻ പറഞ്ഞിട്ടുമില്ല. എന്നിട്ടും എന്നെ നിരന്തരം പ്രകോപിപ്പിച്ചു. മറ്റുള്ളവരെ ഒട്ടും ബഹുമാനമില്ലാത്ത ഇത്തരം സ്വഭാവക്കാരെ എനിക്കിഷ്ടമല്ല. അതു കൊണ്ട് ഹസ്തദാനം ചെയ്തുമില്ല..’’

– എം.സി. മേരി കോം

‘‘മേരിയുടെ പെരുമാറ്റത്തിൽ എനിക്കു വേദനയുണ്ട്. മത്സരത്തിനിടെ മേരി എന്നോട് മോശം വാക്കുകൾ ഉപയോഗിച്ചു. മത്സരം കഴി‍ഞ്ഞതിനു ശേഷമെങ്കിലും നല്ല രീതിയിൽ പിരിഞ്ഞ് അതു തീർക്കാമായിരുന്നു. ഒരു ജൂനിയർ താരമെന്ന നിലയിൽ അതു ഞാൻ ആഗ്രഹിച്ചിരുന്നു..’’

– നിഖാത് സരീൻ

English Summary: Mary Kom Beats Nikhat Zareen, Will Represent India In 2020 Olympic Qualifiers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com