ADVERTISEMENT

ന്യൂഡൽഹി ∙ ഇതുപോലൊരു ബോക്സിങ് യോഗ്യതാ മത്സരം ഇന്ത്യ ഇതുവരെ കണ്ടിട്ടില്ല. ടോക്കിയോ ഒളിംപിക്സിൽ വനിതകളുടെ 51 കിലോ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ മത്സരിക്കാനുള്ള യോഗ്യത തേടി നടത്തിയ ട്രയൽസിലാണ് ആവേശപ്പോരാട്ടത്തിന് വഴിയൊരുങ്ങിയത്. ആറു തവണ ലോക ചാംപ്യനായ മുപ്പത്താറുകാരിയായ മേരിയും ട്രയൽസ് വേണമെന്നു സധൈര്യം വിളിച്ചുപറഞ്ഞ് വിപ്ലവം സൃഷ്ടിച്ച ഇരുപത്തിമൂന്നുകാരിയായ നിഖാത് സരീനും ഗോദയിൽ നേർക്കുനേർ എത്തിയപ്പോൾ അതു ചരിത്രമായി.

മേരിയെ നേരിട്ട് ഒളിംപിക്സ് യോഗ്യതാ മത്സരത്തിന് അയയ്ക്കാൻ ദേശീയ ബോക്സിങ് ഫെഡറേഷൻ തീരുമാനിച്ചത് സരീൻ ചോദ്യം ചെയ്തതാണ് ഈ മത്സരത്തെ ‘ഹൈ വോൾട്ടേജ്’ പോരാട്ടമാക്കിയത്. ഒട്ടൊക്കെ വിവാദത്തിന്റെ അകമ്പടിയോടെയാണ് ഇരുവരും ഏറ്റുമുട്ടിയത്. അന്തിമ ഫലത്തിൽ പരിചയസമ്പത്തിന്റെ ആനുകൂല്യത്തിൽ മേരി കോം അനായാസം ജയിച്ചുകയറുകയും ചെയ്തു. പക്ഷേ, വിവാദങ്ങൾ അവിടംകൊണ്ടും തീർന്നില്ല. മത്സരശേഷം സരീനുമായി ഹസ്തദാനം ചെയ്യാൻ മേരി തയാറാകാതിരുന്നതോടെ ഇന്ത്യൻ ബോക്സിങ്ങിലെ ചൂടൻ കലഹം ഇനിയും തുടരുമെന്നുറപ്പായി. മത്സരശേഷം മേരിയെ ആശ്ലേഷിക്കാൻ സരീൻ തുനിഞ്ഞെങ്കിലും എതിരാളിയെ ഹസ്തദാനം ചെയ്യാൻ പോലും നിൽക്കാതെ മേരി റിങ് വിടുകയായിരുന്നു.

സരീനു പിന്തുണയുമായി എത്തിയ തെലങ്കാന ബോക്സിങ് അസോസിയേഷൻ പ്രതിനിധി എ.പി. റെഡ്ഡി മത്സരഫലത്തിൽ പ്രതിഷേധിച്ചതും മേരിയെ ചൊടിപ്പിച്ചു. ദേശീയ ബോക്സിങ് ഫെഡറേഷൻ പ്രസിഡന്റ് അജയ് സിങ് വേദിയി‍ൽനിന്ന് റെഡ്ഡിയെ പറഞ്ഞയയ്ക്കുകയായിരുന്നു. ‘ഞാനല്ല ഈ വിവാദം തുടങ്ങിയത്. ട്രയൽസിൽ പങ്കെടുക്കില്ല എന്നു ഞാൻ പറഞ്ഞിട്ടുമില്ല. എന്നിട്ടും എന്നെ നിരന്തരം പ്രകോപിപ്പിച്ചു. മറ്റുള്ളവരെ ഒട്ടും ബഹുമാനമില്ലാത്ത ഇത്തരം സ്വഭാവക്കാരെ എനിക്കിഷ്ടമല്ല. അതു കൊണ്ട് ഹസ്തദാനം ചെയ്തുമില്ല’ – മത്സരശേഷം മേരി കോം പ്രതികരിച്ചു.

എന്നാൽ, തന്റെ പോരാട്ടം മേരി കോമിനോടായിരുന്നില്ല എന്നാണ് നിഖാത് സരീന്റെ നിലപാട്. ട്രയൽസ് പോലും കൂടാതെ ഒരു താരത്തെ നേരിട്ട യോഗ്യതാ മത്സരത്തിന് അയയ്ക്കുന്ന ഈ ‘സിസ്റ്റ’ത്തോടാണ് തന്റെ പോരാട്ടമെന്നാണ് സരീന്റെ പ്രഖ്യാപനം. താന്‍ പ്രതീക്ഷിക്കാത്ത രീതിയിലാണ് എല്ലാം നടന്നതെന്നും സരീൻ വെളിപ്പെടുത്തുന്നു.

‘ഇതെല്ലാം തീർച്ചയായും എനിക്കു പുതിയ അനുഭവങ്ങളാണ്. ട്വിറ്ററിലൂടെ കേന്ദ്ര കായികമന്ത്രിക്ക് കത്തെഴുതിയ എന്റെ നടപടി അവരെ ഇത്രമാത്രം ചൊടിപ്പിക്കുമെന്ന് ഞാനറിഞ്ഞിരുന്നില്ല. ഇതെല്ലാം വ്യക്തിപരമായാണ് മേരി കോം എടുക്കുന്നതെങ്കില്‍ എനിക്കൊന്നും പറയാനില്ല. അത് അവരുടെ തീരുമാനമാണ്. നീതിപൂർവകമായ ട്രയൽസിന് വേണ്ടിയാണ് ഞാൻ ശബ്ദമുയർത്തിയത്. അതിനെ എതിർക്കുന്ന സിസ്റ്റത്തോടായിരുന്നു എന്റെ പോരാട്ടം. അല്ലാതെ മേരി കോമിനോടോ ബോക്സിങ് ഫെഡറേഷനോടോ അല്ല. എല്ലാ മത്സരങ്ങൾക്കും മുൻപ് നീതിപൂർവകമായ ട്രയൽസ് നടത്തണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. അത്രേയുള്ളൂ’ – നിഖാത് സരീൻ പറഞ്ഞു.

English Summary: My fight was against the system, not Mary Kom: Nikhat Zareen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com