ADVERTISEMENT

‘വെള്ളിയാഴ്ച കാലുതട്ടി വീണു നഷ്ടമായ 400 മീറ്റർ ഹർഡിൽസ് മെഡലിനെക്കുറിച്ചോർത്ത് ഇന്നലെ രാവിലെവരെ കരഞ്ഞു. 400 മീറ്ററിൽ മത്സരിക്കാതിരുന്നാലോ എന്നുവരെ ചിന്തിച്ചു.

പക്ഷേ, സ്റ്റാർട്ടിങ് ബ്ലോക്കിൽ നിൽക്കുമ്പോൾ ഹർഡിൽസ് വിജയികൾക്കുള്ള സമ്മാനദാനം നടക്കുകയായിരുന്നു.

പെട്ടെന്നു വാശികയറി, അതിനു ഫലവുമുണ്ടായി’ – ദേശീയ അന്തർസർവകലാശാല അത്‍‌ലറ്റിക് മീറ്റിലെ 400 മീറ്ററിൽ 54.574 സെക്കൻഡിൽ സ്വർണം നേടിയ കേരള സർവകലാശാലയുടെ പി.ഒ.സയന തലേദിവസത്തെ സങ്കടം മറന്ന് ഇതു പറയുമ്പോൾ മുഖത്ത് ഒരായിരം പുഞ്ചിരിപ്പൂക്കൾ വിരിഞ്ഞു.

jishna-gayathri-shiva
വനിത ഹൈജംപ് വെള്ളി: എം.ജിഷ്ന (കാലിക്കറ്റ്), വെങ്കലം: ഗായത്രി ശിവകുമാർ (എംജി), പുരുഷ ലോങ്ജംപ് വെങ്കലം: ടി.വി അഖിൽ (എംജി).

കേരളയ്ക്കായി ഇന്നലെ റിലേയിലും വെങ്കലം നേടി താരം സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു. കൊല്ലം എസ്എൻ കോളജ് വിദ്യാർഥിനിയായ സയന തിരുവനന്തപുരം നീറമൺകര അമ്പാടി വീട്ടിൽ പ്രഭാകരന്റെയും ഓമനയുടെയും മകളാണ്. അവിനാഷ്കുമാറാണു പരിശീലകൻ.

മെഡൽ കേരളം

മീറ്റിന്റെ 3–ാം ദിവസം കേരളത്തിലെ സർവകലാശാലകൾ 2 സ്വർണവും 3 വീതം വെള്ളിയും വെങ്കലവും നേടി. കേരള സർവകലാശാലയ്ക്കായി സയനയ്ക്കു പുറമേ പുരുഷ 4–400 മീറ്റർ റിലേ ടീമും സ്വർണം നേടി.

വനിതാ 4–400 മീറ്റർ റിലേ ടീമിനു വെങ്കലം. കാലിക്കറ്റിനായി വനിതാ ഹൈജംപിൽ എം.ജിഷ്ണയും (1.77 മീറ്റർ) പുരുഷ 4–400 മീറ്റർ റിലേ ടീമും വെള്ളി നേടി.

inter-university-relay
1, 4-100 മീറ്റർ റിലേ സ്വർ‌ണം: കേരള 1) സി.അഭിനവ് 2) എ.ഡി.മുകുന്ദന്‍ 3) കെ. ബിജിത്ത് 4) അമല്‍ പ്രകാശ്, 2, 4-100 മീറ്റർ റിലേ വെള്ളി: കാലിക്കറ്റ് 1) ഡി.ബി. ബിപിന്‍ 2) നെവില്‍ 3) അശ്വിന്‍ശങ്കര്‍ 4) അജിത് ജോണ്‍

എംജിക്കുവേണ്ടി വനിതാ 4–400 മീറ്റർ റിലേ ടീം വെള്ളിയും ഗായത്രി ശിവകുമാർ (ഹൈജംപ്, 1.73 മീ), ടി.വി.അഖിൽ (ലോങ്ജംപ്, 7.46 മീ) എന്നിവർ വെങ്കലവും നേടി.

കഴിഞ്ഞ ദിവസം പുരുഷ ഹൈജംപിൽ മംഗളൂരു സർവകലാശാലയ്ക്കായി കൊല്ലം കരുനാഗപ്പള്ളി സ്വദേശി ടി.ആരോമൽ വെള്ളി നേടി.

റിലേ വിജയം

കേരളയും കാലിക്കറ്റും എംജിയും ഒന്നിച്ച് പൊരുതിയ പുരുഷ 4–400 മീറ്റർ റിലേ ആവേശകരമായിരുന്നു. സി.അഭിനവ്, എ.ഡി.മുകുന്ദൻ, കെ.ബിജിത്ത്, അമൽ പ്രകാശ് എന്നിവരോടിയ കേരളയ്ക്കു സ്വർണം. കാലിക്കറ്റിന് (ഡി.ബി.ബിബിൻ, നെവിൽ ഫ്രാൻസിസ്, അശ്വിൻ ബി.ശങ്കർ, അജിത് ജോൺ) വെള്ളി.

മംഗളൂരുവിനു വെങ്കലം. എംജിയുടെ ബാറ്റൺ കൈമാറ്റത്തിലെ പിഴവുമൂലം മത്സരഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല.

inter-university
1, 4-100 മീറ്റർ റിലേ വെങ്കലം: കേരള 1) വൈഷ്ണവി 2) മൃദുല മരിയബാബു 3) പി.ഒ.സയന 4) അപര്‍ണ റോയ്, 2, 4-100 മീറ്റർ റിലേവെള്ളി: എംജി 1) എസ്. സ്‌നേഹ 2) എ.ആരതി 3) നിമ്മി ബിജു 4)പി.എസ്.അക്ഷിത

വനിതകളിൽ എംജിക്കായി ബാറ്റൺ പിടിച്ചത് നിമ്മി ബിജു, പി.എസ്.അക്ഷിത, എ.ആരതി, എസ്.എസ്.സ്‌നേഹ എന്നിവരാണ്. വെങ്കലം നേടിയ കേരളയ്ക്കായി എം.എസ്.വൈഷ്ണവി, അപർണ റോയി, പി.ഒ.സയന, മൃദുല മരിയ ബാബു എന്നിവരോടി.

കേരളയ്ക്ക് രണ്ടു സ്വർണവും ഒരു വെങ്കലവും, കാലിക്കറ്റിന് രണ്ടു വെള്ളി, കോട്ടയം എംജിക്ക് ഒരു വെള്ളിയും നാലു വെങ്കലവും എന്നിങ്ങനെയാണ് ആകെ മെഡലുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com