ADVERTISEMENT

ആകാശ ദുരന്തം തട്ടിയെടുത്ത കായിക താരങ്ങളിലെ അവസാന കണ്ണിയാണ് കോബി ബ്രയാന്റ്. വിമാനം തകർന്ന് ഒരു ടീം ഒന്നടങ്കം മരിച്ച സംഭവങ്ങൾ വരെ കായികലോകത്തെ കണ്ണീരോർമയായുണ്ട്. കായിക താരങ്ങൾ ഉൾപ്പെട്ട ചില ആകാശ ദുരന്തങ്ങൾ.

∙ 2002 ജൂണിൽ ദക്ഷിണാഫ്രിക്കയിലെ കേപ് പ്രവിശ്യയിലുണ്ടായ വിമാനപകടത്തിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന ഹാൻസി ക്രോണിയ മരണമടഞ്ഞു. ക്രോണിയയും മറ്റും സഞ്ചരിച്ച ചെറുവിമാനം പർവത പ്രദേശത്ത് തകർന്നു വീഴുകയായിരുന്നു.

∙ 2014 മാർച്ച് മൂന്നിന് ഹംഗറിയുടെ ലോകചാംപ്യനായ അക്രോബാറ്റിക് പൈലറ്റ് തമാസ് നദാസ് (44) ഖത്തറിൽ എയർ ഷോയ്‌ക്കിടെ വിമാനാപകടത്തിൽ മരിച്ചു. ‘ആകാശത്തെ ഷൂമാക്കർ’ നദാസ് വിമാനം തലതിരിച്ചു പറത്തുന്നതിനിടെയാണ് ദുരന്തത്തിനിരയായത്.

FILES-CRASH-HELICOPTER-KOBE-BRYANT

∙ 1949 മെയ് 4ന് ഇറ്റാലിയൻ ക്ലബ് ടോറിനോ എഫ്സി ടീം സഞ്ചരിച്ച വിമാനം ടൂറിൻ എയർപോർട്ടിനു സമീപത്തുള്ള സൂപർഗ മലഞ്ചെരുവിൽ തകർന്നുവീണു. 18 കളിക്കാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 31 യാത്രികരും കൊല്ലപ്പെട്ടു.

∙ 1958 ഫെബ്രുവരി ആറിലെ മ്യൂണിക്ക് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് 23 പേർ. അതിൽ എട്ടുപേർ ‘ബസ്ബി ബേബ്സ്’ എന്നു പ്രശസ്തരായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് ടീമിലെ അംഗങ്ങൾ. രക്ഷപ്പെട്ടതു വിഖ്യാത താരം ബോബി ചാൾട്ടൻ ഉൾപ്പെടെ 21 പേർ.

∙ 2016 നവംബർ 28ന് ബ്രസീൽ ഫുട്ബോൾ ക്ലബ് ഷപ്പെകൊയിൻസ് റിയൽ ടീം സ‍ഞ്ചരിച്ച വിമാനം കൊളംബിയയിലെ മെഡെലീനു സമീപം തകർന്നു വീണ് 19 കളിക്കാർ ഉൾപ്പടെ 76 പേർ മരിച്ചു.

∙ 1987 ഡിസംബർ 8ന് പെറുവിന്റെ തലസ്ഥാനമായ ലിമ എയർപോർട്ടിനു സമീപം വിമാനം തകർന്നുവീണ അപകടത്തിൽ കൊല്ലപ്പെട്ടത് 43 യാത്രക്കാർ. പെറൂവിയൻ ലീഗ് ചാംപ്യൻമാരായ അലയൻസ് ലിമയിലെ പതിനാറു കളിക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

∙ 1989 ജൂൺ 7ന് സുരിനാം എയർവേയ്സിന്റെ ഫ്ലൈറ്റ്–764 ആംസ്റ്റർഡാമിൽ നിന്ന് പരമാരിബോയിലേക്കുള്ള യാത്രയ്ക്കിടെ തകർന്നുവീണു. കൊല്ലപ്പെട്ട 176 യാത്രക്കാരിൽ സുരിനാം വംശജരായ പതിനാല് ഡച്ച് ക്ലബ് ഫുട്ബോൾ താരങ്ങളുമുണ്ടായിരുന്നു.

∙ 1993 ഏപ്രിൽ 27ന് സെനഗലുമായുള്ള ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മൽസരത്തിൽ പങ്കെടുക്കാനുള്ള സാംബിയൻ ദേശീയ ടീമിനെയുമായി പുറപ്പെട്ട ചാർട്ടേഡ് വിമാനം ഗാബോൺ തീരത്തു തകർന്നു വീണു. 18 കളിക്കാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മുപ്പതു പേരും കൊല്ലപ്പെട്ടു.

∙ സ്വീഡിഷ് ടേബിൾ ടേന്നീസ് താരമായ ഹാൻസ് അൽസർ, ലോക ബോക്സിങ് ചാമ്പ്യനായിരുന്ന ഫ്രാൻസിന്റെ മാർസൽ സെർദാൻ, ലൈറ്റ് വെയ്റ്റ് ചാമ്പ്യനായിരുന്ന ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ കാർലോസ് ക്രൂസ്, ബ്രിട്ടീഷ് അത്‍ലറ്റും 1964 ഒളിംപിക്സ് ജേതാവുമായിരുന്ന ജോൺ കൂപ്പർ, ഫ്രഞ്ച് നീന്തൽ താരവും മൂന്നു തവണ ഒളിംപിക്സ് ജേതാവുമായ കാമിലി മുഫറ്റ്, എൻബി എ താരമായിരുന്ന നിക്ക് വാനോസ് തുടങ്ങിയവരും ആകാശത്തെ അപകടങ്ങളിൽ കൊല്ലപ്പെട്ടവരാണ്.

∙ കേരളത്തിന്റെ നഷ്ടം

1971 ഏപ്രിൽ 30–ന് കുളു താഴ്‌വരയിൽ വിമാന തകർന്നാണ് കായിക കേരളത്തിന്റെ കുലപതി കേണൽ ജി.വി രാജ മരണമടഞ്ഞത്. കേരളത്തിന്റെ അഭിമാനമായിരുന്ന വോളിബോൾ താരം ജിമ്മി ജോർജും മരണമടഞ്ഞത് വാഹനാപകടത്തിലായിരുന്നു. എന്നാൽ വിമാനാപകടമായിരുന്നില്ല അത്. 1987 നവംബർ 30ന് ഇറ്റലിയിലെ മൊഡേനയിലുണ്ടായ കാർ അപകടത്തിലാണ് ജിമ്മി വിടപറഞ്ഞത്. ഇറ്റലിയിൽ പ്രൊഫഷണൽ ക്ലബിലെ അംഗമായിരുന്ന ജിമ്മി പരിശീലനം കഴിഞ്ഞ് പോകുമ്പോൾ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 21-ാം വയസിൽ അർജുന പുരസ്കാരം നേടിയ ജിമ്മിയുടെ വിയോഗം 32–ാം വയസിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com