ADVERTISEMENT

വെറും 47 കിലോഗ്രാം മാത്രം ഭാരമുള്ള, നീണ്ടു മെലിഞ്ഞ ഒരു പെൺകുട്ടി ഇന്ത്യൻ അത്‍‌ലറ്റിക്  ട്രാക്കിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചത് അടുത്ത കാലത്താണ്. വരവു തന്നെ അപ്രതീക്ഷിതമായിരുന്നു. വന്നതിനുശേഷമുള്ള പ്രകടനങ്ങൾ അതിലും മേലെ. കണ്ണു തുറക്കുന്ന വേഗത്തിലാണു വി.കെ.വിസ്മയ എന്ന കണ്ണൂരുകാരി ഇന്ത്യൻ അത്‍ലറ്റിക്സിലെ വിസ്മയമായി മാറിയത്.

18 മാസങ്ങൾക്കുള്ളിൽ 4 സ്വർണമടക്കം 13 രാജ്യാന്തര മെ‍ഡലുകളാണ് ഈ 22 വയസ്സുകാരി നേടിയത്. 2018ലെ ജക്കാർ‌ത്ത ഏഷ്യൻ ഗെയിംസ് റിലേയിൽ വിജയത്തിന്റെ അവസാന ലാപ് വിസ്മയ അസാമാന്യ വേഗത്തിൽ ഓടിത്തീർത്തു. ജൂലൈയിൽ ജപ്പാനിൽ നടക്കുന്ന ഒളിംപിക്സിലും രാജ്യത്തിന്റെ പ്രതീക്ഷയുടെ ബാറ്റൺ വിസ്മയയുടെ കയ്യിൽ സുരക്ഷിതമാണ്. ഒരു മലയാളി അത്‍ലീറ്റിന്റെ സ്വാഭാവിക കായിക വളർച്ചയുടെ റൂട്ട് മാപ്പുകളെല്ലാം തെറ്റിച്ചായിരുന്നു വിസ്മയയുടെ വരവ്. പ്ലസ്‍ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിക്കുന്നത്. കോളജ് കാലത്താണ് ആദ്യ ദേശീയ മെഡൽനേട്ടം.  

അപ്രതീക്ഷിത വരവ്

സ്കൂളിലെ പഠിപ്പിസ്റ്റായിരുന്ന വിസ്മയയുടെ സ്വപ്നങ്ങളിൽ പോലും ട്രാക്കില്ലായിരുന്നു. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്. പ്ലസ്ടുവിന് 92 ശതമാനം മാർക്ക്. ഡോക്ടറാകാനായിരുന്നു ആഗ്രഹം. അത്‌ലീറ്റായായിരുന്ന അനുജത്തിയുടെ പരിശീലനത്തിനു കൂട്ടായി ഗ്രൗണ്ടിലെത്തിയിരുന്ന വിസ്മയയിലെ കായിക പ്രതിഭയെ തിരിച്ചറിഞ്ഞതു കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ കായികാധ്യാപകനായിരുന്ന രാജു പോളാണ്.

ലോങ്ജംപായിരുന്നു ആദ്യ ഇനം. പിന്നീടതു ഹർഡിൽസായി. 2014ൽ സംസ്ഥാന സ്കൂൾ‌ മീറ്റിൽ 400 മീറ്റർ ഹർഡിൽ‌സിൽ വെങ്കലം നേടിയാണു തുടക്കം. ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ‍ഡിഗ്രിക്കു ചേർന്ന ശേഷമാണു 200,400 മീറ്റർ ഇനങ്ങളിൽ മത്സരിച്ചു തുടങ്ങിയത്.

കരിയറിലെ വഴിത്തിരിവ്

2017ലെ അന്തർ സർവകലാശാല അത്‍‍ലറ്റിക്സിൽ 200 മീറ്ററിൽ 25 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തകർത്ത പ്രകടനമാണ് വഴിത്തിരിവായത്. ഇതേ മീറ്റിൽ 400 മീറ്ററിൽ വെള്ളി നേടിയതോടെ ഇന്ത്യൻ ക്യാംപിലേക്കു ക്ഷണം. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ 4-400 മീറ്റർ വനിതാ റിലേ ടീമിലെ റിസർവ് അംഗമായി ജക്കാർത്തയിലേക്കു പുറപ്പെട്ട വിസ്മയ, മത്സരത്തിനു 2 ദിവസം മുൻപു നടന്ന സിലക്‌ഷൻ ട്രയൽസിലെ ഉജ്വല പ്രകടനത്തോടെ ടീമിൽ സ്ഥാനമുറപ്പിച്ചു.

റിലേ ഫൈനൽ പോരാട്ടത്തിൽ ആദ്യ ലാപ് ഓടേണ്ടിയിരുന്ന വിസ്മയയെ അവസാന ലാപ് ഓടിക്കണമെന്ന തീരുമാനമെത്തിയതു മത്സരത്തിനു തൊട്ടുമുൻപാണ്. അവസാന നിമിഷം കുതിച്ചോടി ഇന്ത്യയ്ക്കു സ്വർണമുറപ്പിച്ച വിസ്മയ ആ തീരുമാനം ശരിയെന്നു തെളിയിച്ചു. ഒപ്പം തന്റെ ആദ്യ രാജ്യാന്തര മത്സരത്തിൽ തന്നെ സ്വർണമെന്ന സുന്ദര നേട്ടവും സ്വന്തമാക്കി.

2019ന്റെ ഭാഗ്യങ്ങൾ 

വൈകി വന്നെങ്കിലും ഫിനിഷിങ് പോയിന്റിൽ എപ്പോഴും നേരത്തേയെത്തുന്ന താരമെന്നാണു വിസ്മയയെ ഇന്ത്യൻ പരിശീലക ഗലീന ബുഖറിന വിശേഷിപ്പിക്കുന്നത്.  400 മീറ്ററിൽ രാജ്യത്തെ മുൻനിരയിലേക്കും റിലേ ടീമിലെ സ്ഥിരാംഗത്വത്തിലേക്കും കുതിച്ചെത്തിയ മികവിനുള്ള അംഗീകാരമായിരുന്നു ഈ വിശേഷണം. 

കഴിഞ്ഞവർഷം പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലുമായി വിവിധ രാജ്യാന്തര  മീറ്റുകളിൽ പങ്കെടുത്ത വിസ്മയ രണ്ടു സ്വർണമടക്കം 11 വ്യക്തിഗത മെഡലുകളാണു നേടിയത്. ബൺറോ ഗ്രാൻപ്രിയിൽ 52.12 സെക്കൻഡിൽ ഓടിയെത്തി 400 മീറ്ററിൽ കരിയറിലെ മികച്ച സമയം കുറിച്ചു. സീനിയർ തലത്തിൽ ഒരു ദേശീയ സ്വർണം പോലുമില്ലെന്ന പേരുദോഷം തീർത്തത് കഴിഞ്ഞവർഷം ഒക്ടോബറിലാണ്; റാഞ്ചിയിൽ നടന്ന ഓപ്പൺ അത്‍ലറ്റിക്സിലെ വിജയത്തോടെ. ദോഹയിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക്സിൽ വിസ്മയ ഉൾപ്പെട്ട ഇന്ത്യൻ ടീം വനിതകളുടെ 4-400 റിലേയിലും മിക്സ്ഡ് റിലേയിലും വെള്ളി നേടിയിരുന്നു. 

കണ്ണൂർ ഏരുവേശി സ്വദേശി കെ.വിനോദിന്റെയും വി.കെ.സുജാതയുടെയും മകളാണ്. വിസ്മയയുടെ കുടുംബം 6 വർഷമായി കോതമംഗലത്താണു താമസം. തിരുവനന്തപുരം എൽഎൻസിപിഇയിൽ ഒളിംപിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിലാണിപ്പോൾ വിസ്മയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com