ADVERTISEMENT

ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ 2600 എലോ റേറ്റിങ് എന്ന നാഴികക്കല്ല് പിന്നിട്ട വർഷമാണ് 2019. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരനും രണ്ടാമത്തെ ലോകതാരവുമാണ് പതിനഞ്ചുകാരൻ നിഹാൽ

നിഹാൽ പൊരിഞ്ഞ വായനയിലാണ്. പത്താം ക്ലാസ് പരീക്ഷച്ചൂടിൽ പാഠപുസ്തകങ്ങൾ വായിച്ചുകൂട്ടുകയാണെന്നു കരുതരുത്. വിശ്വനാഥൻ ആനന്ദിന്റെ ചെസ് ജീവിതത്തെക്കുറിച്ച് മിഷിയൽ ഏബലിൻ രചിച്ച ‘ദ് ആനന്ദ് ഫയൽസ്’ എന്ന വിഖ്യാത പുസ്തകമാണ് കയ്യിൽ. പരീക്ഷയ്ക്കൊരുങ്ങേണ്ട സമയത്ത് ഇത്ര ആവേശത്തോടെ ചെസ് പുസ്തകം വായിക്കുന്നത് എന്തിനെന്നു സംശയം തോന്നാം. നിഹാലിനെ തിരഞ്ഞുപിടിച്ചു ഗ്രന്ഥകാരൻ തന്നെ നേരിട്ടു സമ്മാനിച്ച കോപ്പിയാണത്! ഫ്രാൻസിൽ കാർപോവ് ട്രോഫി ചെസ് ടൂർണമെന്റിനിടയിൽ നിഹാലിനെ കാണാനെത്തിയ മിഷിയൽ ഏബലിൻ സ്നേഹത്തിന്റെ ഒപ്പു പതിപ്പിച്ചു നൽകിയ പുസ്തകം. വായനയുടെ ഇടവേളകളിൽ പാഠപുസ്തകത്തിലും നിഹാലിന്റെ കണ്ണുപതിയുന്നുണ്ട്. ചെസ് ബോർഡിനു മുന്നിലെ രാജ്യാന്തര പരീക്ഷകളോളം ദുഷ്കരമല്ലെങ്കിലും പത്താം ക്ലാസ് പരീക്ഷ നിസ്സാരമല്ലെന്നു നന്നായി അറിയാം. ദുർഘട പരീക്ഷകൾ നിറഞ്ഞ ചെസ് ജീവിതത്തിനു 10 വയസ്സ് തികയുമ്പോൾ നിഹാലിന്റെ പ്രോഗ്രസ് കാർഡിൽ തിളങ്ങുന്നത് സമ്പൂർണ എ പ്ലസ് നേട്ടം.

നന്ദി, 2019

നിഹാൽ സരിന്റെ കരിയറിൽ സ്വപ്നസാക്ഷാത്കാരങ്ങളുടെ വർഷമാണ് കടന്നുപോയത്. ചെസ് ലോകകപ്പ് കളിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടമാണ് പട്ടികയിലാദ്യത്തേത്. ലോകോത്തര താരങ്ങൾ അണിനിരന്ന ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടന്നതും നേട്ടം. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ അസർബൈജാൻ ഗ്രാൻഡ്മാസ്റ്റർ സഫർലി എൽ താജിനെ 37 നീക്കത്തിനൊടുവിൽ തോൽപിച്ച നിഹാലിന്റെ കളികണ്ട് ലോക ചാംപ്യൻ മാഗ്നസ് കാൾസൺ ട്വീറ്റ് ചെയ്തു: ‘ദ് പെർഫെക്ട് ഗെയിം.’ 

16 വർഷം ലോകചാംപ്യൻപട്ടം കൈവശംവച്ച ഇതിഹാസതാരം അനറ്റൊളി കാർപോവിനെ പ്രദർശന മത്സരത്തിൽ തോൽപിച്ചതു ചെസ് ലോകത്തെ ചൂടുവാർത്തയായി. ഫ്രാൻസിൽ നടന്ന കാർപോവ് ട്രോഫി ചെസിലെ ബ്ലിറ്റ്സ് റൗണ്ടിൽ ആദ്യ കളിയിൽ നിഹാലിനെ കാർപോവ് തോൽപിച്ചെങ്കിലും രണ്ടാംകളിയിൽ വെറും 28 നീക്കത്തിനൊടുവിൽ കാർപോവിനെ തുരത്തി.

ഏഷ്യൻ ചാംപ്യൻ

20 ഗ്രാൻഡ്മാസ്റ്റർമാർ പങ്കെടുത്ത ഏഷ്യൻ കോണ്ടിനന്റൽ ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിൽ കിരീടം നേടിയതാണ് കഴിഞ്ഞ വർഷത്തെ പ്രധാന നേട്ടങ്ങളിലൊന്ന്. ഒരു മത്സരം പോലും തോൽക്കാതെ എട്ടു പോയിന്റ് നേടിയാണ് നിഹാലിന്റെ വിജയം. കഴിഞ്ഞ മേയിൽ സ്വീഡനിൽ നടന്ന സീഗ്മാൻ ആൻഡ് കോ ടൂർണമെന്റിൽ 2600 എലോ റേറ്റിങ് എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ  ഇന്ത്യക്കാരൻ; പ്രായം കുറഞ്ഞ  രണ്ടാമത്തെ ലോകതാരവും! കഴിഞ്ഞ ജൂലൈയിൽ മുൻ ലോക രണ്ടാം നമ്പർ താരം വാസിലി ഇവാൻചുക്കുമായി ലിയോൺ മാസ്റ്റേഴ്സ് ടൂർണമെന്റിൽ നിഹാൽ ഏറ്റുമുട്ടി.  

ജ‍ൂനിയർ ലോകചാംപ്യനായ ഇറാനിയൻ ഗ്രാൻഡ്മാസ്റ്റർ പർഹാം മഗ്സൂദ്‍ലുവിനെ തോൽപിച്ചതും വലിയ നേട്ടം. നാലുവട്ടം വനിതാ ലോകചാംപ്യനായ ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ഹൂ യിഫാനെയും തോൽപിച്ചു.

നീണ്ട യാത്ര

അഞ്ചാം വയസിൽ ചെസ് കളിച്ചു തുടങ്ങിയ നിഹാൽ, ജൈത്രയാത്രയുടെ പത്താം വാർഷികത്തിൽ നടത്തിയതു നീണ്ട നീണ്ട യാത്രകൾ. ഫ്രാൻസ്, തുർക്കി, ചൈന, റഷ്യ, സ്വീഡൻ, ഇംഗ്ലണ്ട്, സ്പെയിൻ എന്നിങ്ങനെ നീളുന്നു ഒറ്റവർഷത്തിനിടെ ചെസ് ടൂർണമെന്റുകൾക്കായി കറങ്ങിയ രാജ്യങ്ങളുടെ പട്ടിക. 

തൃശൂർ മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. എ. സരിന്റെയും സൈക്യാട്രിസ്റ്റ് ഡോ. ഷിജിൻ എ. ഉമ്മറിന്റെയും മകനാണ് നിഹാൽ. തൃശൂർ ദേവമാതാ ‌പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. 

English Summary: Nihal Sarin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com