ADVERTISEMENT

ജയ്പുർ ∙ ഫൈനലുകളിലെ സ്ഥിരം എതിരാളികളായ റെയിൽവേയെ 5 സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ കീഴടക്കി കേരള വനിതകൾ ഫെഡറേഷൻ കപ്പ് വനിതാ വിഭാഗം കിരീടം നിലനിർത്തി. സ്കോർ: 22–25, 25–20, 22–25, 25–21, 16–14. ഈ വർഷം കേരള വനിതകളുടെ 2–ാം ദേശീയ കിരീടമാണിത്. ജനുവരിയിൽ ദേശീയ സീനിയർ വോളിയിൽ ജേതാക്കളായിരുന്നു. 2 വർഷത്തിനിടെ കേരള വനിതകൾ സ്വന്തമാക്കുന്ന 4–ാം ദേശീയ കിരീടമാണിത് (2 വീതം സീനിയർ, ഫെഡറേഷൻ കപ്പ് കിരീടങ്ങൾ). 

കഴിഞ്ഞ വർഷവും റെയി‍ൽവേയെയാണു കേരളം ഫൈനലിൽ തോൽപിച്ചത്. അന്നു 3 സെറ്റിൽ കളി തീർന്നെങ്കിൽ ഇന്നലെ 5 സെറ്റിലേക്കു മത്സരം നീണ്ടു. കഴിഞ്ഞ വർഷം ജനുവരിയി‍ൽ ദേശീയ സീനിയർ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കേരള വനിതകൾ കിരീടമുയർത്തിയതും റെയിൽവേയെ തോൽപിച്ചാണ്. കഴിഞ്ഞ മാസം ദേശീയ സീനിയർ വോളിയിൽ കിരീടം നിലനിർത്തിയപ്പോഴും തോൽപിച്ചത് റെയിൽവേയെയാണ്. 

 ആദ്യ സെറ്റിലെ ആദ്യ സെർവ് മുതൽ റെയിൽവേ ഇരച്ചുകയറി. കഴിഞ്ഞ 3 ദേശീയ ഫൈനലുകളിലും തങ്ങളെ പാളംതെറ്റിച്ച കേരളത്തെ പിടിച്ചുകെട്ടുകയായിരുന്നു അവരുടെ ലക്ഷ്യം. ആദ്യ സെറ്റ് റെയിൽവേ പിടിച്ചു. എന്നാൽ,  ആത്മവിശ്വാസത്തോടെ ഫൈനൽ വരെയെത്തിയ കേരളം വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. 2–ാം സെറ്റ് കേരളം പിടിച്ചു. 3–ാം സെറ്റിൽ വീണ്ടും റെയിൽവേ. 4–ാം സെറ്റിൽ വിട്ടുകൊടുക്കാതെ കേരളം. നിർണായകമായ 5–ാം സെറ്റിൽ ഓരോ പോയിന്റിലും ആവേശം നിറഞ്ഞു. ഒടുവിൽ 16–14നു സെറ്റും മത്സരവും കേരളത്തിന്. 

കേരള ടീം: എം.ശ്രുതി (ക്യാപ്റ്റൻ), എസ്.രേഖ, കെ.പി.അനുശ്രീ, എസ്.സൂര്യ, അഞ്ജലി ബാബു, അശ്വതി രവീന്ദ്രൻ, എ‍ൻ.പി.അനഘ, അനന്യ അനീഷ്, ജെ. മേരി അനീന, യു.അതുല്യ, ഇ. അശ്വതി, അഞ്ജു ബാലകൃഷ്ണൻ. പരിശീലകൻ: ഡോ. സി.എസ്.സദാനന്ദൻ. സഹപരിശീലക: രാധിക കപിൽദേവ്, മാനേജർ: സുനിൽ സെബാസ്റ്റ്യൻ.  

English Summary: Kerala women volleyball team wins title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com