ADVERTISEMENT

ടോക്കിയോ ഒളിംപിക്സിനു മാസങ്ങൾ മാത്രം ബാക്കി നിൽക്കേ, രാജ്യത്തെ കായികരംഗത്തിന് അഭിമാനിക്കാവുന്നൊരു നേട്ടം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ ഹോക്കി. ലോകത്തെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ (എഫ്ഐഎച്ച്) വാർഷിക പുരസ്കാരം ഇതാദ്യമായി ഒരു ഇന്ത്യൻ താരത്തെ നേടിവന്നിരിക്കുന്നു. ടീം ഇന്ത്യയുടെ നായകൻ മൻപ്രീത് സിങ്ങാണു പോയ വർഷത്തെ മികച്ച ലോക താരം. ഇരുപത്തിരണ്ടു വർഷത്തെ പാരമ്പര്യമുള്ള രാജ്യാന്തര ഹോക്കി പുരസ്കാര പട്ടികയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡോടെയാണു മൻപ്രീത് സിങ് പവാറിന്റെ വരവ്. 

∙ പർഗത് പകർന്ന പ്രണയം

ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിലുകളിലൊന്നായ ജലന്തറിന്റെ സംഭാവനയാണ് ഇന്ത്യയുടെ വിശ്വസ്തനായ  ഹാഫ് ബാക്ക് താരം. കർഷക കുടുംബത്തിലായിരുന്നു ജനനം. തന്റെ ഗ്രാമമായ മിഥാപൂരിൽനിന്നു തന്നെയുള്ള മുൻ നായകൻ പർഗത് സിങ്ങായിരുന്നു കുട്ടിക്കാലം മുതൽക്കേ മൻപ്രീതിന്റെ പ്രചോദനം. പത്താം വയസിനും മുൻപേ തുടങ്ങി ഹോക്കിയോടുള്ള കലശലായ പ്രണയം. പക്ഷേ, മൻപ്രീതിന്റെ അമ്മ അതത്ര പ്രോത്സാഹിപ്പിച്ചില്ല. പരുക്ക് പറ്റുമെന്ന ഭയമാണ് എതിർപ്പിനു കാരണമായത്. വീട്ടുകാരുടെ കണ്ണുവെട്ടിച്ചു ഗ്രൗണ്ടിലെത്താറുള്ള മൻപ്രീതിന്റെ കളി പക്ഷേ പരിശീലകരെ അദ്ഭുതപ്പെടുത്തി.  അവർ വീട്ടുകാരുമായി സംസാരിച്ചതോടെയാണു മൻപ്രീതിന്റെ സ്വപ്നങ്ങൾക്കു പച്ചക്കൊടി ഉയർന്നത്. 

ജലന്തറിലെ സുർജിത് ഹോക്കി അക്കാദമിയിൽ ചേർന്നതോടെ മൻപ്രീതിന്റെ വളർച്ചയ്ക്കും തുടക്കമായി.  2011ൽ ജൂനിയർ ഇന്ത്യൻ ടീമിന്റെ ഭാഗമായി. 2013ൽ ജൂനിയർ ടീമിന്റെ നായകനും. ഇന്ത്യൻ ഹോക്കിയിലെ പോയ കാലത്തിന്റെ പ്രതാപം ഓർമിപ്പിച്ചുകൊണ്ട് ആ വർഷം സുൽത്താൻ ഓഫ് ജൊഹോർ കപ്പ് ഏറ്റുവാങ്ങിയതു മൻപ്രീത് ആയിരുന്നു. ഫൈനലിൽ ആതിഥേയരായ മലേഷ്യയെ വൻ മാർജിനിൽ (3–0) കീഴടക്കി. ഇതിൽ അവസാന ഗോൾ നേടി കിരീടജയം ഉറപ്പിച്ചതും മൻപ്രീതാണ്. തൊട്ടടുത്ത വർഷം ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ ഏറ്റവും മികച്ച  ജൂനിയർ താരത്തിനുള്ള പുരസ്കാരവും പഞ്ചാബി പയ്യനെത്തേടിയെത്തി. ഫോർവേഡ് റോളിൽ കരിയർ തുടങ്ങിയ താരമാണു മൻപ്രീത്. പിന്നീട് ഹാഫ് ബാക്ക് പൊസിഷനിലേക്ക് മാറുകയായിരുന്നു

∙ സീനിയേഴ്സിലെ ജൂനിയർ

ജൂനിയർ ടീമിൽ കളിക്കുമ്പോൾ തന്നെ, 19–ാം വയസിൽ മൻപ്രീത് സിങ് ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായി.   2012, 2016 വർഷങ്ങളിലെ ഒളിംപിക് ടീമുകളിൽ ഇടം കണ്ടെത്തിയ മൻപ്രീത് ടീം ഇന്ത്യക്കൊപ്പം നിരവധി നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് സ്വർണവും (2014) വെങ്കലവും (2018) കഴുത്തിൽ അണിഞ്ഞിട്ടുള്ള താരം ഇതേവരെ 260 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു. 2017 ലെ ഏഷ്യ കപ്പ് കിരീടം, 2013 ഏഷ്യ കപ്പിലെ വെള്ളി, 2014 കോമണ്‍വെൽത്ത് ഗെയിംസിലെ വെള്ളി, 2016, 2018 ചാംപ്യൻസ് ട്രോഫികളിലെ വെള്ളി എന്നീ നേട്ടങ്ങൾ കുറിച്ച ഇന്ത്യൻ ടീമിലെ സ്ഥിരമുഖമായിരുന്നു മൻപ്രീത് സിങ് പവാർ. 2017 ലാണു മൻപ്രീത് ആദ്യമായി ഇന്ത്യയുടെ നായകൻ ആകുന്നത്. പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിനു പകരക്കാരനായാണു മൻപ്രീത് ടീം ഇന്ത്യയുടെ കപ്പിത്താനായത്. കഴിഞ്ഞ വർഷം അർജുന നൽകി രാഷ്ട്രം ആദരിച്ചു. 

മിഡ്‌ഫീൽഡിൽ കളി നിയന്ത്രിക്കുന്നതിനൊപ്പം സഹതാരങ്ങളെ പ്രചോദിപ്പിച്ചു നിർത്താനുള്ള മൻപ്രീതിന്റെ മിടുക്ക് ശ്രദ്ധേയമാണ്. 2016ലെ സുൽത്താൻ അസ്‍ലൻ ഷാ കപ്പ് ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ കളിക്കുമ്പോഴായിരുന്നു പിതാവിന്റെ മരണം. മത്സരം തീർന്ന ഉടൻ വീട്ടിലേക്കു മടങ്ങിയ മൻപ്രീത് അമ്മയുടെ ഉപദേശപ്രകാരം  ടൂർണമെന്റിലെ ബാക്കി മത്സരങ്ങൾക്കായി മടങ്ങി. ലോകഹോക്കിയിലെ പേരും പ്രതാപവുമുള്ള വേദിയായ അസ്‌ലൻ ഷാ കപ്പിൽ രണ്ടാം സ്ഥാനവുമായാണ് അന്ന് ഇന്ത്യ മടങ്ങിയത്.  ശക്തമായ പ്രതിരോധം തീർത്ത് എതിരാളികളെ വലച്ചുകളഞ്ഞ മൻപ്രീതിന്റെ പോരാട്ടവീര്യവും ആ ടൂർണമെന്റിൽ ഏറെ ശ്രദ്ധ നേടി. ഇപ്പോൾ ലോക ഹോക്കിയിലെ മികച്ച താരത്തിനുള്ള പുരസ്കാരം  ലഭിക്കുമ്പോഴും അതു പിതാവിനു സമർപ്പിക്കാനാണു മൻപ്രീത് ഇഷ്ടപ്പെട്ടത്.  

∙ ബെക്കാം, റോണോ, യോ യോ !

ഹോക്കിയിലെ എണ്ണപ്പെട്ട ലോകതാരമായി വളർന്നുവെങ്കിലും മൻപ്രീതിന്റെ ഇഷ്ടതാരങ്ങളെല്ലാം ഹോക്കിക്കു പുറമേ നിന്നുള്ളവരാണ്.   മുൻ ഇംഗ്ലിഷ് താരം േഡവിഡ് ബെക്കാം, പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ ഫുട്ബോളർമാരുടെ കടുത്ത ആരാധകനാണ് ടീം ഇന്ത്യയുടെ നായകൻ. ബെക്കാമിനെയും റൊണാൾഡോയേയും പോലെ ഏഴാം നമ്പർ പതിച്ചതാണു മൻപ്രീത് ധരിക്കുന്ന ജഴ്സികളും.

മത്സരങ്ങളുടെ പിരിമുറുക്കം മറികടക്കാൻ യോഗയെ ആശ്രയിക്കുന്ന മൻപ്രീതിന്റെ പിന്നത്തെ ഇഷ്ടം സംഗീതമാണ്. ഏതൊരു പഞ്ചാബിയേയും പോലെ ഭാംഗ്ര സംഗീതം ഇഷ്ടപ്പെടുന്ന മൻപ്രീതിന്റെ ഇഷ്ടതാരം യോ യോ ഹണി സിങ്ങും. എവിടെപ്പോയാലും പ്ലേസ്റ്റേഷന്‍ മറക്കാറില്ല. സൽമാൻ ഖാനെ ഏറെ ആരാധിക്കുന്ന മൻപ്രീത് ബയോപിക് ചിത്രങ്ങളുടെ കട്ട ഫാൻ കൂടിയാണ്. ടീം ഇന്ത്യക്ക് ടോക്കിയോ ഒളിംപിക് യോഗ്യത  നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഇരുപത്തിയേഴുകാരൻ ചരിത്രനേട്ടത്തിന്റെ ഭാഗമാകുമ്പോൾ അതേ ചുമലിൽ ഒളിംപിക് മെഡലെന്ന സ്വപ്നഭാരവുമേറ്റി കാത്തിരിക്കുകയാണ് ആരാധകർ. 

English Summary: Manpreet Singh becomes first Indian to win FIH Player of the Year award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com