ADVERTISEMENT

ന്യൂഡൽഹി ∙ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തു നടക്കാനിരിക്കുന്ന പല മത്സരങ്ങളും കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്താൻ തീരുമാനം. എന്നാൽ, 29നു തുടങ്ങാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. 

ക്രിക്കറ്റ്

ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അടുത്ത 2 മത്സരങ്ങളിലും കാണികൾക്കു പ്രവേശനമുണ്ടാകില്ല. 15നു ലക്‌നൗവിലും 18നു കൊൽക്കത്തയിലുമാണു മത്സരങ്ങൾ. മുംബൈയിൽ നടന്നുവരുന്ന റോഡ് സേഫ്റ്റി ലോക സീരീസ് ക്രിക്കറ്റ് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. സച്ചിൻ തെൻഡുൽക്കറും ബ്രയാൻ ലാറയും ഉൾപ്പെടെയുള്ള മുൻ ലോകതാരങ്ങളാണു വിവിധ ടീമുകൾക്കായി കളിക്കാനിറങ്ങിയത്. രാജ്കോട്ടിൽ നടക്കുന്ന രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിന്റെ അവസാന ദിനമായ ഇന്നു ഗാലറിയിൽ കാണികളുണ്ടാകില്ല. 

ഫുട്ബോൾ

നാളെ ഗോവയിൽ നടക്കാനിരിക്കുന്ന ഐഎസ്എൽ (ഇന്ത്യൻ സൂപ്പർ ലീഗ്) ഫുട്ബോൾ ഫൈനൽ അടച്ചിട്ട സ്റ്റേഡിയത്തിലാകും അരങ്ങേറുക. എടികെയും ചെന്നൈയിൻ എഫ്സി തമ്മിലാണു ഫൈനൽ. ഐ ലീഗ് ഫുട്ബോളിന്റെ അവശേഷിക്കുന്ന 28 മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും നടത്തുകയെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. 

ഐപിഎൽ

ഏപ്രിൽ 15 വരെ രാജ്യത്തേക്കു വിദേശികൾക്കു വീസ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഇത്തവണ വിദേശതാരങ്ങൾ കളിക്കാനിടയില്ല. അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചാലും വിദേശതാരങ്ങളുടെ അഭാവം ടൂർണമെന്റിനെ സാരമായി ബാധിച്ചേക്കും. ഐപിഎല്ലിൽ കളിക്കുന്ന വിദേശതാരങ്ങൾ ബിസിനസ് വീസയിലാണു രാജ്യത്തേക്കു വരുന്നത്. ടൂർണമെന്റ് ഒഴിവാക്കുന്നതാണു നല്ലതെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. നാളെ ഐപിഎൽ ഭരണസമിതി യോഗം മുംബൈയിൽ നടക്കുന്നുണ്ട്. 

ഇതിനു പുറമേ ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റനും കാണികളെ പ്രവേശിപ്പിക്കാതെ നടത്തും. ഏപ്രിലിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക്സിലേക്കു വിദേശതാരങ്ങളെ ക്ഷണിക്കാനുള്ള നീക്കം ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ ഉപേക്ഷിച്ചു. ഫെഡറേഷൻ കപ്പ് ജൂനിയർ അത്‍ലറ്റിക്സ്, ഷൂട്ടിങ് ലോകകപ്പ്, ഇന്ത്യൻ ഓപ്പൺ ഗോൾഫ്, സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് തുടങ്ങിയവ കൊറോണപ്പേടിയിൽ മാറ്റിവച്ചിരുന്നു. ജോർദാനിൽ നടന്ന ഒളിംപിക് യോഗ്യതാ മത്സരത്തിനുശേഷം മടങ്ങിയെത്തുന്ന ഇന്ത്യൻ ബോക്സിങ് താരങ്ങളെ ക്വാറന്റീൻ ചെയ്യും. 

എംസിജിയിൽ കോവിഡ്; കാണികൾ പേടിയിൽ

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) ഞായറാഴ്ച നടന്ന ഇന്ത്യ – ഓസ്ട്രേലിയ ട്വന്റി20 വനിതാ ലോകകപ്പ് ഫൈനൽ കാണാനെത്തിയവരിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതായി അധികൃതർ വെളിപ്പെടുത്തി. എന്നാൽ, കൂടുതൽ പേരിലേക്കു രോഗം പകരാനുള്ള സാധ്യതയില്ലെന്നും അധികൃതർ അറിയിച്ചു. 

കോവിഡിൽ കലങ്ങി കായികലോകം

∙ ഫോർമുല വൺ സീസണിലെ ആദ്യ മത്സരമായ  ഓസ്ട്രേലിയൻ ഗ്രാൻപ്രി ഉപേക്ഷിച്ചു.  

∙ സ്പാനിഷ് ലാ ലിഗ മത്സരങ്ങൾ അടുത്ത രണ്ടാഴ്ചത്തേക്കു നിർത്തിവച്ചു. 

∙ ടോക്കിയോ ഒളിംപിക്സിനുള്ള ദീപശിഖ തെളിക്കൽ ചടങ്ങ് കാണികളെ പ്രവേശിപ്പിക്കാതെ ഗ്രീസിൽ നടത്തി. 

∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്താൻ സാധ്യത. 

∙ ചാംപ്യൻസ് ലീഗിലെ അടു‌ത്തയാഴ്ചത്തെ മത്സരങ്ങൾ മാറ്റി. 

∙ ഫെഡ് കപ്പ് ടെന്നിസ് ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റി. 

∙ യുഎസിലെ നാഷനൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ) ലീഗ് നിർത്തിവച്ചു.

‘കോവിഡ് – 19മായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നി‌ർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാ കായിക അസോസിയേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ഒത്തുചേരുന്നതു പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. മത്സരങ്ങൾ നട‌‌ത്താമെങ്കിലും നിർദേശങ്ങളിൽ വീഴ്ച വരുത്താൻ പാടില്ല.’ – രാധേ ശ്യാം ജൂലൈനിയ, കേന്ദ്ര കായിക സെക്രട്ടറി

English Summary: Ban for viewers during matches in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com