ADVERTISEMENT

ന്യൂഡൽഹി∙ വനിതാ ബോക്സിങ്ങിൽ ഇന്ത്യയുടെ മിന്നും താരമായ ഒളിംപ്യൻ മേരി കോം, ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചതായി ആക്ഷേപം. ജോർദാനിലെ അമ്മാനിൽ നടന്ന ഏഷ്യ–ഒഷ്യാനിയ ഒളിംപിക്സ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്ത ശേഷം ഈ മാസം 13ന് നാട്ടിൽ തിരിച്ചെത്തിയ മേരി കോം, ക്വാറന്റീനിലിരിക്കെ രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തെന്നാണ് വിമർശനം. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയവർ നിർബന്ധമായും 14 ദിവസത്തേക്ക് ക്വാറന്റീനിൽ പ്രവേശിക്കണമെന്ന ചട്ടം നിലനിൽക്കെയാണ് രാജ്യസഭാ എംപി കൂടിയായ മേരി കോം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.

ഈ മാസം 16നാണ് 96 എംപിമാർക്കായി രാഷ്ട്രപതി ഭവനിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. രാഷ്ട്രപതി ഭവൻ പിന്നീട് ട്വീറ്റ് ചെയ്ത ചടങ്ങിലെ ചിത്രത്തിൽ മേരി കോം മറ്റ് എംപിമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളുമുണ്ട്. ജോർദാനിൽ ബോക്സിങ് ടൂർണമെന്റിൽ പങ്കെടുത്ത താരങ്ങളെല്ലാം 14 ദിവസത്തേക്ക് ക്വാറന്റീനിൽ പ്രവേശിക്കുമെന്ന് പരിശീലകയായ സാന്തിയാഗോ നീവ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ പങ്കെടുത്ത കാര്യം സ്ഥിരീകരിച്ച് മേരി കോം പിന്നീട് പ്രസ്താവനയിറക്കി.

അതേസമയം, രാഷ്ട്രപതി ഭവനിലെ വിരുന്നിൽ പങ്കെടുത്ത ബിജെപി എംപി ദുഷ്യന്ത് സിങ് സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനു മുൻപ്, കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് താരം കനിക കപൂറുമൊത്ത് ലക്നൗവിൽ ഒരു ചടങ്ങിൽ പങ്കെടുത്ത സാഹചര്യത്തിലാണിത്. ആദ്യ പരിശോധനയിൽ കനിക കപൂറിന്റെ ഫലം നെഗറ്റീവായിരുന്നെങ്കിലും പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ മേരി കോമിനും ദുഷ്യന്ത് സിങ്ങിനും പുറമെ നിരവധി എംപിമാർ പ്രഭാത ഭക്ഷണത്തിനായി ഒത്തുകൂടിയിരുന്നു. മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്, കേന്ദ്രമന്ത്രി അർജുന്‍ റാം മേഘവാൾ, ഹേമമാലിനി, കോൺഗ്രസ് എംപി കുമാരി സെൽജ തുടങ്ങിയവരാണ് പ്രഭാത ഭക്ഷണത്തിന് ഉണ്ടായിരുന്നത്. പുതിയ സാഹചര്യത്തിൽ ഇവരെല്ലാം ക്വാറന്റീനിലേക്ക് മാറിയതായാണ് റിപ്പോർട്ട്. ദുഷ്യന്ത് സിങ്ങുമായി അടുത്തിടപഴകിയ സാഹചര്യത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെയും കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ അദ്ദേഹം പങ്കെടുക്കേണ്ട പൊതുപരിപാടികളും റദ്ദാക്കും.

English Summary: Mary Kom breaks quarantine protocol by attending breakfast hosted by President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com