ADVERTISEMENT

എന്റെ ഉറക്കം നഷ്ടപ്പെട്ടു: സെറീന

ന്യൂയോർക്ക് ∙  സ്വയം സമ്പർക്കവിലക്കിൽ കഴിയുന്ന  താൻ ഓരോ നിമിഷവും കടുത്ത മാനസിക സമ്മർദത്തിന് അടിപ്പെട്ടാണു കഴിയുന്നതെന്നു യുഎസ് ടെന്നിസ് സൂപ്പർതാരം  സെറീന വില്യംസ്.

അസ്വസ്ഥമായ ചുറ്റുപാടിൽനിന്ന് ഒരു മിനിറ്റ് നേരത്തേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്നു പറഞ്ഞ് താരം ടിക്‌ടോക്കിലൂടെ  വിഡിയോ സന്ദേശം പുറത്തുവിട്ടു: ‘കഴിഞ്ഞ രണ്ടാഴ്ചയായി എന്റെ രണ്ടര വയസ്സുകാരി മകൾക്കൊപ്പം വീട്ടിലടച്ചു കഴിയുകയാണ്. കഴിഞ്ഞ ദിവസം അവൾ ഒന്നു ചുമച്ചു. എനിക്കു വല്ലാത്ത ദേഷ്യം തോന്നി. പക്ഷേ, പിന്നാലെ ഞാൻ സങ്കടത്തിലായി. അവൾക്കു കോവിഡ് പിടിപെട്ടുകാണുമോ? ചുമ അതിന്റെ ലക്ഷണമാണോ? ഞാൻ ഭയന്നു വിറച്ചുപോയി. 

പിന്നീടു ഡോക്ടർമാരുടെ സഹായം തേടിയാണ് അവൾക്കു പ്രശ്നങ്ങളൊന്നുമില്ലെന്നു സ്ഥിരീകരിച്ചത്. എന്നാണാവോ ആശങ്കയുടെ ഈ കാലം അവസാനിക്കുക?’ 

ronaldo-covid-child
മക്കളായ മാറ്റിയോ, ഈവ, അലാന എന്നിവരെ സാനിറ്റൈസർ ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ.

‘വൃത്തിയായി’ വീട്ടിലിരിക്കാം 

ലിസ്ബൻ ∙ കൈകൾ വൃത്തിയാക്കുന്നതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. മക്കളായ ഈവ, അലാന, മാറ്റിയോ എന്നിവരുടെ കൈകളിലേക്കു സാനിറ്റൈസർ ഒഴിച്ചുകൊടുത്തശേഷം എങ്ങനെ കൈ കഴുകണമെന്നു പറഞ്ഞുകൊടുക്കുന്ന ദൃശ്യം താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. 

സമയം കളയേണ്ട

റഷ്യൻ ടെന്നിസ് താരം മരിയ ഷറപ്പോവയ്ക്കു തന്റെ ആരാധകരോടു പറയാനുള്ളത് ഇത്രമാത്രം: കൊറോണയെ പടികടത്താൻ വീടുകളിൽ സുരക്ഷിതമായി കഴിയുമ്പോഴും സമയം വെറുതെ കളയരുത്. കായികക്ഷമത നിലനിർത്താനുള്ള വ്യായാമം വീട്ടിലിരുന്നായാലും തുടരുക.

sharapova
ഷറപ്പോവ പങ്കുവച്ച ചിത്രം.

ലോകത്തിന്റെ സുരക്ഷയെക്കരുതി ആരും വീടിനു പുറത്തേക്ക് ഇറങ്ങരുത്. മറ്റുള്ളവരുമായി അകലം പാലിക്കുക... ഇങ്ങനെ പോകുന്നു താരത്തിന്റെ നിർദേശങ്ങൾ. വീട്ടിൽ വ്യായാമം ചെയ്യുന്ന ചിത്രവും ഷറപ്പോവ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

karthik-yoga
കാർത്തിക് വീട്ടിൽ ധ്യാനത്തിൽ.

ധ്യാനം...ഡികെ സ്റ്റൈൽ

ചെന്നൈ ∙ ക്രിക്കറ്റ് പരിശീലനവും ധ്യാന പരിശീലനവുമാണു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായ ക്രിക്കറ്റ് താരം ദിനേശ് കാർത്തികിന്റെ  പ്രധാന പരിപാടികൾ. വീട്ടിൽ സെൽഫ് ഐസലേഷനിൽ കഴിയുന്ന ‘ഡികെ’ലിവിങ് റൂമിലും ഡൈനിങ് ഹാളിലുമൊക്കെ നിന്നും ഇരുന്നും ബാറ്റ് കയ്യിലെടുത്തും വെറുംകൈകൊണ്ടും കണ്ണടച്ച് വിവിധ സ്ട്രോക്കുകൾ പരിശീലിക്കുന്ന വിഡിയോ, കൊൽക്കത്ത ടീം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. കാർത്തിക് ധ്യാനം പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com