ADVERTISEMENT

ഇന്ത്യയുടെ ആദ്യ ഒളിംപിക് വ്യക്തിഗത സ്വർണനേട്ടത്തിനും അപ്രതീക്ഷിതമായൊരു മെഡൽ നഷ്ടത്തിനും സാക്ഷിയായ മനോരമ ഫൊട്ടോഗ്രഫർ അരുൺ ശ്രീധർ എഴുതുന്നു... 

2008 ഓഗസ്റ്റ് 11ന് മരണമില്ല, മറക്കാനാവില്ല. ബെയ്‍ജിംങ് ഒളിംപിക്സിലെ ഷൂട്ടിങ് റേഞ്ചിൽ എത്തുമ്പോൾ ഫൈനൽ ആരംഭിക്കുന്നതേയുള്ളൂ. നാലാം നമ്പരിലാണ് ഇന്ത്യയുടെ അഭിനവ് ബിന്ദ്ര. ട്രയൽ ഷൂട്ടിങ്ങിനിടെതന്നെ ബിന്ദ്ര പതറിയെന്നു തോന്നി. അദ്ദേഹം തിരിഞ്ഞു കോച്ചിനെ നോക്കുന്നുണ്ട്. എന്തോ പന്തികേടു പോലെ. പക്ഷേ, പിന്നീടു ബിന്ദ്രയ്ക്കു ലക്ഷ്യം തെറ്റിയില്ല.

ഒൻപതാം റൗണ്ടിൽ ബിന്ദ്ര രണ്ടാം സ്ഥാനത്തുണ്ട്. നിശ്ശബ്ദമാണ് ഗാലറി. വെങ്കല മെഡലെങ്കിലും കിട്ടുമെന്ന് മനസ്സു പറഞ്ഞ നിമിഷം, ബിന്ദ്ര പത്താമത്തെ നിറയൊഴിച്ചു. അത് ഇന്ത്യയുടെ നെറുകിൽ ഒരു സിന്ദൂരതിലകമണിയിച്ചു.

ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം. 108 വർഷത്തെ ഒരു രാജ്യത്തിന്റെ കാത്തിരിപ്പാണ് അവിടെ അവസാനിച്ചത്. ഗാലറിയിലെ സ്പീക്കറുകളിൽ ഹിന്ദി ഗാനം ഒഴുകിയെത്തി. ഇന്ത്യക്കാർ ആഹ്ലാദ നൃത്തം ചവിട്ടുന്നു. അപ്പോൾ ഒരാൾ മാത്രം അമിതമായ അഹ്ലാദമൊന്നുമില്ലാതെ ചെറുപുഞ്ചിരിയുമായി നിൽക്കുകയായിരുന്നു– ബിന്ദ്ര!

അവസാന ഷോട്ടുകൾ കഴിഞ്ഞപ്പോൾ മുഷ്ടി ചുരുട്ടി കാണിച്ചതല്ലാതെ പിന്നീട് വലിയ ആഹ്ലാദമൊന്നും ആ മുഖത്തു കണ്ടില്ല. മെഡൽ വാങ്ങുമ്പോഴും ബിന്ദ്രയിൽ ആവേശമൊന്നും കണ്ടില്ല. 

ഫൊട്ടോഗ്രഫർമാർ നിരാശരായി ക്യാമറ മാറ്റി, ചിലർ മടങ്ങി. പെട്ടെന്ന് അതുവരെ പിടിച്ചുവച്ച ആഹ്ലാദവും അഭിമാനവും ഒരു നിമിഷം ആ മുഖത്ത് മിന്നി മാഞ്ഞു. ക്ലിക്ക്. ആ അപൂർവ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞു. 

ഓഗസ്റ്റ് 12

തലേന്നത്തെ മെഡൽ അപ്രതീക്ഷിതമെങ്കിൽ ഇതു പ്രതീക്ഷയുടെ ദിനമാണ്. ലഫ്. കേണൽ രാജ്യവർധൻ സിങ് റാത്തോഡ് മത്സരത്തിനിറങ്ങുന്നു. ആതൻസ് ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനം കാത്ത വെള്ളി മെഡൽ ജേതാവ്. ഉദ്ഘാടനച്ചടങ്ങിൽ പതാകയുമായി ഇന്ത്യൻ സംഘത്തെ നയിച്ചത് റാത്തോഡ് ആയിരുന്നു. അതിനു തലേന്ന് അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു.

തോക്കു ചൂണ്ടിയുള്ള ആ നിൽപിൽ തന്നെയുണ്ട് സൈനികന്റെ ഗാംഭീര്യം. നല്ല ഷോട്ടുകൾ, പക്ഷേ ഇടയ്ക്ക് ഒന്നുരണ്ടെണ്ണം പിഴച്ചു. അതോടെ താളം തെറ്റി. യോഗ്യതാ റൗണ്ടിലെത്താതെ പുറത്ത്. കാത്തു നിന്ന പത്രക്കാർക്ക് അരികിലേക്ക് അദ്ദേഹം വന്നു. ഒന്നിനെയും കുറ്റപ്പെടുത്താതെ തോൽവി സ്വയം ഏറ്റെടുത്തു. വെടിയുണ്ടകൾക്കു മുന്നിൽ പതറാത്ത ലഫ്. കേണലിന്റെ സ്വരം ഒരു നിമിഷം പതറി. അദ്ദേഹം തിരിഞ്ഞു നടന്നു. തന്റെ കണ്ണുകൾ നനഞ്ഞത് അദ്ദേഹം കാണിച്ചില്ല.

രണ്ടു മിനിറ്റു കഴിഞ്ഞു; മുഖം കഴുകി റാത്തോഡ് തിരിച്ചു വന്നു. ക്യാമറയ്ക്കു മുന്നിലൂടെ ചിരിവരുത്തി കടന്നുപോയ റാത്തോഡിനു നേരെ ഞാൻ കൈനീട്ടി. വേദന ഒളിപ്പിച്ച പുഞ്ചിരിയോടെ അദ്ദേഹം കൈ തന്നു; ബലിഷ്ഠമായ ഒരു ഷെയ്ക്ക്ഹാൻഡ്.

പിൻകുറിപ്പ്

2015 ഡൽഹി. വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഫൊട്ടോഗ്രഫി അവാർഡ് ചടങ്ങ്. അവാർഡ് സമ്മാനിക്കുന്നത് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയും സഹമന്ത്രി രാജ്യവർധൻ സിങ് റാത്തോഡും. അവാർഡ് ജേതാക്കളുടെ ഫോട്ടോസെഷൻ നടക്കുന്നതിനിടയിൽ ഒരു കോൾ. മന്ത്രിയുടെ സെക്രട്ടറിയാണ്. നിങ്ങളെ കൂട്ടിക്കൊണ്ടു ചെല്ലാൻ റാത്തോഡ് പറഞ്ഞിരിക്കുന്നു. ഔദ്യോഗിക വസതിയിൽ എന്നെയും കാത്ത് അദ്ദേഹവും മകനും. അന്നത്തെ കുറച്ചു ചിത്രങ്ങൾ മൊബൈലിൽ ഉണ്ടായിരുന്നത് കാട്ടിക്കൊടുത്തു.  അതിൽ അന്നത്തെ കണ്ണീർ ചിത്രവും ഉണ്ടായിരുന്നു. റാത്തോഡ് കുറെനേരം ആ ചിത്രം നോക്കിയിരുന്നു. ഒളിംപിക്സ് ചിത്രങ്ങളൊന്നും തന്റെ കയ്യിൽ ഇല്ലെന്നും കുറച്ചു ചിത്രങ്ങൾ തരാമോയെന്നും അഭ്യർഥന. മനോരമയിൽ ഇക്കാര്യം അറിയിച്ചു. ചിത്രങ്ങൾ വലിയ വലുപ്പത്തിൽ ഡൽഹിയിൽ എത്തി. അദ്ദേഹത്തിന്റെ ഓഫിസിലെയും വസതിയിലെയും ചുമരുകളിൽ ആ ചിത്രങ്ങൾ ഇപ്പോഴുണ്ട്. 

English Summary: 2018 olympics, Bindra, Rathore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com