ADVERTISEMENT

2016 റിയോ ഡി ജനീറോ ഒളിംപിക്സിലെ മായാക്കാഴ്ചകൾ  ഓർത്തെടുക്കുന്നു, ലോകകായികമേള റിപ്പോർട്ട് ചെയ്ത മനോജ് തെക്കേടത്ത്....

കാണാതെ പോയൊരു മുഖവും കണ്ട ഒട്ടേറെ മുഖങ്ങളുമാണു റിയോയുടെ ഗൃഹാതുര സ്മൃതി. അമ്മമാരിൽനിന്നു നവജാതശിശുക്കളിലേക്കു പടരുന്ന മാരകമായ സിക വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്നു ബ്രസീൽ അക്കാലത്ത്. കൊതുകു വഴി പരക്കുന്ന ആ രോഗത്തിന്റെ പേരിൽ ഒളിംപിക്സ് മാറ്റിവയ്ക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ബ്രസീൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു. കരയിലെ വേഗരാജാവ് ഉസൈൻ ബോൾട്ടിന്റെയും ജലരാജാവ് മൈക്കൽ ഫെൽപ്സിന്റെയും അവസാന ഒളിംപിക്സുകളുടെ ഓർമ കൂടിയാണ് റിയോ.

ബ്രസീലിന്റെ ഹൃദയനഗരമാണു റിയോ ഡീ ജനീറോ. റിയോയുടെ ജീവനാകട്ടെ, മാറക്കാന സ്റ്റേഡിയവും. 

ജർമനിയെ ഷൂട്ടൗട്ടിൽ കീഴടക്കി ബ്രസീൽ കന്നി ഒളിംപിക്സ് ഫുട്ബോൾ കിരീടം നേടുമ്പോൾ അക്ഷരാർഥത്തിൽ ബ്രസീലുകാരൻ തന്നെയായിരുന്നു ഞാൻ. അവസാന ഗോൾ നെയ്മർ നേടുമ്പോൾ അലറിവിളിച്ചത് ഇപ്പോഴും ഓർമയുണ്ട്. 

എന്നാൽ, ഒളിംപിക് സ്റ്റേഡിയത്തിൽ ഉസൈൻ ബോൾട്ടിന്റെ മാന്ത്രികച്ചുവടുകൾക്കു സാക്ഷിയായപ്പോൾ‌ കറതീർന്ന ജമൈക്കക്കാരനായി മാറി ഞാൻ. 

ഇവരെയൊക്കെയും മാറ്റിനിർത്താം. ഇവർ ലോകത്തിന്റെ താരങ്ങളാണല്ലോ... ബ്രസീലിന്റെ കരുതലിന്റെ തിളക്കമായി ഉള്ളിലുള്ള ഒരു മുഖത്തെക്കുറിച്ചാണു പറ​ഞ്ഞുവരുന്നത്. ഒളിംപിക്സ് കൊടിയേറി ഏറെക്കഴിയും മുൻപാണ്. ബാഹയിലെ ഒളിംപിക് വില്ലേജിൽനിന്നു താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്നു. ബസിനുള്ളിലേക്ക് അർധരാത്രിയുടെ  ശീതക്കാറ്റ്. 

ക്യാമറയും വലിയ ലെൻസും  തൂക്കിപ്പിടിച്ചുനിൽക്കുന്ന ഫൊട്ടോഗ്രഫർ ആർ.എസ്.ഗോപനോടും എന്നോടുമായി സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെ സീറ്റൊഴിഞ്ഞുതന്ന ബ്രസീലിയൻ പെൺകുട്ടി ഫാത്തിമ. ക്യാമറയും ഫോണുമൊക്കെ ആരെങ്കിലും തട്ടിയെടുക്കാൻ സാധ്യതയുണ്ടെന്നും ബാഗിലാക്കി നെഞ്ചോടു ചേർത്ത് പിടിക്കണമെന്നും വായുവിൽ വരച്ചുകാട്ടിയ മിടുക്കി. ഇപ്പോഴും മനസ്സു വിട്ടിറങ്ങിയിട്ടില്ല, പുസ്തകങ്ങൾ നിറച്ച ബാഗ് കാലിയാക്കി നൽകിയശേഷം ക്യാമറ അതിൽ സൂക്ഷിക്കാൻ പറഞ്ഞ് ഇറങ്ങിപ്പോയ ആ കരുതലാർന്ന നോട്ടം. 

ഇനിയാണു കാണാതെപോയ മുഖത്തെക്കുറിച്ച് പറയേണ്ടത്. ക്ഷണനേരം കൊണ്ടു നഷ്ടമായൊരു മുഖം. ഒളിംപിക്സ് തുടങ്ങുന്നതിനു തൊട്ടുമുൻപുള്ള ദിവസങ്ങളിലൊന്നായിരുന്നു അത്. 

മീഡിയ സെന്ററിലെത്തുമ്പോൾ ഒരു ബ്രസീൽ പത്രപ്രവർത്തകനാണ് ഒഴുക്കൻ മട്ടിൽ പറഞ്ഞത്, പൗലോ കൊയ്‌ലോ വന്നിരുന്നെന്ന്. എവിടെയെന്നു ചോദിച്ച് മുന്നോട്ടു നീങ്ങിയപ്പൊഴേ അയാൾ പിൻവിളി വിളിച്ചു: കാറിൽ കയറിപ്പോയെന്ന്. ആൽക്കെമിസ്റ്റ് നൽകിയ മായാനുഭൂതിയുടെ ഓർമകളിൽ, തലയിൽ കൈവച്ചു നിൽക്കുമ്പോൾ ഇതിത്ര വല്യ കാര്യമാണോ എന്ന മട്ടിൽ റിയോക്കാരൻ കൂടിയായ ആ യുവാവ് നോക്കുന്നു. അയാൾക്കറിയില്ലല്ലോ; കൊയ്‌ലോ നമ്മുടെയൊക്കെ കുടുംബക്കാരനാണെന്ന്. എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണമനസ്സോടെ ആഗ്രഹിച്ചാൽ, അതു സഫലമാക്കാൻ ലോകം മുഴുവൻ അവന്റെ കൂടെനിൽക്കും  എന്ന കൊയ്‌ലോവാക്യം നമ്മുടെ ആപ്തവാക്യമാണെന്ന്. ഈ വാചകത്തിൽ തൊട്ട് ഒരു സിനിമ ഇങ്ങു കേരളത്തിൽ ഇറങ്ങുമെന്ന്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com