ADVERTISEMENT

അരക്കോടി പ്രഖ്യാപിച്ച് സച്ചിൻ

മഹാരാഷ്ട്ര സർക്കാരിന് 25 ലക്ഷം രൂപ നൽകിയ സച്ചിൻ തെൻഡുൽക്കർ, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 25 ലക്ഷം കൈമാറി. ഓസ്ട്രേലിയയിലെ കാട്ടുതീ ബാധിതർക്കായി നടത്തിയ മത്സരത്തിൽ പങ്കെടുത്തും സച്ചിൻ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിരുന്നു. 

സ്പെയിനെ രക്ഷിക്കാൻ നദാലും

കോവിഡ്മൂലം അപകടത്തിലായ സ്പെയിനായി കൈകോർക്കാൻ ആഹ്വാനം ചെയ്തു ടെന്നിസ് താരം റാഫേൽ നദാൽ. 1.20 കോടി ഡോളർ (ഏകദേശം 90 കോടി രൂപ) സമാഹരിക്കാൻ രാജ്യത്തെ മുഴുവൻ കായികതാരങ്ങളുടെയും സഹായം നദാൽ അഭ്യർഥിച്ചു. സെർബിയയിലെ കോവിഡ് പ്രതിരോധ പരിപാടികൾക്കായി ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് 10 ലക്ഷം ഡോളർ (ഏകദേശം 7.83 കോടി രൂപ) നൽകുമെന്നു പ്രഖ്യാപിച്ചു. 

ശമ്പളം സംഭാവന നൽകി ഹിമ

ഇന്ത്യയുടെ രാജ്യാന്തര സ്പ്രിന്റർ ഹിമ ദാസ് തന്റെ ഒരു മാസത്തെ ശമ്പളം അസം സർക്കാരിനു കൈമാറുമെന്നു പ്രഖ്യാപിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷനിലാണു താരത്തിനു ജോലി. ബംഗാൾ കായികമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ലക്ഷ്മി രത്തൻ ശുക്ല 3 മാസത്തെ എംഎൽഎ ശമ്പളവും ഒരു മാസത്തെ ബിസിസിഐ പെൻഷനും സംഭാവന നൽകാൻ തീരുമാനിച്ചു.

അന്നം നൽകി അലീം ദാ‍ർ

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടവർക്കു സൗജന്യ ഭക്ഷണമാണ് പാക്ക് ക്രിക്കറ്റ് അംപയർ അലീം ദാറിന്റെ വാഗ്ദാനം. ലഹോറിൽ അദ്ദേഹം നടത്തുന്ന ഹോട്ടലിലാണു സൗജന്യ ഭക്ഷണ വിതരണം. 

പിഎസ്ജിയുടെ ജഴ്സി വിറ്റു പോയി

പ്രത്യേക ടീം ജഴ്സികൾ വിറ്റ് കോവിഡ് പ്രതിരോധത്തിനായി 2.21 ലക്ഷം ഡോളർ (ഏകദേശം 1.66 കോടി രൂപ) സമാഹരിച്ചു കഴിഞ്ഞു ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജി. ക്ലബ്ബിന്റെ ഹോം ജഴ്സിയിൽ, ഓൾ ടുഗതർ (എല്ലാവരും ഒന്നിച്ച്) എന്നർഥം വരുന്ന ഫ്രഞ്ച് വാക്കുകൾ കൂടി ചേർത്തുള്ള പ്രത്യേക ഡിസൈനാണ് ഇതിന്. ഓൺലൈൻ വഴി വിൽപനയ്ക്കു വച്ച 1500 ജഴ്സികളും ഉടനടി വിറ്റുതീർന്നതായി ക്ലബ് അറിയിച്ചു. 

ധോണിക്ക് വിമർശനം

കോവിഡ് പ്രതിരോധത്തിനായി ഒരു ലക്ഷം രൂപ നൽകിയതിന്റെ പേരിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണിക്കെതിരെ വിമർശനം. സച്ചിനും ഗാംഗുലിയുമൊക്കെ 50 ലക്ഷം വീതം നൽകിയപ്പോൾ, കോടികളുടെ ആസ്തിയുള്ള ധോണി ഒരു ലക്ഷം രൂപ മാത്രം നൽകിയെന്നാണ് ആരോപണം. 

English Summary: Sports personalities donates to covid relief fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com