ADVERTISEMENT

രണ്ടു പെൺകുട്ടികൾ; സിറിയക്കാരി ഹെൻഡ് സസായും ഇംഗ്ലണ്ടിൽ നിന്നുള്ള സ്കൈ ബ്രൗണും. ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടിയ ഏറ്റവും പ്രായംകുറഞ്ഞ താരങ്ങൾ. ടേബി‍ൾ ടെന്നിസ് താരമാണ് പതിനൊന്നുകാരി സസാ.

അവളെക്കാൾ 5 മാസത്തിനു മൂത്ത സ്കൈ ബ്രൗൺ സ്കേറ്റ് ബോർഡിങ് താരവും. മഹാമേള ഒരു വർഷത്തേക്കു നീട്ടിയതോടെ റെക്കോർഡ് നഷ്ടപ്പെടുമെന്ന ആശങ്ക ഇരുവർക്കുമുണ്ട്. എങ്കിലും ലോകം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ പരിശീലനവുമായി മുന്നോട്ടാണിവർ.

സിറിയൻ വസന്തം

അമ്മാനിൽ നടന്ന പശ്ചിമേഷ്യൻ ഒളിംപിക് യോഗ്യതാ മത്സരത്തിൽ ലെബനന്റെ നാൽപ്പത്തിരണ്ടുകാരി മരിയാന സഹകിയാനെ തോൽപിച്ചാണു സസാ യോഗ്യത ഉറപ്പിച്ചത്. ഒളിംപിക്സിനു യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ടേബിൾ ടെന്നിസ് താരം! 5–ാം വയസ്സിൽ ടേബിൾ ടെന്നിസ് കളിച്ചു തുടങ്ങിയ പെൺകുട്ടിക്കായി ഇപ്പോൾ ദമാസ്കസിലെ വീട്ടിൽ 6 ബോർഡുകൾ ഒരുക്കിയിട്ടുണ്ട്.

യുദ്ധവും ഭീകരാക്രമണവും മൂലം താളംതെറ്റിയ ജീവിതത്തിൽ ടേബിൾ ടെന്നിസായിരുന്നു അവളുടെയും കുടുംബത്തിന്റെയും ആശ്രയം. 2009ൽ ജനിച്ച സസാ ലോക റാങ്കിങ്ങിൽ ഇപ്പോൾ 155–ാം സ്ഥാനത്താണ്. പക്ഷേ, യോഗ്യതാ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴി‍ഞ്ഞു. കെഡറ്റ് മുതൽ സീനിയർ വരെ എല്ലാ ദേശീയ ചാംപ്യൻഷിപ്പുകളിലും ജേതാവായ ആദ്യത്തെ സിറിയൻ താരമാണു സസാ. 

ആകാശമാണ് അതിര്

ഒളിംപിക്സിൽ അരങ്ങേറ്റം കുറിക്കുന്ന സ്കേറ്റ് ബോർഡിങ്ങിലൂടെ റെക്കോർഡ് ബുക്കിലേക്കു കയറാനൊരുങ്ങുകയായിരുന്നു സ്കൈ ബ്രൗൺ എന്ന ഇംഗ്ലണ്ടുകാരി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനൽ സ്കേറ്റ് ബോർഡർ. 

ഇൻസ്റ്റഗ്രാമിൽ നാലേമുക്കാൽ ലക്ഷം ഫോളോവേഴ്സുമായി ചെറുപ്രായത്തിൽതന്നെ താരമായ ബ്രൗൺ ബ്രിട്ടിഷ് ടീമിനൊപ്പമാകും ഒളിംപിക്സിന് ഇറങ്ങുക. താരത്തിന്റെ പിതാവ് ഇംഗ്ലിഷുകാരനും അമ്മ ജപ്പാൻകാരിയുമാണ്. ജപ്പാനിലും യുഎസിലും താമസിച്ചിട്ടുണ്ടെങ്കിലും നിലവിൽ മാതാപിതാക്കൾക്കൊപ്പം ഇംഗ്ലണ്ടിലാണു ബ്രൗൺ. 3–ാം വയസ്സി‍ൽ ബോർഡിൽ പ്രകടനം തുടങ്ങിയ ബ്രൗൺ അതിവേഗമാണു പ്രതിഭ തെളിയിച്ചത്.  

ടോക്കിയോ ഒളിംപിക്സ്: പുതിയ തീയതിയായി

∙ 2021 ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെ

ടോക്കിയോ ∙ കോവിഡ്മൂലം മാറ്റിവച്ച ഈ വർഷത്തെ ഒളിംപിക്സ് അടുത്ത വർഷം ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെ നടത്താൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും ജപ്പാനും തീരുമാനിച്ചു. 

   ഈ വർഷം ജൂലൈ 24 മുതൽ ഓഗസ്റ്റ് 9 വരെയാണ് ഒളിംപിക്സ് നടക്കേണ്ടിയിരുന്നത്.  അടുത്ത വർഷവും ടോക്കിയോ 2020 എന്നു തന്നെയായിരിക്കും ഒളിംപിക്സ് അറിയപ്പെടുക. 

ഇതോടൊപ്പം നടക്കാറുള്ള പാരാലിംപിക്സിന്റെ പുതിയ തീയതിയും പ്രഖ്യാപിച്ചു: 

2021 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 5 വരെ (പഴയ തീയതി: 2020 ഓഗസ്റ്റ് 25–സെപ്റ്റംബർ 6). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com