ADVERTISEMENT

ലണ്ടൻ ∙ ഒളിംപിക്സ് വേദി ടോക്കിയോ നേടിയെടുത്തതിനു പിന്നിൽ കൈക്കൂലി ഇടപാടുകൾ നടന്നതായി ആരോപണം. വേദി കിട്ടാൻ ‘ലോബിയിങ്’ (കോർപറേറ്റ് ഇടപാടുകൾ ലഭിക്കാനുള്ള സ്വാധീനിക്കൽ) നടത്തിയതിനു ജപ്പാനിലെ ബിസിനസുകാരന് 82 ലക്ഷം ഡോളർ (ഏകദേശം 62 കോടി രൂപ) സംഘാടക സമിതി കൈമാറിയെന്ന വിവരം പുറത്തുവിട്ടത് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ്. ലോക അത്‍ലറ്റിക് സംഘടനയുടെ മുൻ പ്രസിഡന്റ് ലമീൻ ഡിയാക്കിനെ സ്വാധീനിച്ചെന്ന ആരോപണങ്ങളിൽ ഫ്രാൻസിൽ അന്വേഷണം തുടങ്ങി. കോവിഡ്മൂലം അടുത്തമാറ്റിയ ടോക്കിയോ ഒളിംപിക്സ് 2021 ജൂലൈ 23നാണ് തുടങ്ങേണ്ടത്.

∙ ആരോപണങ്ങൾ

1. വേദി നേടിക്കൊടുത്തതിനു പ്രത്യുപകാരമായി ഹറ്യൂക്കി താകഹാഷി എന്ന ബിസിനസുകാരനു സംഘാടക സമിതി 82 ലക്ഷം ഡോളർ നൽകി.

2. താകഹാഷി ഇടപാടു നടത്തിയത് ലോക അത്‍ലറ്റിക് സംഘടനയുടെ (പഴയ ഐഎഎഎഫ്) മുൻ പ്രസിഡന്റ് ലമീൻ ഡിയാക്കുമായി. റിയോ ഒളിംപിക്സുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ടയാളാണു ഡിയാക്.

3. 2020ലെ ഒളിംപിക്സ് വേദി തീരുമാനിക്കുന്നതിനുള്ള വോട്ടെടുപ്പിനു തലേന്ന് ഡിയാക് യോഗം വിളിച്ച് ചിലരെ സ്വാധീനിക്കാൻ ശ്രമിച്ചു.

4. വോട്ടെടുപ്പു ദിവസം ‍‍ഒരു ജാപ്പനീസ് കമ്പനിയുടെ വാച്ചുകൾ പ്രതിനിധികൾക്കു സമ്മാനമായി ജപ്പാൻ അധികൃതർ നൽകി. ഡിയാക്കിനു ഡിജിറ്റൽ ക്യാമറയും.

5. ഡിയാക്കിന്റെ പിന്തുണ നേടാൻ 23 ലക്ഷം ഡോളർ (ഏകദേശം 17.34 കോടി രൂപ) കൈമാറി. ജപ്പാൻ മുൻ പ്രധാനമന്ത്രി യോഷിരോ മോറിയും ഇടപാടിൽ ഉൾപ്പെട്ടു.

∙ അന്വേഷണം തുടരുന്നു

സെനഗൽ സ്വദേശിയായ ലമീൻ ഡിയാക്കിനെതിരെ 2015 മുതൽ ഫ്രാൻസിൽ അന്വേഷണം നടക്കുന്നുണ്ട്. മരുന്നടി കേസിൽ റഷ്യൻ അത്‌ലീറ്റുകൾക്കെതിരെയുള്ള ഉത്തരവ് വൈകിപ്പിച്ച്, അവർക്കു ലണ്ടൻ ഒളിംപിക്സിൽ പങ്കെടുക്കാൻ അവസരമൊരുക്കിയെന്ന കേസി‍ൽ അദ്ദേഹം ഇപ്പോൾ വിചാരണ നേരിടുകയാണ്. ഫ്രാൻ‍സിൽ ഡിയാക് ഇപ്പോൾ വീട്ടുതടങ്കലിലാണ്.

∙ ലോകകപ്പിലും അഴിമതി

2022ലെ ഫുട്ബോൾ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതിലും ക്രമക്കേടുകൾ ഉയർന്നിരുന്നു. തുടർന്ന്, യൂറോപ്യൻ ഫുട്ബോൾ ഭരണസമിതി (യുവേഫ) മുൻ പ്രസിഡന്റും ഫ്രഞ്ച് ഇതിഹാസതാരവുമായ മിഷേൽ പ്ലാറ്റിനി അറസ്റ്റിലായി. ഫിഫ അംഗങ്ങളെ സാമ്പത്തികമായി സ്വാധീനിച്ചാണു വേദി നേടിയെടുത്തതെന്നാണ് ആരോപണം.

English Summary: Japan businessman admits giving gifts for successful Tokyo Olympic bid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com